Malayalam
‘പുഷ്പേട്ടാ.. പഴയ ആ ഇന്റർവ്യൂ ഓർക്കുന്നുണ്ടോ?’ എന്നാണ് ദിലീപ് ചോദിച്ചത്, എനിക്ക് അത് വല്ലാത്തൊരു അത്ഭുതമായി തോന്നി. കാരണം ആ സമയം ആയപ്പോഴത്തേക്കും ദിലീപ് വല്ലാണ്ട് പ്രശസ്തനായി നിൽക്കുകുകയാണ്.; നേമം പുഷ്പരാജ്
‘പുഷ്പേട്ടാ.. പഴയ ആ ഇന്റർവ്യൂ ഓർക്കുന്നുണ്ടോ?’ എന്നാണ് ദിലീപ് ചോദിച്ചത്, എനിക്ക് അത് വല്ലാത്തൊരു അത്ഭുതമായി തോന്നി. കാരണം ആ സമയം ആയപ്പോഴത്തേക്കും ദിലീപ് വല്ലാണ്ട് പ്രശസ്തനായി നിൽക്കുകുകയാണ്.; നേമം പുഷ്പരാജ്
മലയാളികൾക്കേറെ സുപരിചിതനായ സംവിധായകനാണ് നേമം പുഷ്പരാജ്. 2003-ൽ ഗൗരീശങ്കരം എന്ന ചിത്രത്തിലൂടെയായിരുന്നു അദ്ദേഹം സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. 80-ലധികം ചലച്ചിത്രങ്ങളിൽ കലാസംവിധായകനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. നവാഗത സംവിധായകനുള്ള സംസ്ഥാന അവാർഡ് ഉൾപ്പെടെ അഞ്ച് സംസ്ഥാന അവാർഡുകളും ആറ് ഫിലിം ക്രിട്ടിക്സ് അവാർഡുകളും നേടി. ഇപ്പോഴിതാ ദിലീപ് ആദ്യമായി പ്രധാന വേഷത്തിലെത്തിയ മാനത്തെകൊട്ടാരം സിനിമയുമായി ബന്ധപ്പെട്ട് അദ്ദേഹം വെളിപ്പെടുത്തിയ ചില കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്.
കഥാവശേഷൻ എന്ന സിനിമയുടെ ചിത്രീകരണം തുടങ്ങിയത് കൽക്കട്ടയിലാണ്. കൽക്കട്ടയിൽ നിന്ന് കാളികട്ടിലേയ്ക്ക് ഞാനും ദിലീപും ഒരുമിച്ചു പോവുകയായിരുന്നു. അന്ന് ആ കാറിൽ ഞാനും ദിലീപും പിന്നെ അയാളുടെ ഒരു അസിസ്റ്റന്റും മാത്രമാണ് ഉണ്ടായിരുന്നത്. കുറേദൂരം യാത്ര ചെയ്തു കഴിഞ്ഞപ്പോഴത്തേക്കും ദിലീപ് എന്നോട് ചോദിച്ചു ‘പുഷ്പേട്ടാ.. പഴയ ആ ഇന്റർവ്യൂ ഓർക്കുന്നുണ്ടോ?’ എന്ന്. ഞാൻ അത്ഭുതപ്പെട്ടു ഏത് ഇന്റർവ്യൂ എന്ന് ചോദിച്ചപ്പോൾ മാനത്തെ കൊട്ടാരം എന്ന സിനിമയുമായി ബന്ധപ്പെട്ട കാര്യമാണ് അദ്ദേഹം പറയുന്നത്.
