Malayalam
നാട്ടിലെത്തുമ്പോള്‍ തീര്‍ച്ചയായും നേരില്‍ക്കാണാം; സന്ധ്യയ്ക്ക് ഉറപ്പ് നല്കി ലാലേട്ടന്
നാട്ടിലെത്തുമ്പോള്‍ തീര്‍ച്ചയായും നേരില്‍ക്കാണാം; സന്ധ്യയ്ക്ക് ഉറപ്പ് നല്കി ലാലേട്ടന്
ഇരു കൈകളുമില്ലാതെ മോഹന്‍ലാലിന്റെ ചിത്രം വരയ്ക്കുന്ന സന്ധ്യയുടെ ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ ഫാന്‍സ് പേജുകളിലെല്ലാം വൈറലായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട മോഹന്‍ലാല്‍ ചൊവ്വാഴ്ച വൈകീട്ട് ആറോടെയാണ് മോഹന്‍ലാല്‍ വീഡിയോകോളിലൂടെ സന്ധ്യയെ അഭിനന്ദിച്ചത്.
‘മോള് വരച്ച ചിത്രം കണ്ടിരുന്നു. ഒരുപാട് ചിത്രങ്ങള്‍ വരയ്ക്കാനുള്ള അനുഗ്രഹമുണ്ടാകട്ടെ…ഞാനിപ്പോള്‍ ചെന്നൈയിലാണ്. തിരിച്ചു നാട്ടിലെത്തുമ്പോള്‍ തീര്‍ച്ചയായും നേരില്‍ക്കാണാം’…എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. തിരിച്ച് ലാലേട്ടനു പിറന്നാള്‍ ആശംസകള്‍ നല്കി കുടുംബവും ഒപ്പംചേര്‍ന്നു.
മാധ്യമങ്ങളിലൂടെ സന്ധ്യയുടെ വാര്‍ത്ത ശ്രദ്ധിയില്‍പ്പെട്ട മോഹന്‍ലാലിന്റെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് സനില്‍കുമാറാണ് പ്രദേശവാസികളായ സുഹൃത്തുക്കളെയുംകൂട്ടി പാച്ചല്ലൂരിലെ വീട്ടിലെത്തിയത്. ലാലേട്ടന് പറഞ്ഞിട്ടാണ് ഞങ്ങള്‍ വന്നതെന്നും അദ്ദേഹം ചെന്നൈയിലായതിനാല്‍ വരാന്‍ സാധിച്ചില്ലെന്നും അവര്‍ പറഞ്ഞു.
തുടര്‍ന്നാണ് മോഹന്‍ലാല്‍ വീഡിയോകോളിലൂടെ സന്ധ്യയോടു സംസാരിച്ചത്. ‘ലാലേട്ടന് വിളിച്ചല്ലോ…ഇനി നേരിട്ടുകാണുമ്പോള്‍ ഞാനീ ചിത്രം കൈമാറും’… എന്നും സന്ധ്യ പറയുന്നു. ഇരു കൈയും കാലുമില്ലാതെയാണ് പാച്ചല്ലൂര്‍ സ്വദേശി സന്ധ്യ ജനിച്ചത്.
ഇടതുകൈയിലെ നേര്ത്തവളവില് പെന്‍സില്‍ പിടിച്ചാണ് ചിത്രം വരയ്ക്കുന്നത്. അങ്ങനെ വരച്ച മോഹന്‍ലാല്‍ചിത്രം അദ്ദേഹത്തിനു സമ്മാനിക്കുകയെന്നതായിരുന്നു സന്ധ്യയുടെ ആഗ്രഹം.
