News
ചലച്ചിത്ര അക്കാദമി ചെയർമാനായി രഞ്ജിത്ത്; എം.ജി. ശ്രീകുമാറിന് നിയമനമായില്ല
ചലച്ചിത്ര അക്കാദമി ചെയർമാനായി രഞ്ജിത്ത്; എം.ജി. ശ്രീകുമാറിന് നിയമനമായില്ല
ചലച്ചിത്ര അക്കാദമി ചെയർമാനായി സംവിധായകനും നടനുമായ രഞ്ജിത്തിനെ നിയമിച്ച് സർക്കാർ ഉത്തരവായി. വെള്ളിയാഴ്ച രാവിലെ അദ്ദേഹം ചുമതലയേൽക്കും. എന്നാൽ സംഗീത നാടക അക്കാദമി ചെയര്‍മാന്‍റെ കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല.
ചലച്ചിത്ര അക്കാദമിയിൽ രഞ്ജിത്തിനെയും സംഗീത നാടക അക്കാദമിയിൽ ഗായകൻ എം.ജി. ശ്രീകുമാറിനെയും ചെയർമാൻമാരാക്കാൻ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചിരുന്നതാണ്. സംഗീത നാടക അക്കാദമി ചെയര്‍മാൻ സ്ഥാനം എംജി ശ്രീകുമാറിന് നൽകുന്നത് വിവാദമായിരുന്നു. സംവിധായകൻ കമലിന് പകരമാണ് രഞ്ജിത്തിനെ നിയമിച്ചിരിക്കുന്നത്
വ്യാഴാഴ്ച രഞ്ജിത്തിനെ നിയമിച്ച് ഉത്തരവിറക്കിയെങ്കിലും എം.ജി. ശ്രീകുമാറിന്റെ കാര്യത്തിൽ തീരുമാനം നീളുകയാണ്. ബി.ജെ.പി. അനുഭാവിയാണെന്നുപറഞ്ഞ് ശ്രീകുമാറിന്റെ നിയമനത്തിനെതിരേ സാമൂഹിക മാധ്യമങ്ങളിൽ വലിയ പ്രചാരണം ഉയർന്നിരുന്നു.
സാഹിത്യ അക്കാദമി ഉൾപ്പെടെ മറ്റു സാംസ്കാരിക സ്ഥാപനങ്ങളിലെ മാറ്റം സംബന്ധിച്ച തീരുമാനം വരുംദിവസങ്ങളിൽ ഉണ്ടാകും.
