Malayalam
ഡോക്ടർ എന്നെ ചതിച്ചു, കണ്ണ് തുറക്കുന്നത് എന്റെ സർജറി കഴിഞ്ഞിട്ട്; അന്ന് ഡോക്‌ടർ ചതിച്ചത് കൊണ്ടാണ് ഇപ്പോഴും ഗുരുവായൂരപ്പന്റെ അനുഗ്രഹം കൊണ്ട് ആരോഗ്യവതിയായി നിൽക്കുന്നത്; നവ്യ നായർ
ഡോക്ടർ എന്നെ ചതിച്ചു, കണ്ണ് തുറക്കുന്നത് എന്റെ സർജറി കഴിഞ്ഞിട്ട്; അന്ന് ഡോക്‌ടർ ചതിച്ചത് കൊണ്ടാണ് ഇപ്പോഴും ഗുരുവായൂരപ്പന്റെ അനുഗ്രഹം കൊണ്ട് ആരോഗ്യവതിയായി നിൽക്കുന്നത്; നവ്യ നായർ
മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് നവ്യ നായർ. ദിലീപിന്റെ നായികയായി ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാള സിനിമ രംഗത്ത് എത്തുന്നത്. രഞ്ജിത്തിന്റെ നന്ദനം എന്ന സിനിമയിലായിരുന്നു ഇഷ്ടത്തിന് പിന്നാലെ നവ്യ അഭിനയിച്ചത്. ഇതിലൂടെ മികച്ച നടിയായി മാറാനും നന്ദനത്തിലൂടെ നവ്യയ്ക്ക് സാധിച്ചു. ശേഷം സിനിമയിൽ നിന്നെല്ലാം ഇടവേളയെടുത്തുവെങ്കിലും ഇപ്പോൾ തിരിച്ചു വരവ് നടത്തിയിട്ടുണ്ട് താരം.
ഇപ്പോഴിതാ ഒരു പൊതുപരിപാടിയിൽ വച്ച് നവ്യ നടത്തിയ പ്രസംഗമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. തന്റെ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട സംഭവമാണ് നവ്യ പറഞ്ഞത്. നവ്യയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു; ഞാൻ പണ്ട് ഇതേ ഹോസ്‌പിറ്റലിൽ വന്നിരുന്നു. അപ്പെൻഡിസൈറ്റിസ് ആയിട്ടായിരുന്നു വന്നത്. അന്ന് ഞാൻ പേഷ്യന്റ് ആയിരുന്നു. പത്ത് പന്ത്രണ്ട് വർഷങ്ങൾക്ക് മുൻപുള്ള കാര്യമാണ് ഞാൻ പറയുന്നത്. ഇപ്പോൾ ഞാൻ ഡോക്‌ടറോട് ചോദിച്ചു ഞാൻ ഇവിടെ വന്നിട്ട് അങ്ങനെയൊരു ഓപ്പറേഷൻ നടത്തിയിട്ടുണ്ടെന്ന്. അപ്പോൾ ഡോക്‌ടർ സംശയത്തോടെ അതെയതെ എന്ന് പറഞ്ഞു. എനിക്ക് സൂചി കണ്ടാൽ പോലും തല കറങ്ങി വീഴുന്ന സ്വഭാവമായിരുന്നു.
അങ്ങനെ ഞാൻ ഭയങ്കര വേദനയായിട്ട് എത്തി, എറണാകുളത്തെ സൺ റൈസ് ഹോസ്‌പിറ്റലിൽ എത്തിച്ചു. കീ ഹോൾ സർജറിയിൽ വളരെ ഫേമസ് ആണെന്ന് പറഞ്ഞതുകൊണ്ടാണ് ഇവിടേക്ക് വന്നത്. സർജറി ചെയ്യേണ്ട ആവശ്യമില്ലലോ എന്നാണ് ഞാൻ പറഞ്ഞത്. ഡോക്‌ടർ കൊഴപ്പമൊന്നുമില്ലല്ലോ എന്നാണ് ഞാൻ പറഞ്ഞത്. വെറും ആന്റി ബയോട്ടിക് മാത്രം മതിയെന്നൊക്കെ ഞാൻ പറഞ്ഞു. ഡോക്‌ടർ പേടിക്കേണ്ട എന്നൊക്കെ പറഞ്ഞു.
