Malayalam
സ്ഥിരം നായികമാരായി ആരും നില്‍ക്കുന്നില്ലല്ലോ; ഇവിടെയെല്ലാം സീസണല്‍ ആക്ടേഴ്‌സാണ്; നമിത പ്രമോദ്
സ്ഥിരം നായികമാരായി ആരും നില്‍ക്കുന്നില്ലല്ലോ; ഇവിടെയെല്ലാം സീസണല്‍ ആക്ടേഴ്‌സാണ്; നമിത പ്രമോദ്
സീരിയലില്‍ നിന്നും സിനിമയിലെത്തി മലയാള സിനിമയില്‍ തന്റേതായ സ്ഥാനം നേടിയ താരമാണ് നമിത പ്രമോദ്. അഭിനയത്തില്‍ പുതുവഴികള്‍ തേടുകയാണ് ഇപ്പോള്‍ താരം. ക്യൂട്ട് പെണ്‍കുട്ടിയുടെ ഇമേജില്‍ നിന്ന് പക്വതയുള്ള നായികയാവാന്‍ സമയമായെന്ന് താരം ഒരു അഭിമുഖത്തിലൂടെ തുറന്ന് പറയുന്നു.വലിയ ലക്ഷ്യങ്ങളോടെ സിനിമയിലേക്ക് വന്നൊരാളല്ല ഞാന്‍. ദൈവം സഹായിച്ച് ഇവിടെ വന്നു. പിന്നീട് എന്റെ പാഷന്‍ ഇതാണെന്ന് തിരിച്ചറിയുകയായിരുന്നു. ആദ്യമായി നായികയായി അഭിനയിച്ചത് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങളിലാണ്.
അതിലെ നായികാ കഥാപാത്രത്തിന് ഏറെ പ്രധാന്യമുണ്ടായിരുന്നു. പിന്നീടിങ്ങോട്ട് അധികവും സാധാരണ നായികാ വേഷങ്ങളാണ് കിട്ടിയത്. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത മാര്‍ഗംകളിയാണ് ഒരു വ്യത്യാസം കൊണ്ടുവന്നത്. അതിലെ ഊര്‍മിള നന്നായി എന്നുപറഞ്ഞ് ഒരുപാട് പേര്‍ വിളിക്കുകയും മെസേജ് അയയ്ക്കുകയും ചെയ്തു. അത് തന്ന ആത്മവിശ്വാസം വലുതായിരുന്നു. പുതിയ ചിത്രം അല്‍ മല്ലുവും അത്തരത്തില്‍ ഒന്നായിരുന്നു.
അതേ സമയം എനിക്ക് മറ്റ് സഹതാരങ്ങളോട് മത്സരമില്ല. അങ്ങനെ മത്സരിക്കണമെന്ന് തോന്നിയിട്ടുമില്ല. നമുക്കുള്ളത് എങ്ങനെയായാലും തേടിവരുമെന്ന വിശ്വാസക്കാരിയാണ് ഞാന്‍. ആര്‍ക്കെങ്കിലും എന്നോട് മത്സരമുണ്ടോയെന്ന് അറിയില്ല. പിന്നെ നേരത്തെ പറഞ്ഞപോലെ ഇവിടെയിപ്പോള്‍ സ്ഥിരം നായികമാരായി ആരും നില്‍ക്കുന്നില്ലല്ലോ. കുറച്ചു നാള്‍ അവസരം കിട്ടും. അതുകഴിയുമ്‌ബോഴേക്കും പുതിയ ആളുകള്‍ വരും. എപ്പോഴും അങ്ങനെയാണ്. ഇവിടെയെല്ലാം സീസണല്‍ ആക്ടേഴ്‌സാണ്. ഹീറോസും ഹീറോയിനും ഒക്കെ അങ്ങനെയാണ്.
ജീവിതത്തില്‍ പരാജയങ്ങളുണ്ടാവും. പുറമേ കാണുന്ന തിളക്കം മാത്രമല്ല അത്യാവശ്യം നല്ല ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരും. ഇതെല്ലാം ഫേസ് ചെയ്യാന്‍ പഠിച്ചു. എല്ലാവരെയും കണ്ണടച്ച് വിശ്വസിക്കുന്ന സ്വഭാവവും മാറിയിട്ടുണ്ട്. പിന്നെ എപ്പോഴും എന്റെ അച്ഛനോ അമ്മയോ കൂടെയുണ്ടാകും. അവരാണെന്റെ സംരക്ഷണ കവചം. കഥ പറയാന്‍ വരുന്നവര്‍ പുതിയ ആളുകളാണെങ്കില്‍ ആ ചിത്രത്തെ കുറിച്ച് നല്ല ധാരണയുണ്ടോയെന്ന് ഞാന്‍ നോക്കാറുണ്ട്. ചിലര്‍ക്ക് അതിനെ പറ്റി ഒരു ധാരണയുമുണ്ടാകണമെന്നില്ല. ഒരു സംവിധായകനെ സംബന്ധിച്ച് എല്ലാ കാര്യത്തിലും നല്ല ഗൃഹപാഠം വേണം. അങ്ങനെയുള്ളവരുടെ കൂടെ ജോലി ചെയ്യാനാണ് കൂടുതല്‍ സുഖം. തുടക്കത്തില്‍ അതേ കുറിച്ചൊന്നും എനിക്കറിയില്ലായിരുന്നു. പക്ഷേ ഇപ്പോള്‍ ശ്രദ്ധിക്കും.
