News
സംഗീതജ്ഞന് കീരവാണി വീണ്ടും മലയാളത്തിലേയ്ക്ക്
സംഗീതജ്ഞന് കീരവാണി വീണ്ടും മലയാളത്തിലേയ്ക്ക്
ഓസ്കാര്‍ അവാര്‍ഡ് നേടിയെ സംഗീതജ്ഞന് കീരവാണി വീണ്ടും മലയാളത്തിലേയ്ക്ക്. മരഗതമണി എന്ന പേരില്‍ മലയാളത്തില്‍ നിരവധി ഗാനങ്ങള്‍ ഒരുക്കിയിട്ടുള്ള കീരവാണി വീണ്ടും മലയാളത്തിലേക്ക് വരുന്ന കാര്യം അറിയിച്ചത് പ്രമുഖ ഗാനരചയിതാവായ ശ്രീകുമാരന്‍ തമ്പിയാണ്. തന്റെ ഫേസ് ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ശ്രീകുമാരന്‍ തമ്പിയുടെ ഫേസ് ബുക്ക് പോസ്റ്റ്
ഓസ്കാര്‍ അവാര്‍ഡ് നേടിയ പ്രിയ സ്നേഹിതന് കീരവാണിക്ക് അഭിനന്ദനം. ഞാനും കീരവാണിയും ചേര്‍ന്ന് ജോണി സാഗരിക നിര്‍മ്മിക്കുന്ന ഒരു സിനിമയ്ക്കു വേണ്ടി അഞ്ചു പാട്ടുകള്‍ ഒരുക്കിയിട്ടുണ്ട്. കോവിഡ് ദുരന്തത്തില്‍ പെട്ടുപോയ ആ ചിത്രത്തിന്റെ ജോലികള്‍ ഉടനെ പുനരാരംഭിക്കും എന്നാണ് നിര്‍മ്മാതാവ് പറയുന്നത്.
മലയാളത്തില്‍ മരഗതമണി എന്ന പേരില്‍ അറിയപ്പെടുന്ന കീരവാണി തെന്നിന്ത്യന്‍ സിനിമയെ ഉയരങ്ങളില്‍ എത്തിച്ചിരിക്കുകയാണ്. നമുക്ക് അഭിമാനിക്കാം. ലാളിത്യത്തിന്റെയും ആത്മാര്‍ഥതയുടെയും പ്രതീകമായ ആ മഹാസംഗീതജ്ഞന് കൂടുതല്‍ ഉയരങ്ങളിലേക്ക് കുതിക്കാന്‍ കാലം അനുഗ്രഹിക്കട്ടെ.!
1990ല്‍ കല്‍ക്കി എന്ന ചിത്രത്തിലൂടെയാണ് കീരവാണി സ്വതന്ത്ര സംഗീതജ്ഞനായി മാറിയത്. എന്നാല്‍ ആ സിനിമ റിലീസ് ചെയ്തില്ല, പാട്ടുകളും അധികം ശ്രദ്ധ നേടാതെ പോയി. തുടര്‍ന്ന് സംവിധായകന് മൗലിയുടെ ‘മനസ്സു മമത’ എന്ന ചിത്രത്തിനു വേണ്ടി പാട്ടുകള്‍ ഒരുക്കി. ഇതാണ് കീരവാണിയുടെ ആദ്യ റിലീസ് സിനിമയായി കണക്കാക്കുന്നത്.
രാം ഗോപാല്‍ വര്‍മ്മയുടെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ ക്ഷണ നിമിഷം ആണ് കീരവാണിയെ ശ്രദ്ധിക്കപ്പെടുന്ന സംഗീത സംവിധായകനാക്കി മാറ്റിയത്. ഈ സിനിമയിലെ എല്ലാ ഗാനങ്ങളും ഹിറ്റാവുകയും ദക്ഷിണേന്ത്യയിലെ മറ്റു ഇന്ഡസ്ട്രികളില് നിന്ന് കീരവാണിക്ക് ഓഫറുകള്‍ ലഭിക്കാനും തുടങ്ങി. 61ആം വയസ്സിലും മാറുന്ന ട്രെന്‍ഡുകള്‍ക്കൊപ്പം വിസ്മയമായി കീരവാണി യാത്ര തുടരുന്നു.
