കാവ്യയെ ഇതുവരെ പ്രതി ചേര്‍ത്തിട്ടില്ല, അതിന് മുന്‍പ് തന്നെ കുടുംബത്തിലെ എല്ലാവരേയും കൊണ്ടുപോയ്‌ക്കോ എന്നൊക്കെ പറയുന്നത് ആരെ പിന്തുണയ്ക്കാനാണ് എന്നൊക്കെ എല്ലാവര്‍ക്കും മനസ്സിലാകും; പ്രകാശ് ബാരെ പറയുന്നു
നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം ഓരോ ദിവസവും നിർണ്ണായക ഘട്ടത്തിലേക്ക് നീങ്ങുകയാണ്. കേസിൽ ആദ്യഘട്ടത്തിലേക്കാൾ വേഗത്തിലാണ് ഇപ്പോൾ അന്വേഷണമെന്ന് നടൻ പ്രകാശ് ബാരെ പറയുന്നു. വേണ്ടുന്നത്ര തെളിവുകള്‍ ആദ്യഘട്ടത്തിൽ പോലീസിന് ശേഖരിക്കാന്‍ സാധിച്ചിട്ടില്ല. കേസിൽ ദിലീപിന് എന്തോ മറയ്ക്കാനുണ്ടെന്ന് പ്രകാശ് ബാരെ പറഞ്ഞു. ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ച വിഷയത്തിൽ ഒരു ചാനൽ ചർച്ചയിലാണ് പ്രകാശ് ബാരെയുടെ പ്രതികരണം.
പ്രകാശ് ബാരെയുടെ വാക്കുകള്‍
ലോകത്ത് എവിടെയും കാശുളളവന്റെ മുന്നില്‍ നിയമവും അന്വേഷണവുമെല്ലാം മുട്ട് മടക്കി നില്‍ക്കുന്ന കാഴ്ച നമ്മള്‍ കാണാറുണ്ട്. ഇന്ത്യയിലെ കാര്യവും വ്യത്യസ്തമല്ല. ആ ഒരു പശ്ചാത്തലത്തിലാണ് അഞ്ച് വര്‍ഷമായി പോലീസ് ഈ കേസില്‍ നടക്കുന്ന അന്വേഷണത്തെ നമ്മള്‍ നോക്കി കാണേണ്ടത്. പോലീസ് തലപ്പത്തുളളവര്‍ തന്നെ ഇടപെടാന്‍ ശ്രമിച്ചിട്ടുണ്ട്”.
”ഇത്രയും പ്രശസ്തനും പണക്കാരനും ബന്ധങ്ങളുമുളള ഒരാള്‍ക്ക് എതിരെ നീങ്ങുമ്പോള്‍ പോലീസിന് പല തടസങ്ങളുമുണ്ട്. ആ സെറ്റപ്പിലാണ് ആദ്യത്തെ അന്വേഷണം നടന്നത്. വേണ്ടുന്നത്ര തെളിവുകള്‍ അവര്‍ക്ക് ശേഖരിക്കാന്‍ സാധിച്ചിട്ടില്ല. ഉളള സാക്ഷികള്‍ പോലും കാശും കൊടുത്തും അല്ലാതെയും കോടതിയില്‍ വരുമ്പോള്‍ മൊഴി മാറ്റിയ ചിത്രമാണ് നമ്മള്‍ കാണുന്നത്”.
”ഈ കേസില്‍ നിന്ന് ദിലീപിന് ഒരു പരിക്കും പറ്റാതെ പുറത്ത് വരാനാകും എന്നുളള ഒരു നിലയിലായിരുന്നു നവംബറിലൊക്കെ കണ്ടുകൊണ്ടിരുന്നത്. ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുകള്‍ക്ക് ശേഷമാണ് മാറ്റമുണ്ടായത്. വ്യക്തിപരമായി ദിലീപാണ് കുറ്റക്കാരന്‍ എന്ന് തനിക്ക് പറയാന്‍ പറ്റില്ലെങ്കിലും തെളിവ് നശിപ്പിക്കുന്ന കാര്യത്തില്‍ തീര്‍ച്ചയായും കുറ്റക്കാരനാണ്. അത് നമ്മള്‍ കണ്ട് കൊണ്ടിരിക്കുകയാണ്”.
”ആ ഒരു സമീപനം പോലീസിനെ ശരിക്കും പ്രകോപിപ്പിക്കുന്നതാണ്. ആദ്യത്തെ നാല് വര്‍ഷത്തെ ഫലപ്രദമല്ലാത്ത അന്വേഷണത്തെ മറികടക്കാനുളള തെളിവുകളിലേക്ക് എത്തുന്നു. ഈ ഘട്ടത്തിലുളളത് ശാസ്ത്രീയമായ, ഡിജിറ്റലായിട്ടുളള, കൃത്രിമത്വം നടത്താന്‍ ബുദ്ധിമുട്ടുളള തെളിവുകളാണ്. അതൊരു പ്രതീക്ഷ നല്‍കുന്നു. ദിലീപിന് എന്തോ മറയ്ക്കാനുണ്ട്. കാരണം അതുകൊണ്ടാണ് അദ്ദേഹം ഇത്രയും ചെയ്തുകൊണ്ടിരിക്കുന്നത്”.
