News
ഹോളിവുഡ് സംവിധായകൻ വില്യം ഫ്രീഡ്കിൻ അന്തരിച്ചു
ഹോളിവുഡ് സംവിധായകൻ വില്യം ഫ്രീഡ്കിൻ അന്തരിച്ചു
ഹോളിവുഡ് സംവിധായകൻ വില്യം ഫ്രീഡ്കിൻ അന്തരിച്ചു. ലോസ് ഏഞ്ചൽസിൽ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ഏതാനും വർഷങ്ങളായി അദ്ദേഹം അസുഖങ്ങൾ മൂലം ചികിത്സയിലായിരുന്നു. മരണകാരണം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഓസ്‌കർ, ഗോൾഡൻ ഗ്ലോബ് പുരസ്‌കാര ജേതാവാണ് വില്യം ഫ്രീഡ്കിൻ
1960കളുടെ തുടക്കത്തിൽ ഡോക്യുമെന്ററികളിലൂടെയാണ് വില്യം ഫ്രീഡ്കിൻ തന്റെ കരിയർ ആരംഭിച്ചത്. 1971ൽ അദ്ദേഹം സംവിധാനം ചെയ്ത ത്രില്ലർ ചിത്രം ദി ഫ്രഞ്ച് കണക്ഷൻ ഏറെ ശ്രദ്ധിക്കപ്പെട്ടു. ചിത്രത്തിന് മികച്ച സംവിധായകൻ എന്നിവയുൾപ്പെടെ അഞ്ച് അക്കാദമി അവാർഡുകൾ നേടി. 1973ൽ അദ്ദേഹം ഒരുക്കിയ ഹൊറർ ചിത്രമായ ദി എക്സോർസിസ്റ്റ് മികച്ച സംവിധായകനുള്ള അക്കാദമി അവാർഡിന് നോമിനേറ്റ് ചെയ്യപ്പെട്ടിരുന്നു.
ദി ബോയ്സ് ഇൻ ദ ബാൻഡ് (1970), സോർസറർ (1977), ദി ബ്രിങ്ക്സ് ജോബ് (1978), ക്രൂയിസിംഗ് (1980), ബഗ് (2006), കില്ലർ ജോ (2011) തുടങ്ങിയ ചിത്രങ്ങളും അദ്ദേഹം ഒരുക്കിയിട്ടുണ്ട്. ആഗസ്റ്റ് 30-ന് ആരംഭിക്കുന്ന വെനീസ് ഫിലിം ഫെസ്റ്റിവലിൽ തന്റെ ഏറ്റവും പുതിയ ചിത്രമായ ‘ദി കെയ്ൻ മ്യൂട്ടിനി കോർട്ട്-മാർഷ്യൽ’ പ്രദർശനത്തിന് എത്തും മുമ്പെയാണ് ഫ്രീഡ്കിൻ വിടവാങ്ങുന്നത്.