എനിക്ക് അത് വല്ലാത്തൊരു അത്ഭുതമായി തോന്നി. കാരണം ആ സമയം ആയപ്പോഴത്തേക്കും ദിലീപ് വല്ലാണ്ട് പ്രശസ്തനായി നിൽക്കുകുകയാണ്. അത്തരം ഒരു നിലയിലേക്ക് എത്തിയ ഒരു ആൾ ആദ്യകാലത്ത് നടന്ന ഒരു ഇന്റർവ്യൂവിനെ കുറിച്ച് ആലോചിക്കുക എന്ന് പറയുന്നത് എനിക്ക് ചിന്തിക്കാൻ പോലും കഴിഞ്ഞില്ല. മാനത്തെ കൊട്ടാരം സിനിമയുടെ സംവിധായകൻ സുനിലായിരുന്നു. സിനിമയിലേക്ക് ഒരു നായകനെ വേണം. മിമിക്രി നന്നായിട്ട് ചെയ്യുന്ന ഒരാളെയാണ് വേണ്ടത്, പുതുമുഖമായിരിക്കണം.
അങ്ങനെ ഇന്റർവ്യൂവിന് എല്ലാം പ്ലാൻ ചെയ്തു. എറണാകുളത്തെ ഓർഗിഡ് ഹോട്ടലിൽ വെച്ചിട്ടായിരുന്നു ഇന്റർവ്യൂ. കൂടുതലും ചെറുപ്പക്കാരായിരുന്നു. വന്നവരെല്ലാം തനിക്ക് അറിയുന്ന ആളാണെന്ന് പറഞ്ഞുകൊണ്ട് ഇന്റർവ്യൂ തുടങ്ങുന്നതിനു മുമ്പ് അതിൻറെ പ്രൊഡ്യൂസർ ഹമീദ്ക്ക പുറത്തേക്ക് പോയി. സ്ക്രിപ്റ്റ് എഴുതിയവരിൽ ഒരാളായ അൻസാർ കലാഭവനും ഉണ്ടായിരുന്നു. കലാഭവനിൽ നിന്നും ഒരുപാട് പേർ വന്നതിനാൽ അദ്ദേഹവും അഭിമുഖത്തിന് നിൽക്കാതെ പുറത്തേക്ക് പോയി. പിന്നെ ഞാനും സുനിലും ആണ് അവിടെ ഉണ്ടായിരുന്നത്. ഞങ്ങളുടെ മുന്നിൽ വന്നിട്ടാണ് ഈ മിമിക്രി ആർട്ടിസ്റ്റുകൾ മുഴുവൻ സീൻ ആക്ട് ചെയ്ത് കാണിക്കുന്നത്.
പിന്നീട് പ്രശസ്തരായ ഒരുപാട് പേർ അന്ന് അഭിമുഖത്തിന് വന്നിരുന്നു. സിനിമയിൽ മുഖം കാണിച്ച ചിലരും ആ കൂട്ടത്തിൽ ഉണ്ടായിരുന്നു. സുനിൽ അതിൽ നിന്നും ഒരാളെ സെലക്ട് ചെയ്തപ്പോഴാണ് ഞാൻ പറയുന്നത് അതിനേക്കാൾ ബെറ്റർ ആയിട്ടുള്ള ആ ഉയരം ആളാണെന്ന്. പേരൊന്നും കൃത്യമായി അറിയില്ലായിരുന്നു. എന്റെ വാക്കുകേട്ട സുനിലും അത് ശരിവെച്ച് അദ്ദേഹത്തെ വീണ്ടും വിളിക്കാമെന്ന് പറഞ്ഞു. അങ്ങനെ വീണ്ടും വിളിപ്പിച്ച് കുറേ കാര്യങ്ങളൊക്കെ ചെയ്യിപ്പിച്ച് നോക്കി സിനിമയിലെ നായകനായി തിരഞ്ഞെടുത്തു. അങ്ങനെയാണ് ഇദ്ദേഹം സിനിമയിലേക്ക് വരുന്നതും ദിലീപായി മാറുന്നതും. ആ ഒരു കാര്യമാണ് ദിലീപ് കൽക്കട്ടയിൽ വെച്ച് എന്നെ ഓർമ്മപ്പെടുത്തിയത്. അത് എനിക്ക് വലിയ അത്ഭുതമായി തോന്നിയെന്നും നേമം പുഷ്പരാജ് പറയുന്നു.
