News
മൂന്ന് ദിവസമായി തന്‍റെ ഫോണിലേക്ക് അസഭ്യവർഷവും കൊലവിളിയും, പരാതിയുമായി സുരാജ് വെഞ്ഞാറമൂട്
മൂന്ന് ദിവസമായി തന്‍റെ ഫോണിലേക്ക് അസഭ്യവർഷവും കൊലവിളിയും, പരാതിയുമായി സുരാജ് വെഞ്ഞാറമൂട്
നടൻ സുരാജ് വെഞ്ഞാറമൂടാണ് ഇപ്പോൾ വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്നത്. ഫോണിൽ വിളിച്ച് അസഭ്യ വർഷം നടത്തിയെന്നാരോപിച്ച് നടൻ സുരാജ് വെഞ്ഞാറമൂട് നൽകിയ പരാതിയിൽ സൈബർ പൊലീസ് കേസെടുത്തിരിക്കുകയാണ്. കാക്കനാട് സൈബർ സൈബർ ക്രൈം പൊലീസ് ആണ് നടന്‍റെ പരാതിയിൽ കേസെടുത്തത്. കഴിഞ്ഞ മൂന്ന് ദിവസമായി തന്‍റെ ഫോണിലേക്കും വാട്ട്സ്ആപ്പ് കോളു വഴിയും അനോണിമസ് നമ്പരുകളിൽ നിന്നും അസഭ്യവർഷവും കൊലവിളിയും നടത്തുന്നുവെന്നാണ് പരാതി. സംഭവത്തിൽ മൊബൈൽ ഫോണ്‍ നമ്പരുകള്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.
വാട്ട്സ്ആപ്പിലൂടെ വിദേശത്തുനിന്നടക്കം ഭീഷണി ഫോണ്‍ കോളുകളും ചീത്തവിളികളും നിരന്തരമായി എത്തിയതോടെയാണ് പരാതി സുരാജ് വെഞ്ഞാറമൂട് പരാതി നല്‍കിയത്. താരത്തിന്‍റെ ഫോണ്‍ നമ്പർ ഫേസ്ബുക്ക് പേജിൽ പ്രസിദ്ധപ്പപ്പെടുത്തി തെറിവിളിക്കാൻ ആഹ്വാനം ചെയ്തയാള്‍ക്കെതിരയും പരാതി നല്‍കിയിട്ടുണ്ട്. ഫോണ്‍ നമ്പരുകളും സമൂഹമാധ്യമ അക്കൌണ്ടുകളും കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ടെന്ന് കാക്കനാട് സൈബർ പൊലീസ് പറഞ്ഞു. മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ ആള്‍ക്കൂട്ടം റോഡിലൂടെ നഗ്‌നരാക്കി നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് സുരാജ് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെയാണ് വലിയ രീതിയിലുള്ള സൈബർ ആക്രമണം നടന്നത്.
അതെ സമയം കഴിഞ്ഞ ദിവസമാണ് നടൻ സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ചിരുന്ന വാഹനം ഇടിച്ച് ബൈക്ക് യാത്രികനായ യുവാവിന് പരുക്കേറ്റത്. എറണാകുളം പാലാരിവട്ടത്തുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ മലപ്പുറം മഞ്ചേരി സ്വദേശി ശരത്തിനാണ് പരിക്കേറ്റത്. വാഹനാപകടത്തെ തുടർന്ന് നടൻ സുരാജ് വെഞ്ഞാറമൂടിന്റെ കാർ മോട്ടോർ വാഹനവകുപ്പ് പരിശോധിച്ചിരിക്കുകയാണ്. സുരാജിന് കാരണം കാണിക്കൽ നോട്ടിസ് നൽകുമെന്നും. ഗതാഗത നിയമങ്ങളെ കുറിച്ചുള്ള ക്ലാസ്സിലും സുരാജ് പങ്കെടുക്കണമെന്നും മോട്ടോർ വാഹനവകുപ്പ് അറിയിച്ചു. അപകടത്തിൽ പരിക്കേറ്റയാള്‍ ചികിത്സയിലാണ്.
നടനെതിരെ പൊലീസ് കേസെടുത്തിരുന്നു. അലക്ഷ്യമായി വാഹനമോടിച്ചതിനാണ് കേസ്.
ശനിയാഴ്ച രാത്രി 12 മണിയോടെ പാലാരിവട്ടത്താണ് അപകടം നടന്നത്. സുരാജ് വെഞ്ഞാറമൂട് കാറില്‍ തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്നു. ഈ സമയം എതിര്‍ ദിശയില്‍ സഞ്ചരിച്ചിരുന്ന ബൈക്കുമായാണ് കാര്‍ കൂട്ടിയിടിച്ചത്. ബൈക്കില്‍ യാത്ര ചെയ്തിരുന്ന ശരത്തിന്റെ കാലിന് സാരമായ പരിക്കേറ്റിട്ടുണ്ട്. അദ്ദേഹത്തെ പാലാരിവട്ടം പൊലീസ് സ്റ്റേഷന് സമീപത്തു തന്നെയുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശരത്തിന്റെ കാലിന് ശസ്ത്രക്രിയ വേണ്ടി വരുമെന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചത്. അപകടത്തില്‍ സുരാജ് വെഞ്ഞാറമൂടിന് കാര്യമായ പരിക്കുകളില്ല. എന്നാല്‍ അദ്ദേഹവും ആശുപത്രിയില്‍ എത്തിയിരുന്നു.