എനിക്ക് ബിപി ഒക്കെ ലോ ആയിരുന്നു. പേടിക്കണ്ട എന്നൊക്കെ പറഞ്ഞു ഡോക്‌ടർ ഭയങ്കര ഫ്രണ്ട്ലി. അടുത്ത റൂമിൽ പോയി ഒരു ഇഞ്ചക്ഷൻ ഒക്കെ എടുത്താൽ ഓക്കേ ആവും എന്ന് പറഞ്ഞു. അങ്ങനെ ഒരു നഴ്‌സ് വന്ന് എനിക്ക് ഇഞ്ചക്ഷൻ എടുക്കാൻ തുടങ്ങി. ഞാൻ ചോദിച്ചു എന്ത് മരുന്നാണ്, എന്ത് ഇഞ്ചക്ഷൻ ആണെന്നൊക്കെ. ഞാനിങ്ങനെ ഒക്കെ ഓരോന്ന് ചോദിക്കുന്നുണ്ടായിരുന്നു.
അപ്പോൾ നഴ്‌സ് ഇത് അനസ്തേഷ്യ ആണെന്ന് പറഞ്ഞപ്പോഴേക്കും എന്റെ ബോധം പോയി, ഞാൻ ഔട്ട് കംപ്ലീറ്റ് ആയി. പിന്നെ കണ്ണ് തുറക്കുന്നത് എന്റെ സർജറി കഴിഞ്ഞിട്ടാണ്. അങ്ങനെ എന്നെ ചതിച്ചു ഡോക്‌ടർ. ഇവിടെ വന്നപ്പോൾ ഞാൻ ആദ്യം പറയണമെന്ന് വിചാരിച്ചത് അതാണ്. പക്ഷേ ഡോക്‌ടർ അങ്ങനെ അന്ന് ചതിച്ചത് കൊണ്ടാണ് പതിനാല് വർഷത്തിന് ശേഷവും ഗുരുവായൂരപ്പന്റെ അനുഗ്രഹം കൊണ്ട് ഞാൻ ആരോഗ്യവതിയായി നിൽക്കുന്നതെന്നുമാണ് നവ്യ പറയുന്നത്.
കേരള സർവകലാശാല യുവജനോത്സവം ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് നവ്യ നടത്തിയ പ്രസംഗവും വൈറലായിരുന്നു. സീരിയസായി പറയാനുള്ള കാര്യം, ഞാൻ ഉൾപ്പെടുന്ന മേഖലയാണ് സിനിമ. പണ്ടൊക്കെ നമ്മളുടെ സിനിമയിൽ കിരീടം, ചെങ്കോൽ തുടങ്ങിയ സിനിമകളിൽ ഗത്യന്തരമില്ലാതെ നായകൻ കൊലപാതകം നടത്തും. അവസാനം ആ കുത്തിയത് തെറ്റായിപ്പോയി എന്ന് സേതുമാധവൻ വിതുമ്പി കരയുന്ന സ്ഥലത്ത് ആണ് ഹീറോയിസം.
ഒരു കുത്ത് അല്ലെങ്കിൽ ഒന്നോ രണ്ടോ അടി അതാണ് നമ്മുടെ സിനിമയിലെ മാക്‌സിമം. ഇന്ന് തോക്ക് കൊണ്ട് ഒരു 50 വെടി വയ്ക്കുകയാണ്. ചത്ത ആളിനെ പിന്നെയും വെടി വയ്ക്കും. ഇടിച്ച ആളിനെ പിന്നെയും ഇടിക്കും. അപ്പോൾ ഇത് കണ്ടു കണ്ട് പറയുന്നത് തമാശയായി തോന്നുമെങ്കിലും നമ്മുടെ ഉള്ളിന്റെ ഉള്ളിൽ ഒരു തീവ്രമായ എന്തോ ഒരു വികാരം ഉണ്ടാകും. സിനിമയിൽ മാത്രമല്ല.
