News
മുഹമ്മദ് റഫിയുടെ ജീവിതം സിനിമയാകുന്നു!
മുഹമ്മദ് റഫിയുടെ ജീവിതം സിനിമയാകുന്നു!
കാലം എത്ര കടന്ന് പോയാലും മുഹമ്മദ് റഫിയെ മലയാളിയെ പോലെതന്നെ ഓരോ ഇന്ത്യാക്കാരനും മറക്കില്ല. ഇന്ത്യൻ ചലച്ചിത്ര ഗാന ശാഖയ്ക്ക് റഫി നൽകിയ സംഭാവനകൾ ചെറുതല്ല. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ജീവിതം സിനിമയാകാൻ പോകുകയാണ്. മകൻ ഷാഹിദ് റഫി തന്നെയാണ് ഈ വിവരം അറിയിച്ചിരിക്കുന്നത്.
ഗോവയിൽ നടക്കുന്ന ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലാണ് ഷാഹിദ് റാഫിയുടെ ബിയോപിക് പ്രഖ്യാപിച്ചത്. ചിത്രം സംവിധാനം ചെയ്യുന്നതിനായി ഉമേഷ് ശുക്ലയുമായി ചർച്ചയിലാണെന്നും ഷാഹിദ് അറിയിച്ചു. മുഹമ്മദ് റാഫിയുടെ നൂറാം ജന്മദിനമായ 2024 ഡിസംബർ 24 ന് ബയോപിക് ഔദ്യോഗികമായി പ്രഖ്യാപിക്കും.
ബോളിവുഡ് സിനിമയ്ക്ക് നൽകിയ മഹത്തായ സംഭാവനകൾക്ക് മുഹമ്മദ് റാഫിയ്ക്ക് ആദരം അർപ്പിച്ച ചടങ്ങിൽ അദ്ദേഹത്തിൻ്റെ നിത്യഹരിത ക്ലാസിക്കുകൾ അവതരിപ്പിക്കുകയും ചെയ്തിരുന്നു. റാഫി സാബിന്റെ ഗാനങ്ങളും ബയോപികിന്റെ ഭാഗമായിരിക്കും. നടി ശർമിള ടാഗോർ, ഗായകരായ സോനു നിഗം, അനുരാധ പഡ്വാൾ, ചലച്ചിത്ര നിർമാതാവ് സുഭാഷ് ഘായി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
1980 ജൂലൈ 31 ന് ഹൃദയാഘാതത്തെതുടർന്നാണ് റഫി അന്തരിക്കുന്നത്. മുകേഷ്, കിഷോർ കുമാർ എന്നീ ഗായകർക്കൊപ്പം 1950 മുതൽ 1970 വരെ ഉർദു-ഹിന്ദി ചലച്ചിത്രപിന്നണിഗായകരിലെ മുടിചൂടാമന്നരിൽ ഒരാളായിരുന്നു റഫി. ഹിന്ദി, മറാഠി, ഉർദു, തെലുങ്ക് തുടങ്ങിയ അനേകം ഭാഷകളിൽ പാടിയിട്ടുണ്ടെങ്കിലും ഉർദു-ഹിന്ദി സിനിമകളിൽ പാടിയ ഗാനങ്ങളിലൂടെയാണ് മുഹമ്മദ് റഫി ഓർമ്മിക്കപ്പെടുന്നത്.
ദേശീയ അവാർഡും ആറുതവണ ഫിലിംഫെയർ അവാർഡും നേടിയിട്ടുണ്ട്. 1967-ൽ പത്മശ്രീ ബഹുമതി നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. അദ്ദേഹത്തിന്റെ സംഗീത സപര്യ 35 വർഷം നീണ്ടു നിന്നു. 1967- ൽ പത്മശ്രീ ലഭിച്ചു. 1948-ൽ ഒന്നാം സ്വാതന്ത്ര്യവാർഷികദിനത്തിൽ റഫിക്ക് പ്രധാനമന്ത്രി ജവഹർലാൽ നെഹ്രൂവിൽ നിന്നും വെള്ളിമെഡൽ ലഭിച്ചിരുന്നു.
