Actor
പറശ്ശിനിക്കടവ് മുത്തപ്പനോട് ആരും കേള്‍ക്കാതെ കുണ്ടറ ജോണി പറഞ്ഞ ആ ആഗ്രഹം, എന്നാല്‍ അത് മുത്തപ്പനല്ല, ഞാന്‍ ആയിരുന്നു കേട്ടത്; തുറന്ന് പറഞ്ഞ് മുകേഷ്
പറശ്ശിനിക്കടവ് മുത്തപ്പനോട് ആരും കേള്‍ക്കാതെ കുണ്ടറ ജോണി പറഞ്ഞ ആ ആഗ്രഹം, എന്നാല്‍ അത് മുത്തപ്പനല്ല, ഞാന്‍ ആയിരുന്നു കേട്ടത്; തുറന്ന് പറഞ്ഞ് മുകേഷ്
കൊടൂര വില്ലനായും ചിരിപ്പിക്കുന്ന വില്ലനായും സഹനടനായും ഒക്കെ മലയാളി മനസുകളില്‍ നിറഞ്ഞുനിന്ന താരമായിരുന്നു ജോണി ജോസഫ് എന്ന കുണ്ടറ ജോണി. അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളേജിലെ അധ്യാപികയായ സ്റ്റെല്ലയാണ് ഭാര്യ.
കിരീടത്തില്‍ കീരിക്കാടന്‍ ജോസിന്റെ വലംകൈയായ പരമേശ്വരന്, നാടോടിക്കാറ്റില്‍ കള്ളക്കടത്തുകാരന് നമ്പ്യാരുടെ കൈയാള്‍, ആറാംതമ്പുരാനിലെ കുളപ്പുള്ളിഅപ്പന്റെ കളരിയഭ്യാസി, സ്ഫടികത്തിലെ പൊലീസുകാരന് മണിയന്, ്രൈകംഫയലിലെ പാപ്പി… ചെറുതും വലതുമായ അനവധി വില്ലന്‍വേഷങ്ങളിലൂടെ മലയാളസിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ നടനാണ് വിടപറഞ്ഞ കുണ്ടറ ജോണി.
കീരിക്കാടന്റെ സകല ക്രൂരതകള്‍ക്കും കുടപിടിക്കുന്ന വില്ലന്റെ രൗദ്രതയെയും എല്ലാം നഷ്ടപ്പെട്ട സേതുമാധവനൊപ്പം തെരുവില്‍ അലിഞ്ഞുചേരുന്ന സാധാരണക്കാരന്റെ നിസ്സഹായതയെയും ഒരേ തന്മതത്വത്തോടെ ജോണി തിരശ്ശീലയില്‍ നിറച്ചു. മോഹന്‍ലാലിനും മമ്മൂട്ടിക്കുമൊപ്പം മാത്രമല്ല, ജയനും പ്രേംനസീറും അടക്കമുള്ള മുന്‍കാല നായകര്‍ക്കൊപ്പവും ജോണി സ്ക്രീനിലെത്തിയിട്ടുണ്ട്.
ഇപ്പോഴിതാ കുണ്ടറ ജോണിയെ കുറിച്ച് മുകേഷ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഷൂട്ടിംഗിനിടെ പറശ്ശിനിക്കടവ് ക്ഷേത്രത്തില്‍ എത്തിയപ്പോള്‍ മുത്തപ്പന്റെ അനുഗ്രഹം തേടിയ ജോണിയെ കുറിച്ചാണ് മുകേഷ് തന്റെ വീഡിയോയില്‍ സംസാരിച്ചത്.
മുകേഷിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു;
ഒരു ദിവസം ഷൂട്ടിംഗ് സെറ്റില്‍ കണ്ണൂരിലുള്ള എന്റെ ഒരു പരിചയക്കാരന് വന്നു. അദ്ദേഹം പറശ്ശിനിക്കടവ് ക്ഷേത്രത്തിന്റെ കമ്മിറ്റി അംഗമാണ്. ഞങ്ങളെ എല്ലാവരെയും അദ്ദേഹം ക്ഷേത്രത്തിലേക്ക് ക്ഷണിച്ചു. സമയം പോലെ വരാമെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ ഒരു ദിവസം ഞങ്ങള്‍ പോയി. രണ്ടു വണ്ടി നിറയെ ആളുകളുണ്ട്. അന്ന് അവിടെ മുത്തപ്പന് വെള്ളാട്ട് നടക്കുന്ന ദിവസമായിരുന്നു. മുത്തപ്പന്റെ അനുഗ്രഹം നേരിട്ട് വാങ്ങാന്‍ പറ്റും, അനുഗ്രഹത്തിനായി എല്ലാവരും വരിയായി നിന്നു. ഭീമന് രഘുവും, കുണ്ടറ ജോണിയുമൊക്കെയുണ്ട്.
ഏറ്റവും മുന്നിലായി നില്‍ക്കുന്നത് ഞാനാണ്. എന്റെ പിന്നിലാണ് കുണ്ടറ ജോണിയുള്ളത്. എങ്ങാനും മുത്തപ്പന് ഒരാള്‍ക്ക് മാത്രമേ അനുഗ്രഹം കൊടുക്കുമെങ്കിലോ എന്ന് കരുതി ജോണി പതിയെ എന്നെ തട്ടി മാറ്റി മുന്നില്‍ വന്നു നിന്നു. വെള്ളാട്ട് കഴിഞ്ഞ് മുത്തപ്പന് വന്നു. നന്നേ പൊക്കം കുറഞ്ഞ ആളാണ് മുത്തപ്പന് വെള്ളാട്ട് കെട്ടിയിരുന്നത്. അദ്ദേഹം പീഠത്തില്‍ ഇരുന്നു, നമ്മള് ഓരോരുത്തരായി പോയി ഇനി അനുഗ്രഹം വാങ്ങണം. ആദ്യം കുണ്ടറ ജോണി പോയി.
അനുഗ്രഹം മാത്രമേ കിട്ടുകയുള്ളൂ എന്നാണ് ജോണി കരുതിയത്, എന്നാല്‍ ‘എന്താ മോന്റെ ആഗ്രഹം’ എന്ന് മുത്തപ്പന് ചോദിച്ചു. അത് ജോണി പ്രതീക്ഷിച്ചിരുന്നില്ല. ആഗ്രഹം മുത്തപ്പനോട് പറയുന്നത് തൊട്ടുപിന്നിലുള്ള ഞാന്‍ കേട്ടാലോ എന്ന് കരുതി, നല്ല പൊക്കമുള്ള ജോണി കുനിഞ്ഞ് മുത്തപ്പന്റെ കാതില്‍ എന്തോ പിറുപിറുത്തു. ‘സൂപ്പര്‍ സ്റ്റാറാകണം’ എന്നാണ് പറഞ്ഞത്. എനിക്ക് കേള്‍ക്കാമായിരുന്നു. പക്ഷെ മുത്തപ്പന് അത് വ്യക്തമായില്ല. ‘എന്താ മോനെ, കേട്ടില്ല’ എന്ന് മുത്തപ്പന് പറഞ്ഞു.
അതോടെ ജോണി എന്താണ് പറഞ്ഞത് എന്ന് കേള്‍ക്കാന്‍ എല്ലാവര്ക്കും ആവേശമായി. പക്ഷേ, ഇനി സൂപ്പര്‍സ്റ്റാര്‍ എന്ന ആഗ്രഹം ഉറക്കെ പറയാന്‍ സാധിക്കില്ല എന്ന് മനസ്സിലാക്കിയപ്പോള്‍ ജോണി മാറ്റി പറഞ്ഞു, ‘നല്ല ആരോഗ്യം വേണം’. മുത്തപ്പന് ജോണിയുടെ തലയില്‍ കൈ വച്ച് അനുഗ്രഹിച്ചു. ജോണി മാറി നിന്നു, അടുത്തത് എന്റെ ഊഴമായിരുന്നു. ഞാന്‍ മുത്തപ്പനോട് പറഞ്ഞു, ‘എന്റെ മനസ്സിലുള്ള ആഗ്രഹം നടക്കണം’ എന്ന്.