എനിക്ക് പറയാൻ പറ്റുന്നത് കുട്ടികളെ ഏറ്റവും അധികം മെന്റലി സ്വാധീനിക്കാൻ പറ്റുന്ന മേഖലയാണ് ഞാൻ ഉൾപ്പെടുന്ന സിനിമാ മേഖല. എനിക്കിപ്പോഴും കാണാൻ ഇഷ്ടപ്പെടുന്ന സിനിമ എന്ന് പറയുന്നത് ഞാനൊക്കെ അഭിനയിച്ച സിനിമകളും നാടോടിക്കാറ്റും ടു കൺട്രീസും തുടങ്ങിയ തമാശ സിനിമകൾ ആണ്. അതോക്കെ മാറി. കൊലപാതകങ്ങളും അസഭ്യമായ ഭാഷകൾ ഉപയോഗിക്കലും ഒക്കെയാണ്.
ഞാൻ അതിശയത്തോടെ കണ്ട കാഴ്ചയാണ് എപ്പോഴെങ്കിലും കഞ്ചാവിനെ പറ്റി പറയുന്ന ഡയലോഗ് സിനിമയിൽ വന്നാൽ വലിയൊരു കയ്യടി ആകും പ്രേക്ഷകരുടെ ഇടയിൽ നിന്നും വരുന്നത്. പണ്ട് കഞ്ചാവടിയനാണെന്ന് കണ്ട് ഒരാളെ പുച്ഛത്തോടെ നോക്കിയിരുന്ന നമ്മൾ, ഇന്ന് നല്ല ട്രിപ്പിലാണ് ചേട്ടൻ എന്ന് പറയുന്നത് ഒരു കൈയടിയായി മാറി.
അതിലേക്ക് നമ്മൾ മെല്ലെ മെല്ലെ എത്തിപ്പെട്ടതാണ്. വളരെ പെട്ടെന്ന് ഉണ്ടായതല്ല. കഴിഞ്ഞ കുറച്ച് വർഷങ്ങളായിട്ടുണ്ടായ പ്രതിഭാസമാണ് ആ ഒരു മാറ്റം എന്ന് എനിക്ക് തോന്നുന്നുണ്ട്. ഇത്രയും കായികമായിട്ട്, നമ്മൾ എത്ര ഒരാളെ കുത്തിയാലും മതിയാവില്ല, എത്ര വെടിവച്ചാലും മതിയാവില്ല. തമിഴ്, ഹിന്ദി, മലയാളം സിനിമകളിലും വളരെ ആക്രോശിച്ച് കൊണ്ടാണ് ആൾക്കാരെ ഉപദ്രവിക്കുന്നത്.
കുട്ടികളെ കലാലയങ്ങളിലേക്ക് വിടുമ്പോൾ മാതാപിതാക്കൾക്ക് ഒരുപാട് പ്രതീക്ഷകളുണ്ട്. അക്കാദമി തലത്തിൽ വലിയ തോതിൽ എത്തിയില്ലെങ്കിലും നിങ്ങളെ ജീവനോടെ കാണണമെന്ന് നമുക്ക് ആഗ്രഹം കാണില്ലേ. അച്ഛനും അമ്മകും അത്രയെങ്കിലും വേണ്ടെ. നിങ്ങളൊക്കെ നല്ല ആരോഗ്യത്താടെ ജീവനോട് കൂടി നല്ല മനുഷ്യരായി ഈ കലാലയ ജീവിതത്തിൽ നിന്നും പുറത്തേക്ക് വരുമ്പോൾ ചിറകുകളൊക്കെ മുളപ്പിച്ച് പറന്നുയരണം.
