Connect with us

തുടരും കാണാൻ തിയേറ്ററിൽ എത്തി മോഹൻലാൽ; ചിത്രത്തിന് ലഭിക്കുന്ന സ്നേഹവും ഹൃദയം തൊട്ടുള്ള പ്രതികരണങ്ങളും തന്നെ ആഴത്തിൽ സ്പർശിച്ചിരിക്കുന്നുവെന്ന് നടൻ

Malayalam

തുടരും കാണാൻ തിയേറ്ററിൽ എത്തി മോഹൻലാൽ; ചിത്രത്തിന് ലഭിക്കുന്ന സ്നേഹവും ഹൃദയം തൊട്ടുള്ള പ്രതികരണങ്ങളും തന്നെ ആഴത്തിൽ സ്പർശിച്ചിരിക്കുന്നുവെന്ന് നടൻ

തുടരും കാണാൻ തിയേറ്ററിൽ എത്തി മോഹൻലാൽ; ചിത്രത്തിന് ലഭിക്കുന്ന സ്നേഹവും ഹൃദയം തൊട്ടുള്ള പ്രതികരണങ്ങളും തന്നെ ആഴത്തിൽ സ്പർശിച്ചിരിക്കുന്നുവെന്ന് നടൻ

നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ കേരളക്കരയുടെ മനസ്സിൽ ചേക്കേറിയിട്ട് വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു. ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിച്ചും മോഹൻലാൽ എന്ന നടവിസ്മയും തിരശ്ശീലയിൽ ആടിത്തീർത്തത് എത്രയോ മികച്ച കഥാപാത്രങ്ങൾ. ഇനിയും ചെയ്യാനിരിക്കുന്നത് അതിലേറെ മികച്ച വേഷങ്ങൾ.

കിരീടത്തിലെ സേതുമാധവനും മണിച്ചിത്രത്താഴിലെ ഡോ. സണ്ണിയും ദശരഥത്തിലെ രാജീവ് മേനോനും യോദ്ധയിലെ അശോകനും ഭരതത്തിലെ ഗോപിയുമൊക്കെ മലയാള സിനിമ ഉള്ളിടത്തോളം കാലം നിലനിൽക്കും. തന്റെ കഥാപാത്രത്തിന്റെ പൂർണതയ്ക്ക് വേണ്ടി എന്ത് തരം മാറ്റങ്ങളും കൊണ്ടു വരാറുണ്ട് അദ്ദേഹം. മലയാളത്തിൽ മാത്രമല്ല, അങ്ങ് തമിഴിലും ഹിന്ദിയിലും കന്നഡയിലും തെലുങ്കിലുമെല്ലാം മോഹൻലാൽ കയ്യടി നേടിയിട്ടുണ്ട്.

ഇപ്പോഴിതാ മോഹൻലാലിന്റെ എറ്റവും പുതിയ ചിത്രം തുടരും തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. മികച്ച പ്രേക്ഷക പ്രതികരണം തേടിയാണ് ചിത്രം മുന്നേറുന്നത്. തരുൺ മൂർത്തിയുടെ സംവിധാനത്തിൽ ഇറങ്ങിയ ചിത്രം പ്രേക്ഷകരെ പൂർണ സംതൃപ്തരാക്കിയാണ് പുറത്തെത്തിക്കുന്നത്. സിനിമയുടെ മേക്കിങ്ങും മോഹൻലാലിന്റെ പെർഫോമൻസുമെല്ലാം വലിയ കയ്യടി നേടുന്നു. പ്രൊമോഷനുകൾ ഒന്നും അധികം ഇല്ലാതെ എത്തിയ ചിത്രം തിയേറ്ററുകളിൽ സർപ്രൈസ് ഹിറ്റായി മാറുകയായിരുന്നു. ഏറെ നാളുകൾക്ക് ശേഷം ആരാധകർ ഒന്നടങ്കം ആവേശത്തോടെ കയ്യടിച്ചുകണ്ട ചിത്രമായി മാറിയിരിക്കുകയാണ് തുടരും.

