Movies
അരിക്കൊമ്പന്റെ ജീവിതം സിനിമയാകുന്നു
അരിക്കൊമ്പന്റെ ജീവിതം സിനിമയാകുന്നു
കേരളത്തിൽ ഇന്നും വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന അരിക്കൊമ്പന്റെ ജീവിതം സിനിമയാകുന്നു. സാജിദ് യഹിയയാണ് അരിക്കൊമ്പന്റെ ജീവിത കഥ സിനിമയാക്കുന്നത്.
രണ്ട് വയസ്സുള്ളപ്പോൾ അമ്മയെ നഷ്ടപ്പെട്ട അരിക്കൊമ്പന്റെ സംഭവബഹുലമാർന്ന കഥയാണ് സിനിമയ്ക്ക് ആധാരമെന്നാണ് റിപ്പോർട്ട്. സിനിമയുടേതായി പുറത്തിറങ്ങിയ അനൗൺസ്മെന്റ് പോസ്റ്ററിലും അമ്മ ആനയെയയും അതിന്റെ കുഞ്ഞിനെയും കാണാം.
സുഹൈൽ എം. കോയയുടേതാണ് കഥ. എൻ.എം. ബാദുഷ, ഷിനോയ് മാത്യു, രാജൻ ചിറയിൽ, മഞ്ജു ബാദുഷ, നീതു ഷിനോയ്, പ്രിജിൻ ജെ.പി. എന്നിവർ ചേർന്നാണ് നിർമാണം. ബദുഷാ സിനിമാസിന്റെയും പെൻ ആൻഡ് പേപ്പർ ക്രിയേഷൻസിന്റെയും ബാനറിലാണ് നിർമാണം.
ചിത്രത്തിന്റെ താര നിർണയം പുരോഗമിച്ചു വരികയാണ്. അരിക്കൊമ്പന്റെ പിന്നിലെ അണിയറപ്രവർത്തകർ ഷാരോൺ ശ്രീനിവാസ്, പ്രിയദർശിനി,അമൽ മനോജ്, പ്രകാശ് അലക്സ് , വിമൽ നാസർ, നിഹാൽ സാദിഖ്, അനീസ് നാടോടി, നരസിംഹ സ്വാമി, വിജിത്, ആസിഫ് കുറ്റിപ്പുറം, അബു വളയംകുളം, മാഗ്ഗുഫിൻ എന്നിവരാണ്. പിആർഓ പ്രതീഷ് ശേഖർ.
അതേസമയം , അരിക്കൊമ്പന്റെ കോളറില്‍ നിന്നുമുള്ള സിഗ്നലുകള്‍ വീണ്ടും നഷ്ടമായി. മഴ മേഘങ്ങള്‍ അടക്കമുള്ള പ്രതികൂല കാലാവസ്ഥ കാരണം ആനയുടെ ശരീരത്തില്‍ ഘടിപ്പിച്ചിട്ടുള്ള ജിപിഎസ് കോളറില്‍ നിന്നുള്ള സിഗ്നലുകള്‍ കൃത്യമായി കിട്ടാൻ വൈകുന്നുവെന്നാണ് വിവരം. ഇന്നലെ വൈകിട്ട് വരെ പെരിയാര്‍ കടുവ സങ്കേതത്തിന് പരിസരത്തുതന്നെയായിരുന്നു അരിക്കൊമ്പന്. അതിനുശേഷമായിരിക്കാം തമിഴ്നാട് ജനവാസമേഖലയിലേക്ക് പോയതെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കരുതുന്നത്. ജനവാസ മേഖലയില്‍ എത്തിയ ആനയെ നാട്ടുകാരും വനപാലകരും ചേര്‍ന്നാണ് കാട്ടിലേക്ക് തിരികെ തുരത്തിയത്. പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ തുറന്നുവിട്ട അരിക്കൊമ്പന് കഴിഞ്ഞ ദിവസമാണ് തമിഴ്നാട്ടിലെ ജനവാസ മേഖലയിലെത്തിയത്. ഹൈവേസ് ഡാമിന് സമീപം കൃഷി നശിപ്പിക്കാന്‍ ശ്രമിച്ച ആനയെ തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് തിരികെ കാട്ടിലേക്ക് തുരത്തുകയായിരുന്നു. തമിഴ്നാട് വനമേഖലയില്‍ തുടരുകയാണ് നിലവില്‍ അരിക്കൊമ്പന്.
മണലൂര്‍ ഭാഗത്തെ തോട്ടം മേഖലയിലെ തൊഴിലാളികളും ഇതോടെ കടുത്ത ആശങ്കയിലാണ്. ജനവാസ മേഖലയിലേക്ക് അരിക്കൊമ്പന് കടക്കാന്‍ തുടങ്ങിയതോടെയാണ് ജനങ്ങളുടെ ആശങ്ക. മേഘമല പ്രദേശത്ത് വിഹരിക്കുന്ന അരിക്കൊമ്പന്റെ തമിഴ്നാട്ടില്‍ നിന്നുള്ള ആദ്യ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. അവിടെനിന്ന് വെള്ളം കുടിച്ചശേഷം പെരിയാര്‍ കടുവാ സങ്കേതത്തിലേക്ക് തന്നെ തിരികെപ്പോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. മേഘമല ഭാഗത്ത് ആനയുടെ ആക്രമണം നടന്നുവെന്ന വാര്‍ത്ത തമിഴ്നാട്ടിലെ പത്രങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