അതാണ് മാതാപിതാക്കളുടെ ആഗ്രഹം. മറിച്ച് ചിറകുകളൊക്കെ ഒടിഞ്ഞ് പറക്കാനോ നിരങ്ങാനോ പറ്റാത്ത രീതിയിലേക്ക്, അംഗവൈകല്യമുള്ളവരാകുകയോ അല്ലെങ്കിൽ മയക്കു മരുന്നിന്റെ ഉപയോഗത്തോട് കൂടി ബുദ്ധി ഭ്രമിച്ചവരാകുകയോ ഉള്ള ഒരു തലമുറകെ നമുക്ക് കിട്ടിയിട്ട് എന്താവശ്യം. ഞാൻ പറയുന്നത് ചിലപ്പോൾ മോറൽ സയൻസ് ക്ലാസെടുക്കുന്നത് പോലെ ആയിപ്പോകും.
പക്ഷേ കേരളത്തിലെ കാര്യം ഇവിടെ അല്ലാതെ വേറെ എവിടെ പറയാനാണ്. നിങ്ങളുടെ കൈയിലാണ് കേരളം. ഇനിയുള്ള ലോകവും നിങ്ങളുടെ കയ്യിലാണ്. ഏതെങ്കിലും ആൾക്കാരുടെ കളിപ്പാവകളായി മാറരുത്. യുക്തി ഉപയോഗിച്ച് പെരുമാറുന്നവരാകണം. ബുദ്ധിയും വിവേകവും ഉള്ളൊരു തലമുറയായി നിങ്ങൾ വളരണം എന്നും നവ്യ പറയുന്നു.
അതേസമയം, തന്റെ കുടുംബ ജീവിതത്തെ കുറിച്ചും ജീവിതത്തോടുള്ള തന്റെ കാഴ്ചപ്പാടുകളെ കുറിച്ചും നവ്യ പറഞ്ഞ വാക്കുകളും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. സ്ത്രീകൾക്ക് ഫിനാൻഷ്യൽ ഫ്രീഡം ഉണ്ടായിരിക്കണം, അല്ലെങ്കിൽ നമുക്ക് നമ്മുടെ അവകാശങ്ങൾ പോലും നേടിയെടുക്കാൻ കഴിയാതെ വരും. അതുപോലെ വിവാഹം കഴിക്കുക എന്നതല്ല ജീവിതത്തിന്റെ അവസാന വാക്ക്. നമ്മുടെ ഭർത്താവ്, മക്കൾ, മാതാപിതാക്കൾ, വീട് എന്ന രീതിയിലേക്ക് സ്ത്രീകൾ അവരുടെ ലോകത്തെ ചെറുതാക്കരുത്.
ഫിനാൻഷ്യൽ ഇന്റിപെൻഡൻസ് എല്ലാവർക്കും അവകാശപ്പെട്ടതാണ്. ഓരോരുത്തരും ആദ്യം സ്നേഹിക്കേണ്ടതും പരിഗണിക്കപ്പെടേണ്ടതും സ്വന്തം കര്യങ്ങൾക്ക് ആയിരിക്കണം. എന്റെ വിവാഹത്തിന് ശേഷമാണ് ഞാൻ എന്നെ കൂടുതൽ സ്നേഹിക്കാൻ തുടങ്ങിയത്, എന്റെ കാര്യങ്ങൾക്ക് എനിക്ക് സ്വയം പ്രയോറിറ്റി കൊടുക്കണമെന്നും എന്ന് തോന്നി തുടങ്ങിയത് വിവാഹത്തിനുശേഷമാണ്. നമ്മളെ സ്നേഹിക്കാൻ നമ്മൾ സമയം കണ്ടെത്തിയില്ലെങ്കിൽ നമുക്കൊപ്പം ഒരു പട്ടിയുമുണ്ടാകില്ല. എന്റെ എക്സ്പീരിയൻസിൽ നിന്നാണ് ഞാൻ എല്ലാം പറയുന്നത്.
