News
പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല ഗുരുതരാവസ്ഥയിൽ
പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല ഗുരുതരാവസ്ഥയിൽ
പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമല ഗുരുതരാവസ്ഥയിൽ. നിലവിൽ എസ്കെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇപ്പോൾ അദ്ദേഹം വെന്റിലേറ്ററിലാണ് കഴിയുന്നതെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. ശ്വാസതടസത്തെ തുടർന്ന് 19 നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
മലയാളം എന്നുമോര്‍ക്കുന്ന എണ്ണമറ്റ ഗാനങ്ങളുടെ രചയിതാവാണ് ബിച്ചു തിരുമല. പല ഈണങ്ങളില്‍, രുചിഭേദങ്ങള്‍ക്കനുസരിച്ച് അദ്ദേഹം പാട്ടുകളെഴുതി. സംഗീതശുദ്ധമായ സാഹിത്യം ആ പാട്ടുകളില്‍ നിറഞ്ഞുനിൽക്കുകയായിരുന്നു.
1941 ഫെബ്രുവരി 13–ന് സി.ജെ. ഭാസ്കരൻ നായരുടെയും ശാസ്തമംഗലം പട്ടാണിക്കുന്ന് വീട്ടിൽ പാറുക്കുട്ടിയമ്മയുടെയും മകനായിട്ടാണ് ബിച്ചു തിരുമല ജനിച്ചത്. കുട്ടിക്കാലത്ത് ചെറുഗാനങ്ങൾ എഴുതുമായിരുന്നെങ്കിലും ചലച്ചിത്ര സംഗീതത്തിലേക്ക് കടന്നു വന്നത് വളരെ യാദൃച്ഛികമായിട്ടാണെന്ന് അദ്ദേഹം പറയുന്നു. ആ അപ്രതീക്ഷിത കടന്നുവരവിലൂടെ മലയാളത്തിനു ലഭിച്ചത് എക്കാലത്തെയും മികച്ച ഗാനങ്ങളാണ്.
1972-ൽ പുറത്തിറങ്ങിയ ‘ഭജ ഗോവിന്ദം’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ചലച്ചിത്രഗാനരംഗത്തെത്തിയത്. പിന്നീട് നിരവധി ചിത്രങ്ങൾക്കു വേണ്ടി ഗാനങ്ങള്‍ രചിച്ചു. ശ്യാം, എ.ടി. ഉമ്മർ, രവീന്ദ്രൻ, ജി. ദേവരാജൻ, ഇളയരാജ തുടങ്ങി പ്രശസ്തരായ സംഗീതസംവിധായകരുമായി ചേർന്ന് എഴുപതുകളിലും എൺപതുകളിലും നിരവധി ഗാനങ്ങള്‍ പുറത്തിറക്കി. എ.ആർ റഹ്മാൻ ഈണമിട്ട യോദ്ധ എന്ന ചിത്രത്തിലെ ഗാനങ്ങൾ എഴുതിയതും ബിച്ചു തിരുമലയാണ്