15 വർഷങ്ങൾക്കിപ്പുറം മോഹൻലാൽ-ശോഭന ഒന്നിച്ച ചിത്രം കൂടിയാണിത്. മോഹൻലാലിലെ നടനെ നഷ്ടമായി എന്ന് പറയുന്നവർക്കുള്ള മറുപടിയാണ് ഈ ചിത്രം എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഞങ്ങളുടെ പഴയ ലാലേട്ടനെ ഇതിൽ കണ്ടു എന്നാണ് പലരും പറഞ്ഞത്. മോഹൻലാലെന്ന നടനെ സ്നേഹിക്കുന്നവരൊന്നാകെ സംവിധായകൻ തരുൺ മൂർത്തിക്ക് നന്ദി പറയുകയാണ്. ചിത്രത്തിന്റെ തിരക്കഥയൊരുക്കിയ സുനിലും തരുണും പ്രശംസ അർഹിക്കുന്നുവെന്നും പ്രേക്ഷകർ പറയുന്നു

തുടരും ആദ്യ ദിനം കാണാൻ തിയേറ്ററുകളിൽ എത്തിയ മോഹൻലാലിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. പൂനെയിലെ പിവിആർ മൾട്ടിപ്ലക്‌സിലാണ് സൂപ്പർതാരം ചിത്രം കണ്ടത്. ആർപ്പുവിളികളോടെയാണ് നടനെ ആരാധകർ സ്വീകരിച്ചത്. സത്യൻ അന്തിക്കാട് ചിത്രം ഹൃദയപൂർവ്വം ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് നിലവിൽ പൂനെയിലാണ് മോഹൻലാൽ. ഹൃദയപൂർവ്വം അണിയറപ്രവർത്തകരും സിനിമ കാണാനായി മോഹൻലാലിനൊപ്പം ഉണ്ടായിരുന്നു. വീഡിയോയിൽ ലാലു അലക്‌സ്, സത്യൻ അന്തിക്കാട് തുടങ്ങിയവരെയും മോഹൻലാലിനൊപ്പം കാണാം.

ഷണ്മുഖം എന്ന ടാക്സി ഡ്രൈവറായാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. വൻ തുകയ്ക്കാണ് ഹോട്‍സ്റ്റാർ ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് നേടിയിരിക്കുന്നത് എന്നുമാണ് റിപ്പോർട്ട്. ഷൺമുഖം എന്ന സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഷൺമുഖത്തിന്റെ ജീവിതം നർമ്മത്തിലൂടെയും ഹൃദയസ്പർശിയായ രംഗങ്ങളിലൂടെയും അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. രജപുത്ര ഫിലിംസ് നിർമിക്കുന്ന ചിത്രത്തിൽ ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു.

നാളുകൾക്ക് ശേഷം മണിയൻപിള്ള രാജുവും മോഹൻലാലും ഒന്നക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഒരു കാലത്ത് മലയാളികളെ ഏറെ ചിരിപ്പിച്ച് കോംബോയായിരുന്നു മോഹൻലാൽ-മണിയൻപിള്ള രാജു. മോഹൻലാൽ എന്ന നടനെവെച്ച് ഒരു സിനിമ ചെയ്ത സംവിധായകന് മറ്റൊരു നടനൊപ്പം പ്രവർത്തിക്കുമ്പോൾ അത്രയും തൃപ്തി ഉണ്ടാകില്ലെന്നാണ് മണിയൻപിള്ള രാജു പറഞ്ഞിരുന്നത്. മുൻപ് നൽകിയ അഭിമുഖത്തിലെ ഭാഗം തുടരും സിനിമയുടെ റിലീസിന് പിന്നാലെ വീണ്ടും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയാണ്.