‘അത് കേട്ട് ജോണി ശ്ശെ ഇത് പറഞ്ഞാല്‍ മതിയായിരുന്നു എന്ന ഭാവത്തില്‍ നിന്നു. മനസ്സില്‍ എന്താണ് ഉദ്ദേശിച്ചത് എന്ന് നമുക്കറിയാല്ലോ, സൂപ്പര്‍ സ്റ്റാര്‍ എന്ന് തന്നെയാണ് എല്ലാവരുടെയും ആഗ്രഹം. എന്റെയും. എനിക്ക് ശേഷം വന്ന എല്ലാവരും അത് തന്നെ പറഞ്ഞു, മനസ്സിലെ ആഗ്രഹം നടക്കണമെന്ന്. ഉദ്ദിഷ്ടകാര്യം നടക്കട്ടെ എന്ന് മുത്തപ്പന് ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്തുവെന്നും മുകേഷ് പറഞ്ഞു.
1979ല്‍ തന്റെ ഇരുപത്തിമൂന്നാം വയസ്സില്‍ നിത്യവസന്തം എന്ന ചിത്രത്തിലൂടെയാണ് ജോണി ചലച്ചിത്രരംഗത്തെത്തിയത്. അതിലെ ജേക്കബ് എന്ന കഥാപാത്രം ജോണിയുടെ ഏറ്റവും വ്യത്യസ്തമായ കഥാപാത്രങ്ങളിലൊന്നായി. കഴുകന്, അഗ്നിപര്‍വതം, കരിമ്പന, രജനീഗന്ധി, താരാട്ട്, മീന്‍, അങ്ങാടിക്കപ്പുറം, വാര്‍ത്ത, ആവനാഴി, നാടോടിക്കാറ്റ്, രാജാവിന്റെ മകന്, ഒരു സിബിഐ ഡയറിക്കുറിപ്പ്, കിരീടം, ഗോഡ്ഫാദര്, ചെങ്കോല്‍, കാബൂളിവാല, സ്ഫടികം, ആറാംതമ്പുരാന്, ഭരത്ചന്ദ്രന് ഐപിഎസ്, കാക്കി, അവന് ചാണ്ടിയുടെ മകന്, രൗദ്രം, കുട്ടിസ്രാങ്ക്, ഓഗസ്റ്റ് 15 തുടങ്ങിവയാണ് പ്രധാന സിനിമകള്‍.
2022ല്‍ ഉണ്ണിമുകുന്ദന് നായകനായ മേപ്പടിയാനായിരുന്നു അവസാനം പുറത്തിറങ്ങിയ ചിത്രം. മലയാളം, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലായി മുന്നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. നിരവധി സീരിയലുകളിലും വേഷമിട്ടു. കുണ്ടറ ഫൈന്‍ ആര്‍ട്സ് സൊസൈറ്റി എന്ന സാംസ്കാരിക സംഘടനയുടെ അമരക്കാരനായ ജോണി റോട്ടറിയിലും ഇതര സംഘടനകളിലും സജീവമായിരുന്നു. 1970കളില്‍ ആറുവര്‍ഷം ജില്ലാ ഫുട്ബോള്‍ ടീം അംഗമായിരുന്നു. കുണ്ടറ മുളവന കുറ്റിപ്പുറത്ത് ജോസഫിന്റെയും കത്രീനയുടെയും മകനാണ്. സഹോദരന് അലക്സ് രണ്ടാഴ്ച മുമ്പാണ് മരിച്ചത്.