അതേസമയം, ദിലീപ് ഭാവിയിൽ ഒരു വലിയ താരമാകുമെന്ന് മാനത്തെ കൊട്ടാരം എന്ന സിനിമ ചെയ്യുന്ന സമയത്ത് തന്നെ ഞങ്ങൾ പറഞ്ഞിരുന്നുവെന്ന് പ്രമുഖ തിരക്കഥാകൃത്തും സംവിധായകനുമായ റോബിൻ തിരുമല പറഞ്ഞതും അടുത്തിടെ ശ്രദ്ധേയമായിരുന്നു. കലാഭവൻ അൻസാർ, റോബിൻ തിരുമല തുടങ്ങിയവരുടെ തിരക്കഥയിൽ സുനിൽ സംവിധാന ചെയ്ത മാനത്തെ കൊട്ടാരം പുറത്തിറങ്ങിയ ചിത്രം 1994 ലാണ് പുറത്തിറങ്ങുന്നത്. ചിത്രത്തിൽ ഖുശ്ബു, ദിലീപ്, സുരേഷ് ഗോപി എന്നിവരാണ് പ്രധാന വേഷം ചെയ്തത്.
മമ്മൂട്ടിയെ വെച്ച് രാജകീയം എന്ന സിനിമ ആലോചിക്കുന്നതിന് ഇടയിലാണ് മാനത്തെ കൊട്ടാരം എന്ന സിനിമയുടെ എലമെന്റ് കിട്ടുന്നത്. അത് ഞാൻ അൻസാറിനോടും അദ്ദേഹം മമ്മൂട്ടിയോടും പറഞ്ഞു. മമ്മൂട്ടിക്ക് കഥ ഇഷ്ടപ്പെട്ടതോടെ പുതിയ ആളുകളെ വെച്ച് ആ ചിത്രം ചെയ്യാൻ പറഞ്ഞു. അങ്ങനെയാണ് മാനത്തെകൊട്ടാരം എന്ന ചിത്രത്തിലേക്ക് വരുന്നത്.
എംജി റോഡിലെ ഒരു ഹോട്ടലിന്റെ മുകളിൽ വെച്ചായിരുന്നു ദിലീപിന്റെ ഇന്റർവ്യൂ. ദിലീപ് മിമിക്രിയൊക്കെ കാണിക്കുമ്പോൾ ഞങ്ങൾ പരസ്പരം നോക്കി ഇദ്ദേഹം മികച്ച ഒരു നടനാകുമെന്ന് പറഞ്ഞു. അത് ആ ചിത്രത്തിൽ ഞങ്ങൾ എഴുതിചേർക്കുകയും ചെയ്തു. അങ്ങനെയാണ് ഇയാൾ ഒരു സൂപ്പർസ്റ്റാറാകുമെന്ന് ഖുശ്ബു പറയുന്നുത്. അന്ന് ദിലീപിനെ താഴെ കൊണ്ടിറക്കി ബെെക്കിൽ കാത്ത് നിന്ന ആളായിരുന്നു നാദിർഷ.
പിന്നീട് നാദിർഷ മറ്റൊരാൾക്ക് പകരമായി മാനത്തെ കൊട്ടാരത്തിൽ അഭിനയിച്ചു. നാദിർഷ, ഹരിശ്രി അശോകൻ, ഇന്ദ്രൻസ് അങ്ങനെ പുതിയൊരു താര നിര ആ ചിത്രത്തിലുണ്ടായി. ദിലീപിനെ ആദ്യമായി കാണുന്നത് ആ ചിത്രത്തിന്റെ സമയത്താണ്. അന്ന് ഉണ്ടായ ആ ബന്ധം ഇപ്പോഴും അതിഗംഭീരമായി മുന്നോട്ട് പോകുന്നു. പ്രത്യേകിച്ച് ദിലീപിനോടും നാദിർഷായോടും.