മോഹൻലാൽ ഏത് സാഹചര്യത്തിലും അഡ്ജസ്റ്റ് ചെയുന്ന ആളാണ്. ആര് അടുത്ത് വന്ന് സംസാരിച്ചാലും രണ്ട് മിനിറ്റുകൊണ്ട് അയാളുമായി ലാൽ കമ്പനിയാകും. അദ്ദേഹം ഒരു സംവിധായകന്റെ കൂടെ വർക്ക് ചെയ്‌താൽ പിന്നെ ആ സംവിധായകൻ വേറൊരു നടനെവെച്ച് സംവിധാനം ചെയ്യുമ്പോൾ സമാധാനവും തൃപ്തിയും ഉണ്ടാകില്ല. അത്രയധികം സഹകരിച്ച് വർക്ക് ചെയുന്ന ആളാണ് മോഹൻലാൽ. സിനിമയ്ക്ക് വേണ്ടി യാത്ര ചെയ്യാനും കഷ്ടപ്പെടാനും ലാൽ തയ്യാറാണ്. ഒരു മടിയും കാണിക്കില്ല; മണിയൻ പിള്ള രാജു പറഞ്ഞു. കുട്ടിച്ചൻ എന്ന കഥാപാത്രത്തെയാണ് മണിയൻപിള്ള രാജു സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്.

ചിത്രത്തിൻറെ ടിക്കറ്റ് വിൽപ്പനയിൽ ഓരോ മണിക്കൂറിലും വലിയ കുതിപ്പാണ്. പല തിയേറ്ററുകളിലും ചിത്രത്തിനായി അഡിഷണൽ ഷോകൾ സംഘടിപ്പിക്കുന്നുണ്ട്. ആദ്യ ദിനം തുടരുമിന് മൂന്ന് കോടിയ്ക്ക് മുകളിൽ കളക്ഷൻ നേടാൻ സാധിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്കുകൂട്ടൽ. എമ്പുരാൻ സിനിമയുടെ ടിക്കറ്റ് വിൽപ്പനയിലെ റെക്കോർഡുകൾ തുടരും തിരുത്തിയിട്ടുണ്ട്. പ്രദർശനത്തിനെത്തി ആദ്യ മണിക്കൂറുകളിൽ 30K-യിലധികം ടിക്കറ്റുകൾ ബുക്ക് മൈ ഷോയിലൂടെ ചിത്രം വിറ്റഴിച്ചെന്നാണ് റിപ്പോർട്ട്. ഇത് റീലിസിന് ശേഷം എമ്പുരാൻ വിറ്റഴിച്ച ടിക്കറ്റിനേക്കാൾ അധികമാണ്.

ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾ സംവിധായകൻ തരുൺ മൂർത്തി മാത്രം എത്തിയിരുന്നത്. എന്ത് കൊണ്ട് ശോഭനയും മോഹൻലാലും പ്രമോഷന് എത്തിയില്ല എന്ന ചോദ്യം ഉയർന്നിരുന്നു. ശേഭനയെയും മോഹൻലാലിനെയും വീണ്ടും ഒരുമിച്ച് കാണുന്നതിൻറെ എക്സ്ക്ലൂസിവിറ്റി നഷ്ടപ്പെടാതിരിക്കാനാണ് ഇരുവരും പ്രമോഷന് വരാതിരിക്കുന്നതെന്നാണ് തരുൺ മൂർത്തി പറഞ്ഞത്. മോഹൻലാൽ-ശോഭന കോംബോയുടെ കെമിസ്ട്രിയും മാജിക്കും കാണേണ്ടത് തിയേറ്ററിൽ ആണെന്നും സിനിമയുടെ റിലീസിന് ശേഷം അഭിനേതാക്കൾ സംസാരിക്കുമെന്നുമാണ് തരുൺ പറഞ്ഞത്.