കേസ് കൊടുത്ത ഉടനെ ആറ് ഫോണുകള്‍ മാറുന്നു. അത് ഫോണ്‍ ചോദിച്ചപ്പോള്‍ തരില്ലെന്ന് പറയുന്നു. അതിലുളള ഡാറ്റ മുഴുവന്‍ ഡിലീറ്റ് ചെയ്യുന്നു. കൃത്യമായും അന്വേഷണത്തോട് സഹകരിക്കുകയല്ല ചെയ്യുന്നത്. അന്വേഷണത്തെ തടസ്സപ്പെടുത്തുകയാണ് ചെയ്യുന്നത്. അപ്പോള്‍ അവിടെ എന്തോ ഒളിക്കാനുണ്ട്. അന്ന് ദിലീപിനെ കസ്റ്റഡിയില്‍ കിട്ടിയിരുന്നുവെങ്കില്‍ ഇത്രയും തെളിവുകള്‍ നശിപ്പിക്കപ്പെടില്ലായിരുന്നു”.
”അന്വേഷണം വൈകുന്നതില്‍ ആര്‍ക്കാണ് പ്രശ്‌നം. ഊരിപ്പോയിട്ട് നാല് ബംബര്‍ ഹിറ്റ് സിനിമ ചെയ്യണം എന്ന് ആഗ്രഹിക്കുന്നതില്‍ ഒരു കുഴപ്പമില്ല. എന്നാല്‍ സമൂഹത്തിനും കോടതിക്കും അന്വേഷണ സംഘത്തിനും ഇതിലെ സത്യം പുറത്ത് കൊണ്ടുവരിക എന്നുളളതാണ് ഏറ്റവും പ്രധാനം. അതിനെ മാറ്റി വെച്ച് ഈ അന്വേഷണമൊക്കെ മതി എന്ന് പറയുന്ന സമീപനം ശരിയല്ല. എന്നത്തേക്കും ഇത് നീണ്ട് പോകരുത്. ഇതിനൊരു കണ്‍ക്ലൂഷന്‍ വേണമെന്നത് ശരിയാണ്”.
”കോടതി ഒരു തവണ കസ്റ്റഡിയിലേക്ക് കൊടുക്കില്ല എ്ന്ന് പറഞ്ഞതിന് ശേഷം വീണ്ടും അവിടേക്ക് ചെല്ലുന്നത് കൃത്യമായ തെളിവുകളോടെ ആയിരിക്കണം. ബോംബെയില്‍ പോകുന്നതിലും ഹാക്കറെ കണ്ടെത്തുന്നതിലുമൊക്കെയുളള അന്വേഷണ സംഘത്തിന്റെ വേഗത കഴിഞ്ഞ നാല് വര്‍ഷത്തിലേക്കാളും കൂടുതലാണ്. ആ തെളിവുകള്‍ കയ്യില്‍ കിട്ടിയ ശേഷം മാത്രമേ കോടതിയില്‍ പോയ ശേഷം അയാള്‍ ജാമ്യത്തിലിരുന്ന് കൊണ്ട് ചെയ്ത കാര്യങ്ങള്‍ കണ്ടോ എന്ന് പറഞ്ഞ് തെളിവുകള്‍ നല്‍കാനാകൂ”.
”കാവ്യയെ വിളിപ്പിച്ചിരിക്കുന്നത് സാക്ഷിയായിട്ടാണ്. ഒരുപാട് തെളിവുകള്‍ ഉണ്ടാവുകയും അത് നശിപ്പിക്കപ്പെടുകയും ചെയ്യുമ്പോള്‍ ആള്‍ക്കാരോട് സംസാരിച്ച് വ്യക്തത വരുത്തേണ്ട നടപടിയാണത്. കാവ്യയെ ഇതുവരെ പ്രതി ചേര്‍ത്തിട്ടില്ല. അതിന് മുന്‍പ് തന്നെ കുടുംബത്തിലെ എല്ലാവരേയും കൊണ്ടുപോയ്‌ക്കോ എന്നൊക്കെ പറയുന്നത് ആരെ പിന്തുണയ്ക്കാനാണ് എന്നൊക്കെ എല്ലാവര്‍ക്കും മനസ്സിലാകും”.
”ഇത്രയും പിടിപാടും പ്രശസ്തിയും പണവും ഉളള ഒരാള്‍ക്ക്, സിനിമാക്കാര്‍ക്കിടയില്‍, രാഷ്ട്രീയക്കാര്‍ക്കിടയില്‍, പോലീസിനിടയില്‍, കോടതിക്ക് അകത്ത് ഒക്കെ ഉളള സ്വാധീനം കാണാതിരുന്നു കൂട. ഫോറന്‍സിക് ലാബിന്റെ അകത്തുളള ആളുകള്‍ ദിലീപിലേക്ക് കോണ്‍ടാക്ട് ഉണ്ടായിട്ടുണ്ടെന്ന് പറയുന്നു. അതുകൊണ്ട് തന്നെയാണ് ഈ അന്വേഷണ സംഘം തങ്ങള്‍ക്ക് എതിരെ വരുന്നുവെങ്കില്‍ സിബിഐയിലേക്ക് എന്ന് പോകുന്നത്”.