ഇന്ന് മാതംഗി എന്ന നൃത്ത വിദ്യാലയം എന്റെ കഷ്ടപ്പാടിന്റെ ഫലമാണ് .. അതിനായി ഉപയോഗിച്ച ഓരോ രൂപയും സ്വന്തം വിയർപ്പിന്റെ ഫലമാണ്. വീടിന്റെ ലക്ഷ്വറി കുറച്ച് ആ പണം ഉപയോഗിച്ചാണ് മാംതഗി എന്ന നൃത്ത വിദ്യാലയം ഒരുക്കിയത്. അങ്ങനെ ചെയ്തത് കൊണ്ട് താമസിക്കാൻ വീടും, പാഷനായ നൃത്ത വിദ്യാലയവും ഒരു പോലെ പണിയാൻ സാധിച്ചു.
സൗഹൃദത്തിന്റെ കാര്യത്തിൽ ഞാൻ അത്ര കേമിയൊന്നുമല്ല, വളരെ അടുത്ത സുഹൃത്തുക്കൾ എന്ന് പറയാൻ തന്നെ എനിക്ക് അങ്ങനെ ആരുമില്ല. ഫ്രണ്ട്ഷിപ്പുണ്ടാവുമ്പോൾ ചില തിരിച്ചടികളും നിരാശയും എനിക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ ഞാൻ അങ്ങനെ ആരുമായും ഓവർ അറ്റാച്ചഡ് അല്ല. കാരണം എനിക്ക് ചെറുതായി എന്തെങ്കിലും തിരിച്ചടി വരുമ്പോൾ എന്നെൻ വളരെയധികം ബാധിക്കും.
അതെന്റെ ജോലിയെയും എന്റെ ക്രിയേറ്റിവിറ്റിയെയുമൊക്കെ ബാധിക്കും. ഞാനിപ്പോൾ ഏറ്റവും കൂടുതൽ വിശ്വാസം അർപ്പിക്കുന്നത് എന്റെ ക്രിയേറ്റിവിറ്റിക്ക് വേണ്ടിയാണ്. ഞാൻ ഡിവോഴ്‌സ്ഡ് ആയി എന്ന വർത്തയൊക്കെ, ഏറ്റവും അവസാനം അറിഞ്ഞ ആളാണ് ഞാൻ, സമൂഹ മാധ്യമങ്ങളിൽ ഒന്നും അത്ര സജീവമല്ല ഞാൻ. ചിലർ അതെനിക്ക് വാട്സ്ആപ്പിൽ അയച്ചുതന്നപ്പോഴാണ് ഞാൻ കാണുന്നത്. വെൽഡൺ എന്ന് ഞാൻ മറുപടിയും കൊടുത്തു.
വിവാഹ ശേഷം ജീവിതം, ആകെ മാറുകയായിരുന്നു. അടുക്കള എനിക്ക് ഇഷ്ടമല്ലാത്ത മേഖലയായിരുന്നു, അതൊക്കെ ഒന്ന് ശെരിയാക്കി വന്നപ്പോഴേയ്ക്കും അമ്മയായി, ഇഷ്ടമല്ലാത്ത ഒരുപാട് കാര്യങ്ങൾ അഡ്ജസ്റ്റ് ചെയ്യേണ്ടിവന്നിട്ടുണ്ട്. സിനിമയിൽ നിന്ന് മാറി നിന്നപ്പോൾ ഒരു തരം ഒറ്റപ്പെടൽ തോന്നിയിട്ടുണ്ട്. ഒന്നും ചെയ്യാൻ ഇല്ലാത്ത പോലൊരു അവസ്ഥ, മുന്നിലേക്ക് എന്തെന്ന് ഉള്ള ചിന്ത.