ശേഷം പ്രതികരണവുമായി മോഹൻലാലും രംഗത്തെത്തിയിരുന്നു. ചിത്രത്തിന് ലഭിക്കുന്ന സ്നേഹവും ഹൃദയം തൊട്ടുള്ള പ്രതികരണങ്ങളും തന്നെ ആഴത്തിൽ സ്പർശിച്ചെന്നും സിനിമയെ ചേർത്ത് നിർത്തിയതിന് നന്ദി എന്നും മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചു. അദ്ദേഹത്തന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു;

‘തുടരും എന്ന ചിത്രത്തിന് ലഭിക്കുന്ന സ്നേഹവും ഹൃദയം തൊട്ടുള്ള പ്രതികരണങ്ങളും എന്നെ ആഴത്തിൽ സ്പർശിച്ചിരിക്കുന്നു. ഓരോ സന്ദേശവും അഭിനന്ദനത്തിൻ്റെ ഓരോ വാക്കുകളും എനിക്ക് പൂർണ്ണമായി പ്രകടിപ്പിക്കാൻ കഴിയാത്ത വിധത്തിൽ എന്നെ സ്പർശിച്ചു. ഈ കഥയിലേക്ക് നിങ്ങളുടെ ഹൃദയങ്ങൾ തുറന്നതിന്, അതിൻറെ ആത്മാവ് കണ്ടതിന്, അനുഗ്രഹപൂർവ്വം അതിനെ ചേർത്ത് നിർത്തിയതിന് നന്ദി.

ഈ നന്ദി എൻറേത് മാത്രമല്ല. തങ്ങളുടെ സ്നേഹവും പരിശ്രമവും ഊർജ്ജവുമൊക്കെ ഓരോ ഫ്രെയ്മുകളിലും പകർന്ന് ഈ യാത്രയിൽ എനിക്കൊപ്പം നടന്ന എല്ലാവരുടേതുമാണ്. എം രഞ്ജിത്ത്, തരുൺ മൂർത്തി, കെ ആർ സുനിൽ, ശോഭന, ബിനു പപ്പു, പ്രകാശ് വർമ്മ, ഷാജി കുമാർ, ജേക്സ് ബിജോയ് പിന്നെ ഞങ്ങളുടെ ഗംഭീര ടീം- നിങ്ങളുടെ കലയും ആവേശവുമാണ് തുടരുമിനെ ഇന്ന് കാണുന്ന രീതിയിലാക്കിയത്.

ഈ സിനിമ ശ്രദ്ധയോടെ, ഒരു ലക്ഷ്യത്തോടെ, എല്ലാറ്റിനുമുപരിയായി, സത്യസന്ധമായി നിർമ്മിച്ചതാണ്. അത് വളരെ ആഴത്തിൽ പ്രതിധ്വനിക്കുന്നത് കാണുന്നത് ഒരു പ്രതിഫലത്തേക്കാൾ കൂടുതലാണ്. അതാണ് യഥാർത്ഥ അനുഗ്രഹം. ഹൃദയപൂർവ്വം എൻറെ നന്ദി എന്നുമാണ് മോഹൻലാൽ കുറിച്ചിരുന്നത്.

അതേസമയം, ഹൃദയപൂർവത്തിന് പുറമേ മഹേഷ് നാരായണൻ ചിത്രത്തിലും മോഹൻലാൽ അഭിനയിക്കുന്നുണ്ട്. ഈ ചിത്രത്തിൽ മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്നുവെന്നുള്ളതാണ് വലിയ പ്രത്യേകത. 16 വർഷങ്ങൾക്ക് ശേഷം ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന സിനിമയാണിത്. ഇതിന് മുമ്പ് ട്വന്റി ട്വന്റി എന്ന സിനിമയിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. നയൻതാരയാണ് ചിത്രത്തിൽ നായികയെന്ന പ്രത്യേകതയുമുണ്ട്. ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നു. കഴിഞ്ഞ വർഷം നവംബർ മാസത്തിലാണ് സിനിമയുടെ പൂജ നടന്നത്.