മാനത്തെ കൊട്ടാരം അബിക്ക് വേണ്ടി എഴുതിയ കഥയായിരുന്നു എന്ന പ്രചരണത്തിൽ അടിസ്ഥാനമില്ല. യഥാർത്ഥത്തിൽ അത് അബിക്കും ദിലീപിനും വേണ്ടി എഴുതിയത് അല്ല. തികച്ചും ബ്ലാങ്ക് ആയിരുന്നില്ല. കൊച്ചിയിൽ സോഡ കമ്പനി നടത്തുന്ന കുറച്ച് ചെറുപ്പക്കാർ, അവരുടെ വീടിന് അകത്ത് ഷൂട്ടിങിനായി വരുന്ന ഒരു നടിയുമായി ഉണ്ടാകുന്ന ആത്മബന്ധവും തുടർന്നുണ്ടാകുന്ന കാര്യങ്ങളുമൊക്കെയായിരുന്നു സുനിലിനോട് പറഞ്ഞിരുന്നത്.
സൂപ്പർ നായികയായി ആദ്യം തിരുമാനിച്ചിരുന്നത് ശോഭനയെ ആയിരുന്നെങ്കിലും ഡേറ്റ് പ്രശ്നം കാരണം അത് നടന്നില്ല. പിന്നീട് ഖുഷ്ബുവിലേക്ക് എത്തുന്നത്. ഇപ്പം നാദിർഷ അഭിനയിച്ച കഥാപാത്രം ചെയ്യേണ്ടത് ഷിയാസായിരുന്നു. ആദ്യത്തെ ഷോട്ട് എടുത്തെങ്കിലും സംവിധായകന് ആ കെമിസ്ട്രി വർക്ക് ആയില്ല. അങ്ങനെയാണ് നാദിർഷ ആ വേഷത്തിലേക്ക് വരുന്നത്.
ചിത്രത്തിന്റെ ഡബ്ബിങ് നടന്നുകൊണ്ടിരിക്കെ ദിലീപ് വന്ന് എനിക്കൊരു ഉപകാരം ചെയ്യണമെന്ന് പറഞ്ഞു. മാനത്തെ കൊട്ടാരത്തിൽ പോസ്റ്ററുകൾ വന്നു ഒരു സെെഡിൽ ദിലീപിന്റെ തലയും ഒരു സൈഡിൽ ഖുശ്ബുവിന്റെ തലയും സെന്ററിൽ സുരേഷ് ഗോപിയുമാണ് പോസ്റ്ററിൽ. ദിലീപ് ആകെ അന്തം വിട്ടു. അത്രയും വലിയ പോസ്റ്ററടിക്കുകയെന്നത് അസാധ്യമാണ്. എനിക്ക് ഇത് പോലത്തെ കുറച്ച് പോസ്റ്റർ സംഘടിപ്പിച്ച് തരാമോ പെെസ ഞാൻ കാെടുക്കാമെന്ന് ദിലീപ് എന്നോട് ചെവിയിൽ ചോദിച്ചു.
എന്താണ് കാര്യം എന്ന് ചോദിച്ചപ്പോൾ ചെറിയൊരു ആവശ്യം ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു. ദിലീപിന്റെ വീടിന്റെയടുത്ത് ഒട്ടിക്കാനായിരുന്നു. അന്ന് പുള്ളിക്ക് ഒരു പ്രണയമുണ്ട്. നടക്കാതെ പോയ പ്രണയം. അവരുടെ വീട്ടുകാർ കാണാൻ വേണ്ടിയോ മറ്റോ ആണ് ഒട്ടിക്കാൻ പറഞ്ഞത്. ഞാൻ ഒരു ആളായി എന്ന് കാണിക്കാനായിരിക്കാം അത്. അന്ന് ആൽവിൻ ആന്റണി അന്ന് പറഞ്ഞ വാക്കുണ്ട്. മാനത്തെ കൊട്ടാരം എന്ന സിനിമയുടെ പോസ്റ്ററാണിത്, ഈ പോസ്റ്റർ ലോകം മുഴുവൻ ഒട്ടിക്കാൻ പോകുകയാണ് നീ ആരാണെന്ന് കുറച്ച് കഴിയുമ്പോൾ ആൾക്കാർ മനസിലാക്കുമെന്ന് പറഞ്ഞു. അത് സത്യമായെന്നുമാണ് റോബിൻ തിരുമല പറഞ്ഞിരുന്നത്.
