Malayalam
സംഗീത സംവിധായകൻ മോഹൻ സിത്താര ബിജെപിയിൽ ചേർന്നു!
സംഗീത സംവിധായകൻ മോഹൻ സിത്താര ബിജെപിയിൽ ചേർന്നു!
മലയാളികളുടെ പ്രിയങ്കരനാണ് സംഗീത സംവിധായകൻ മോഹൻ സിത്താര. ഇപ്പോഴിതാ അദ്ദേഹം ബിജെപിയിൽ ചേർന്നുവെന്നുള്ള വിവരങ്ങളാണ് പുറത്തെത്തുന്നത്. തൃശൂർ ബിജെപി ജില്ലാ നേതൃത്വമാണ് മെമ്പർഷിപ്പ് കാമ്പെയിന് തുടക്കമിട്ട് മോഹൻ സിതാരയ്‌ക്ക് അംഗത്വം നൽകിയത്. ജില്ലാ പ്രസിഡന്റ് അഡ്വ. കെകെ അനീഷ് കുമാറാണ് സംഗീത സംവിധായകനെ ഷാൾ അണിയിച്ച് പാർട്ടിയിലേക്ക് സ്വീരകരിച്ചത്.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പല ഗാനങ്ങളും സമ്മാനിച്ച സംഗീത സംവിധായകനാണെങ്കിലും കഴിഞ്ഞ 10 വർഷക്കാലത്തിന് മുകളിലായി മോഹൻസിത്താര സംഗീതം ചെയ്തുകൊണ്ട് ഒരു സിനിമയും പുറത്തുവന്നിട്ടില്ല. റിയാലിറ്റി ഷോകളിൽ പോലും മോഹൻസിത്താരയുടെ സാന്നിധ്യം ഇല്ലാതായി.
സിനിമയിൽ തിളങ്ങി നിൽക്കുന്ന സമയത്ത് തനിക്ക് ചുറ്റും എപ്പോഴും ആൾക്കൂട്ടമുണ്ടായിരുന്നുവെന്നും എന്നാൽ തനിക്കൊരു മോശം സമയം ഉണ്ടായപ്പോൾ ആരും കൂടെയുണ്ടായില്ലെന്നും മോഹൻസിത്താര ഒരു അഭിമുഖത്തിനിടെ പറഞ്ഞത് അടുത്തിടെയാണ്. 2013ൽ പുറത്തീറങ്ങിയ അയാൾ എന്ന സിനിമയിലാണ് മോഹൻസിത്താര അവസാനമായി സംഗീതം ചെയ്തത്.
പിന്നെ ചില വർക്കുകൾ ചെയ്‌തെങ്കിലും പഴയ പ്രതാപം കൈമോശം വന്നതോടെ ആരും വിളിക്കാതെയായി. പതിയെ വീട്ടിൽ നിന്നും പുറത്തിറങ്ങുന്നതും നിർത്തി. ജീവിതം തന്നെ നിശബ്ദമായി. ആർക്കും വേണ്ടാതായി എന്ന തോന്നൽ വന്നപ്പോൾ അസുഖബാധിതനായെന്നും മോഹൻസിത്താര പറയുന്നു. തിരിച്ചുവരവിൽ എഴുത്തോല എന്ന സിനിമയുടെ സംഗീതമാണ് മോഹൻസിത്താര ചെയ്യുന്നത്. കൈതപ്രമാണ് വരികൾ എഴുതുന്നത്.
1986 ൽ “ഒന്നു മുതൽ പൂജ്യം വരെ” എന്ന ചിത്രത്തിലൂടെയാണ് സംഗീതസംവിധയകനായി മോഹൻ സിത്താര അരങ്ങേറിയത്. രാരീ രാരീരം രാരോ എന്നു തുടങ്ങുന്ന ഈ ചിത്രത്തിലെ ഗാനം വൻ ഹിറ്റായി. 1989 ൽ കമല ഹാസൻ അഭിനയിച്ച ചാണക്യൻ എന്ന ഹിറ്റു ചിത്രത്തിലും മോഹൻ സിതാരയാണ് സംഗീതം പകർന്നത്.