ശ്രീലങ്കയിൽ വെച്ചായിരുന്നു ചടങ്ങ്. മമ്മൂട്ടിയും മോഹൻലാലും ചട‌ങ്ങിനെത്തിയിരുന്നു. ശ്രീലങ്ക, ലണ്ടൻ, അബു ദാബി, അസർബെെജാൻ, തായ്ലന്റ്, വിശാഖ പട്ടണം, ഹെെദരാബാദ്, ഡൽഹി, കൊച്ചി എന്നിവിടങ്ങളിലായാണ് ഷൂട്ടിംഗ്. ഈ മൾട്ടി സ്റ്റാർ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ബസൂക്കയാണ് മമ്മൂട്ടിയുടെ റിലീസ് ചെയ്യാനിരിക്കുന്ന സിനിമ. നവാഗതനായ ഡീനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് ബസൂക്ക. ഏപ്രിൽ 10 ന് ചിത്രം തിയറ്ററുകളിലെത്തും.

1982-ലാണ് മോഹൻലാലും മമ്മൂട്ടിയും ആദ്യമായി പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്നത്. നവോദയയുടെ ‘പടയോട്ടം’ എന്ന സിനിമയിലായിരുന്നുവത്. അതിൽ മോഹൻലാലിന്റെ അച്ഛനായിട്ടായിരുന്നു മമ്മൂട്ടി അഭിനയിച്ചത്. പിന്നാലെ ഐ.വി.ശശി സംവിധാനം ചെയ്ത അഹിംസ, സിന്ധൂരസന്ധ്യയ്ക്ക് മൗനം, ഇതാ ഇന്നുമുതൽ, അതിരാത്രം, അടിയൊഴുക്കുകൾ, ആൾക്കൂട്ടത്തിൽ തനിയെ, അനുബന്ധം, കരിമ്പിൻ പൂവിനക്കരെ, കണ്ടു കണ്ടറിഞ്ഞു, കരിയിലകാറ്റു പോലെ, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, അടിമകൾ ഉടമകൾ തുടങ്ങി 51 സിനിമകളിൽ ഇരുവരും ഒരുമിച്ചെത്തി. അതിലേറെയും സംവിധാനം ചെയ്തത് ഐ.വി.ശശിയാണ്.

1998-ൽ ഫാസിൽ സംവിധാനം ചെയ്ത ‘ഹരികൃഷ്ണൻസ്’ എന്ന സിനിമ ഇരുവരുടേയും കൂട്ടുകെട്ടിൽ വൻ വിജയം നേടി. രണ്ട് താരങ്ങളുടെയും ആരാധകർക്കുവേണ്ടി, രണ്ടുരീതിയിൽ ഷൂട്ട് ചെയ്ത ക്ലൈമാക്‌സ് സീൻ വാർത്തകളിൽ നിറയുകയും ചെയ്തു. 2000-ൽ ഷാജി കൈലാസ് സംവിധാനം ചെയ്ത ‘നരസിംഹ’ത്തിൽ നായകൻ മോഹൻലാലാണ്. പക്ഷേ നായകന്റെ അച്ഛനെ രക്ഷിക്കാനെത്തുന്ന വക്കീലായി മമ്മൂട്ടി സിനിമയിൽ കസറി. പൂവള്ളി ഇന്ദുചൂഡനെയും അഡ്വ. നന്ദഗോപാൽ മാരാരെയും ഇന്നും പ്രേക്ഷകർ മറന്നിട്ടില്ല. 2013-ൽ പുറത്തിറങ്ങിയ മമ്മൂട്ടിയുടെ ‘കടൽ കടന്ന് ഒരു മാത്തുക്കുട്ടി’യിൽ മോഹൻലാൽ അതിഥിതാരമായെത്തിയിരുന്നു.

More in Malayalam

Trending

Recent

To Top