അതൊക്കെ ബാധിച്ചിരുന്ന കാര്യങ്ങൾ ആയിരുന്നു. അതിനെ മറികടക്കാനായി പ്രത്യേകിച്ച് ഒന്നും ചെയ്തിട്ടില്ല. സ്വാഭാവികമായി സംഭവിച്ചതാണ്. വിവാഹിതയായ കാലത്ത് തന്റെ അവകാശങ്ങളെക്കുറിച്ചൊന്നും അറിയില്ലായിരുന്നു. അക്കാലത്തെ യാഥാസ്ഥിതിക ചിന്താഗതിയായിരുന്നു തനിക്കും. വിവാഹ ജീവിതം തന്റെ സ്വപ്നങ്ങളെ ഒരു പരിധി വരെ ബാധിച്ചിട്ടുണ്ടെന്നും നവ്യ തുറന്ന് പറഞ്ഞിട്ടുണ്ട്. യുപിഎസി നേടണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ നടന്നില്ല. ഡാൻസിൽ ഡിഗ്രി ചെയ്യാൻ നോക്കിയപ്പോൾ മകൻ ചെറിയ പ്രായമാണെന്ന് പറഞ്ഞ് ഭർത്താവ് എതിർത്തു. ഇങ്ങനെയാണ് പലപ്പോഴും നിസഹായരായി പോകുന്നത്. ഇത് തിരിച്ചറിയുമ്പോഴേക്കും വർഷങ്ങൾ കടന്ന് പോയിട്ടുണ്ടാകുമെന്നും നവ്യ നായർ പറഞ്ഞിരുന്നു.
വെള്ളിത്തിരയിൽ നിൽക്കുമ്പോൾ ആണ് വിവാഹം. ഒരിക്കലും മാനസികമായി പ്രിപ്പേർഡ് ആയിരുന്നില്ല വിവാഹത്തിന്. അച്ഛന്റെയും അമ്മയുടെയും നിർബന്ധത്തിന് ഞാൻ വിവാഹം കഴിച്ചതാണ്. പക്ഷേ നാളെ വിവാഹ ശേഷം അഭിനയിക്കരുത് എന്ന് എന്റെ ഭർത്താവ് എന്നോട് പറഞ്ഞാൽ അത് അനുസരിക്കാൻ പാകത്തിന് തയ്യാറെടുത്തുകൊണ്ടാണ് ഞാൻ വിവാഹത്തിന് റെഡി ആയതും.
ഭർത്താവിനോട് പെണ്ണുകാണാൻ വന്നപ്പോൾ അഭിനയിക്കട്ടെ എന്നൊന്നും ഞാൻ ചോദിച്ചിട്ടില്ല. പെണ്ണുകാണാൻ വന്നപ്പോൾ പുള്ളി ഇങ്ങോട്ട് ആണ് എന്നോട് പറഞ്ഞത്. സിനിമയിൽ അഭിനയിക്കാൻ ആണോ പ്ലാൻ എന്ന്. അങ്ങനെ പ്രത്യേകിച്ച് ഒരു തീരുമാനം ഇല്ല. എന്നുവച്ച് ഈ ബഹളത്തിൽ നിന്നൊക്കെ മാറുമ്പോൾ അത് ഡിപ്രസിങ് ആകും. സിനിമയുടെ എവിടെ എങ്കിലും ഒക്കെ നിക്കാൻ ആഗ്രഹം ഉണ്ടെന്ന് പറഞ്ഞിരുന്നു.
നീ നിന്റെ ടാലന്റ് നശിപ്പിച്ചുകൊണ്ട് എന്റെ കാര്യങ്ങൾ മാത്രം നോക്കി ഇരുന്നാൽ മതി എന്ന് ഞാൻ പറയില്ല. അത് വല്ലപ്പോഴും ഒന്ന് പോളിഷ് ചെയ്യണം എന്നാണ് അദ്ദേഹം പറഞ്ഞത്. ശരിക്കും സന്തോഷമായി അത് കേട്ടപ്പോൾ. എങ്കിലും വിവാഹത്തിന് ശേഷം അദ്ദേഹം മാറ്റിപ്പറഞ്ഞാലും എനിക്ക് അതിൽ പരാതി ഉണ്ടാകുമായിരുന്നില്ല. എന്തിനും പ്രിപ്പേർഡ് ആയിട്ടാണ് വിവാഹം നടന്നത് എന്നുമാണ് നവ്യ നായർ പറയുന്നത്.