അന്നമയ്യ പോലുള്ള ഹിറ്റ് ചിത്രങ്ങളിലൂടെ തെലുങ്കിലെ പിന്നണി ഗാന രംഗത്തെ ശ്രദ്ധേയ വ്യക്തിത്വമായി കീരവാണി മാറി. ഈസ് രാത് കി സുബഹ് നഹിന്, സുര്‍ ദ മെലഡി ഓഫ് ലൈഫ്, സഖ്ം, സായ, ജിസം, ക്രിമിനല്‍, സ്പെഷ്യല്‍ 26, റോഗ്, പഹേലി തുടങ്ങിയ ഹിന്ദി ചിത്രങ്ങള്‍ക്ക് അദ്ദേഹം സംഗീതം പകര്‍ന്നു. മലയാളത്തില്‍ നീലഗിരി, സൂര്യ മാനസം, ദേവരാഗം തുടങ്ങിയ ചിത്രങ്ങളുടെ സ്കോര്‍ ചെയ്തതും കീരവാണിയാണ്. രാജമൗലിയുടെ ബ്രഹ്മാണ്ഡചിത്രമായ ബാഹുബലി ഒന്ന്, രണ്ട് ഭാഗങ്ങളുടെ സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കിയതും കീരവാണിയായിരുന്നു.
കര്‍ണടക സംഗീതത്തിലെ രാഗത്തിന്റെ പേര് കൂടിയാണ് കീരവാണി. പ്രസിദ്ധിയുടെ വഴിയില്‍ അത്ര തിളങ്ങി നില്ക്കുന്ന പ്രകൃതക്കാരനല്ല കീരവാണിയെങ്കിലും പാട്ടുകള്‍ മൂളിക്കൊടുത്താല്‍ ഭാഷാഭേദമന്യേ ആളുകള്‍ക്ക് അദ്ദേഹം മുന്‍പരിചയക്കാരനായിരിക്കും. 1990ല്‍ ഇറങ്ങിയ മനസ്സ് മമത എന്ന ചിത്രമാണ് കൊടുരി മരകതമണി കീരവാണിയെ തെലുങ്ക് സിനിമയില്‍ അടയാളപ്പെടുത്തുന്നത്. കരിയറിന്റെ തുടക്കത്തിലേ മലയാളത്തിലുമെത്തി. 91ല്‍ പുറത്തിറങ്ങിയ ഐ.വി. ശശിയുടെ നീലഗിരി ആദ്യചിത്രം. തൊട്ടടുത്ത വര്‍ഷം സൂര്യമാനസം. കീരവാണിയുെട മെലഡിയില്‍ മലയാളം വിതുമ്പുകയായിരുന്നു.
ഭരതനാണ് പിന്നീട് വീണ്ടും കീരവാണിയെ മലയാളത്തിലേക്ക് കൂട്ടിക്കൊണ്ടുവരുന്നത്, ദേവരാഗം പകരാന്‍. പിറന്നതോ ഒന്നിനോടൊന്ന് മികവുറ്റ ഗാനങ്ങള്‍. മലയാളത്തിലും തമിഴിലും മരഗത മണി എന്ന പേരിലായിരുന്നു എം.എം. കീരവാണി പാട്ടുകള്‍ ചിട്ടപ്പെടുത്തിയത്. 2014ല്‍ സിനിമ സംഗീത ലോകത്തുനിന്നും വിരമിക്കല്‍ പ്രഖ്യാപനം നടത്തിയ കീരവാണിയെ ബന്ധുകൂടിയായ സംവിധായകന് എസ്.എസ് രാജമൗലിയാണ് പിന്തിരിപ്പിച്ചത്.
