News
‘ജയിലര്‍’ ചിത്രത്തിനെതിരെ മദ്രാസ് ഹൈക്കോടതിയില്‍ പരാതി
‘ജയിലര്‍’ ചിത്രത്തിനെതിരെ മദ്രാസ് ഹൈക്കോടതിയില്‍ പരാതി
‘ജയിലര്‍’ ചിത്രത്തിനെതിരെ മദ്രാസ് ഹൈക്കോടതിയില്‍ പരാതി. ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനെതിരെയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ചിത്രത്തില്‍ ക്രൂരമായ കൊലപാതക ദൃശങ്ങള്‍ ഉള്ളതിനാല്‍ എ സര്‍ട്ടിഫിക്കറ്റ് നല്‍കണം എന്നാണ് പരാതിയില്‍ പറയുന്നത്.
അഭിഭാഷകനായ എം.എല്‍ രവിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. യുഎ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാണ് അഭിഭാഷകന്റെ ആവശ്യം. സിനിമയില്‍ തല അറക്കുന്നതായും ചെവി മുറിക്കുന്നതായുമുള്ള രംഗങ്ങളുണ്ട്.
ഈ രംഗങ്ങള്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തികളെ മഹത്വവല്‍ക്കരിക്കുകയും പ്രോത്സാഹിപ്പിക്കുന്നതുമാണ് എന്നാണ് അഭിഭാഷകന്‍ പറയുന്നത്. അതുകൊണ്ട് ചിത്രത്തിന്റെ യുഎ സര്‍ട്ടിഫിക്കറ്റ് പിന്‍വലിക്കണമെന്നും ഈ കേസില്‍ തീരുമാനം എടുക്കുന്നത് വരെ പ്രദര്‍ശനം നിര്‍ത്തി വയ്ക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്തയാഴ്ച ആദ്യമാകും ഈ ഹര്‍ജി പരിഗണിക്കുക.
ജയിലര്‍ 500 കോടി നേട്ടത്തിലേക്ക് അടുക്കുന്നതിനിടെയാണ് മദ്രാസ് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി എത്തിയിരിക്കുന്നത്.
ടൈഗര്‍ മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന കഥാപാത്രമായാണ് രജനികാന്ത് ജയിലറില്‍ എത്തിയത്. സാധാരണക്കാരനായി വിശ്രമ ജീവിതം നയിക്കുന്നയാള്‍ സംഭവബഹുലമായ വഴിത്തിരിവിലൂടെ നീങ്ങുന്നതാണ് ജയിലറിന്റെ പ്രമേയം. വിനായകന്റെ വില്ലന്‍ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.ശിവരാജ് കുമാറിന്റെയും മോഹന്‍ലാലിന്റെയും കാമിയോ റോളുകള്‍ കൈയ്യടികള്‍ നേടിയിരുന്നു.