അതേസമയം, കമലിന്റെ സംവിധാന സഹായിയായിട്ടായിരുന്നു ദിലീപിന്റെ സിനിമയിലേക്കുള്ള വരവ്. സൂപ്പർ സ്റ്റാർ മോഹൻലാലിന്റെ വിഷ്ണുലോകം ആയിരുന്നു സഹസംവിധായകനായ കന്നി സിനിമ. അന്ന് വെറും ഗോപാലകൃഷ്ണനായിരുന്നു അദ്ദേഹം. ഒമ്പത് സിനിമകളിലാണ് ദിലീപ് സഹസംവിധായകനായി പ്രവർത്തിച്ചത്. അങ്ങനെയിരിക്കെ കമലിന്റെ തന്നെ, എന്നോടിഷ്ടം കൂടാമോ എന്ന സിനിമയിൽ ചെറിയൊരു റോളുമായി അഭിനയത്തിലേക്ക് കാലെടുത്തുവച്ചു.
രണ്ട് വർഷത്തിന് ശേഷം പുറത്തിറങ്ങിയ മാനത്തെ കൊട്ടാരം എന്ന സിനിമയിൽ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരായിരുന്നു ദിലീപ് എന്നത്. അങ്ങനെ, ഗോപാലകൃഷ്ണ പിള്ളയ്ക്ക് സിനിമ തന്നെ ദിലീപ് എന്നൊരു പേരും സമ്മാനിച്ചു. അന്നുമുതൽ ഇന്നുവരെ പ്രേക്ഷകർക്ക് മുന്നിൽ ഗോപാലകൃഷ്ണനില്ല, ദിലീപ് മാത്രം. ജനപ്രിയ നായകനായി നടന്റെ തിരിച്ച് വരവിനായി ഒരുകൂട്ടം ആരാധകരും കാത്തിരിക്കുകയാണ്.
വലിയൊരു തിരിച്ചു വരവ് ആഗ്രഹിക്കുന്ന താരം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു പ്രിൻസ് ആൻഡ് ദി ഫാമിലി. ചിത്രം സമ്മിശ്ര പ്രതികരണം നേടി മുന്നേറുകയാണ്. ഞാൻ വല്ലാത്തൊരു അവസ്ഥയിൽ നിൽക്കുന്ന സമയത്ത് ഇറങ്ങിയ സിനിമയാണ് രാമലീല. ആ രാമലീല എഴുതിയ സച്ചി നമ്മളെ വിട്ടുപോയി. എനിക്ക് തോന്നിയിട്ടുണ്ട് ആ സച്ചി എനിക്ക് വേണ്ടിയാണോ ജനിച്ചതെന്ന്. കാരണം എനിക്ക് ഏറ്റവും അപകടമുള്ള സമയത്ത് എന്നെ ഇവിടെ പിടിച്ചുനിർത്തിയത് അരുൺഗോപി സംവിധാനം ചെയ്ത രാമലീല എന്ന ചിത്രമാണ്.
ഏറ്റവും പ്രതിസന്ധിയിൽ നിൽക്കുന്ന സമയത്ത് ഇനി മലയാള സിനിമയിൽ ദിലീപ് ഇല്ലെന്ന് പറയുന്ന സമയത്ത് ലക്ഷക്കണക്കിന് ജനങ്ങൾ തിയേറ്ററിലേക്ക് ഓടിയെത്തി, ആ നടനെ അങ്ങനെ കളയാനുള്ളതല്ലെന്ന് പറഞ്ഞ് എന്നെ പിടിച്ചുനിർത്തിയ സിനിമയാണിത്. അതുപേലെയാണ് പ്രിൻസ് ആൻഡ് ഫാമിലിയും. പിന്നെ ഒരു അപേക്ഷയുണ്ട്. അത് നിങ്ങൾക്ക് എങ്ങനെ വേണമെങ്കിലും എടുക്കാം. വർഷങ്ങക്ക് മുൻപ് എന്നെ അടിച്ചിടാൻ കൂടെ നിന്നവരല്ലേ! ഒന്ന് എഴുന്നേറ്റ് നിൽക്കാൻ ശ്രമിക്കുമ്പോൾ ഒന്ന് കൂടെ നിന്നൂടെ? എല്ലാവരുടെയും അനുഗ്രഹവും പ്രാർഥനകളും സഹായങ്ങളും പ്രതീക്ഷിക്കുന്നു’, എന്നായിരുന്നു പ്രിൻസ് ആൻഡ് ദി ഫാമിലിയുടെ വിജയാഘോഷത്തിൽ പങ്കെടുത്ത് കൊണ്ട് ദിലീപ് പറഞ്ഞത്.
അതേസമയം, രാമലീല കാണരുത് എന്നായിരുന്നു അന്ന് ചാനലുകളിലൂടെയെല്ലാം പറഞ്ഞിരുന്നതെന്നും നേരത്തെ ദിലീപ് പറഞ്ഞിരുന്നു. എന്നാൽ ജനങ്ങൾ സിനിമ ഏറ്റെടുത്തു. അത് തന്നോടുള്ള സ്‌നേഹവും താൻ ആരാണെന്ന ബോധ്യവും ഉള്ളത് കൊണ്ടാണെന്നും ദിലീപ് പറഞ്ഞു. ‘ആ സിനിമ കാണരുത് എന്ന് പറഞ്ഞിട്ടായിരുന്നു എല്ലാവരും ചാനലുകളിലൂടെ പറഞ്ഞിരുന്നത്. എന്നാൽ ആദ്യ ഷോ മുതൽ ജനങ്ങൾ കേറി തുടങ്ങി. എന്നെ വിശ്വസിക്കുന്ന ജനങ്ങളുണ്ട്. എന്നെ സംബന്ധിച്ച് ഞാനൊരു ഓപ്പൺ ബുക്ക് ആണ്. എന്നെ വളർത്തിയത് ജനങ്ങളാണ്.
ഞാൻ മിമിക്രി തുടങ്ങിയ കാലം മുതൽ എനിക്ക് കയ്യടി തന്ന് എന്നെ വളർത്തിയത് അവരാണ്. കലാകാരൻ എന്ന നിലയിൽ എന്നെ ഇവിടെ നിലനിർത്തുന്നതും പ്രിയപ്പെട്ട പ്രേക്ഷകരാണ്. ഇത്രയും പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോഴും എനിക്കെതിരെ ഒരു ലോബി പ്രവർത്തിക്കുമ്പോഴും എനിക്ക് ലഭിക്കുന്ന സപ്പോർട്ട് എന്ന് പറയുന്നത് ഞാൻ ചെയ്യുന്ന കഥാപാത്രങ്ങളിലൂടെ ലഭിക്കുന്ന സ്‌നേഹമാണ്. പിന്നെ ഞാൻ എന്താണെന്ന് ഇവിടെയുള്ള ആളുകൾക്കു നല്ല ബോധ്യമുണ്ട്. അവരുടെ കയ്യടി കൊണ്ട്, അവർ കൈപിടിച്ച് ഉയർത്തിയ ആളാണ് ഞാൻ. അല്ലാതെ എന്റെ മിടുക്ക് കൊണ്ട് വന്ന ആളൊന്നുമല്ല’ എന്നും ദിലീപ് പറഞ്ഞു.
