കുനിയുന്നതും നിവരുന്നതും ആരോഗ്യത്തിന് നല്ലതാണ്…എന്നാൽ ഇങ്ങനെ കുനിഞ്ഞാൽ ഒടിഞ്ഞു പോകും; വി.ശിവൻകുട്ടി
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദര്‍ശിക്കവെ രജനീകാന്ത് അദ്ദേഹത്തിന്റെ കാല് തൊട്ട് വന്ദിച്ചിരുന്നു. സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനത്തിന് അത് ഇടയാക്കിയിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ച് കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ‘‘കുനിയുന്നതും നിവരുന്നതും ആരോഗ്യത്തിന് നല്ലതാണ്…എന്നാൽ ഇങ്ങനെ കുനിഞ്ഞാൽ ഒടിഞ്ഞു പോകും..!’’–ഇതായിരുന്നു മന്ത്രിയുടെ പ്രതികരണം.
ഹുക്കും, ജയിലർ എന്നീ ഹാഷ്ടാഗുകളും കുറിപ്പിനൊപ്പം മന്ത്രി പങ്കുവച്ചിട്ടുണ്ട്. നിരവധി ആളുകളാണ് വിഷയത്തില്‍ പ്രതികരണമായി എത്തിയത്. കൂടുതൽ ആളുകളും രജനിയുടെ പ്രവർത്തി മോശമായിപ്പോയെന്നാണ് അഭിപ്രായപ്പെടുന്നത്.
നേരത്തെ ‘ജയിലർ’ സിനിമ കണ്ട ശേഷവും പ്രതികരണവുമായി ശിവൻകുട്ടി എത്തിയിരുന്നു. ‘ജയിലർ’ വിനായകന്റെ സിനിമയെന്നായിരുന്നു മന്ത്രി അഭിപ്രായപ്പെട്ടത്.
യോഗി ആദിത്യനാഥിന്റെ ലഖ്നൌവിലെ വീട്ടിലാണ് രജനി അതിഥിയായി എത്തിയത്. രജനികാന്ത് നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം ജയിലറിന്റെ പ്രത്യേക പ്രദര്‍ശനവും ലഖ്നൌവില് നടന്നിരുന്നു. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൌര്യ അവിടെ ചിത്രം കാണാന്‍ എത്തി. യോഗി ആദിത്യനാഥുമായുള്ള രജനിയുടെ കൂടിക്കാഴ്ചയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ കാര്യമായി പ്രചരിച്ചിരുന്നു. അതേസമയം സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെയും രജനി സന്ദര്‍ശിച്ചു. ലഖ്നൗവിലെ അഖിലേഷിന്റെ വസതിയില്‍ എത്തിയായിരുന്നു സന്ദര്‍ശനം.
