News
വിഖ്യാത ഇറ്റാലിയന്‍ കമ്പോസറും ഓസ്കര് ജേതാവുമായ ഇനിയോ മോറികോണ് അന്തരിച്ചു
വിഖ്യാത ഇറ്റാലിയന്‍ കമ്പോസറും ഓസ്കര് ജേതാവുമായ ഇനിയോ മോറികോണ് അന്തരിച്ചു
ഇറ്റാലിയന്‍ കമ്പോസറും ഓസ്കര് ജേതാവുമായ ഇനിയോ മോറികോണ് (91) ഓര്‍മയായി. ക്ലാസിക് ഹോളിവുഡ് സിനിമകള്‍ക്ക് സംഗീതമൊരുക്കിയ ഇനിയോ മോറികോണ് ഒരു വീഴ്ചയെ തുടര്‍ന്ന് ആശുപത്രി ചികില്‍സയിലായിരുന്നു. അവിടെ വച്ച് ആരോഗ്യനില വഷളായി മരിക്കുകയായിരുന്നു. വീഴ്ചയില്‍ മോറികോണിന്റെ കാലൊടിഞ്ഞിരുന്നു.
സ്പാഗെട്ടി വെസ്റ്റേണ്‍ സിനിമകളുടെ തലതൊട്ടപ്പനായി വാഴ്ത്തപ്പെടുന്ന സെര്‍ജിയോ ലിയോണിനൊപ്പമുള്ള കൂട്ടുകെട്ടാണ് മോറികോണിന്റെ സ്പാഗെറ്റി വെസ്റ്റേണ്‍ പശ്ചാത്തലസംഗീതത്തെ അടയാളപ്പെടുത്തുന്നത്. സെര്‍ജിയോ ലിയോണിനൊപ്പമുള്ള വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ അമേരിക്ക, ദ് ഗുഡ്, ബാഡ് ആന്‍ഡ് അഗ്ലി, ബ്രയാന്‍ ഡെ പാല്‍മയുടെ അണ്‍ടച്ചബിള്‍സ്, ഗില്ലോ പോണ്ടെകോര്വോയുടെ ബാറ്റില്‍ ഓഫ് അള്‍ജയേഴ്സ്, എന്നിവ മോറികോണിന്റെ സംഗീതം കൊണ്ടു അനശ്വരമായ ഹോളിവുഡ് ക്ലാസിക്കുകളില്‍ ചിലത്. നാനൂറിലേറെ സിനിമകള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്.
സെര്‍ജിയോ ലിയോണ്‍, ബ്രയാന്‍ ഡി പാല്‍മ, ഗില്ലോ പോണ്ടെകോര്‍വോ, ക്വിന്ടിന് ടാരന്റിനോ, ക്ലിന്റ് ഈസ്റ്റ്വുഡ് തുടങ്ങിയ ഹോളിവുഡ് അതികായന്മാരുടെ വിഖ്യാത സിനിമകള്‍ക്ക് സംഗീതം നല്‍കിയാണ് മോറികോണ് ആസ്വാദകമനസുകളില് ഇടംപിടിച്ചിട്ടുള്ളത്. ടാരന്റിനോയുടെ’ദ് ഹെയ്റ്റ്ഫുള്‍ എയ്റ്റ്’ എന്ന സിനിമയ്ക്ക് 2016-ല്‍ മികച്ച മൗലിക പശ്ചാത്തലസംഗീതത്തിനുള്ള ഓസ്കര് നേടി. 2007-ല്‍ ആജീവനാന്ത സംഭാവനയ്ക്കുള്ള ഓസ്കറും നേടിയിരുന്നു.
