News
‘നെറ്റ്ഫിളിക്സ് വേഴ്സിന്റെ കവാടങ്ങള്‍ തുറന്നു, യൂണിവേഴ്സുകള്‍ ഒന്നിക്കുന്നു,’; പുതിയ ചിത്രം കണ്ട് അമ്പരന്ന് പ്രേക്ഷകര്‍
‘നെറ്റ്ഫിളിക്സ് വേഴ്സിന്റെ കവാടങ്ങള്‍ തുറന്നു, യൂണിവേഴ്സുകള്‍ ഒന്നിക്കുന്നു,’; പുതിയ ചിത്രം കണ്ട് അമ്പരന്ന് പ്രേക്ഷകര്‍
മലയാള സിനിമയില്‍ ഇന്നേ വരെ കാണാത്ത തരത്തില്‍ പുറത്തെത്തിയ ചിത്രമായിരുന്നു മിന്നല്‍ മുരളി. ഈ സിനിമയിലൂടെ ബേസില്‍ ജോസഫ് മലയാളത്തിന് ഒരു സൂപ്പര്‍ഹീറോയെ ലഭിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നെറ്റ്ഫ്ലിക്സിലൂടെയാണ് മിന്നല്‍ മുരളി റിലീസ് ചെയ്തത്. അന്തര്‍ദേശീയ തലത്തില്‍ നിരവധി പുരസ്കാരങ്ങള്‍ സിനിമയ്ക്ക് ലഭിച്ചിരുന്നു.
ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമിലൂടെ നെറ്റ്ഫ്ളിക്സ് ഇന്ത്യ പുറത്ത് വിട്ട മിന്നല്‍ മുരളിയുടെ പുതിയ ചിത്രം കണ്ട് ഞെട്ടിയിരിക്കുകയാണ് മലയാളികള്‍. മിന്നല്‍ മുരളിയായി ടൊവിനോയും ‘സ്ട്രെയ്ഞ്ചര്‍ തിങ്സ്’ എന്ന് സീരിസിലെ വെക്ന (വണ്‍) എന്ന കഥാപാത്രമായ ബോളിവുഡ് താരം വിജയ് വര്‍മയുമാണ് ഫോട്ടോയിലുള്ളത്.
‘നെറ്റ്ഫിളിക്സ് വേഴ്സിന്റെ കവാടങ്ങള്‍ തുറന്നു, യൂണിവേഴ്സുകള്‍ ഒന്നിക്കുന്നു,’ എന്നാണ് ചിത്രത്തിന് നെറ്റ്ഫ്ളിക്സ് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. പോസ്റ്റിന് താഴെ നിരവധി കമന്റുകളും വരുന്നുണ്ട്. വെക്നയുടെ കാര്യം തീര്‍ന്നുവെന്നും വെക്നയക്ക് മുരളിയെ കൈകാര്യം ചെയ്യാനാവില്ലെന്നും കമന്റുകളുണ്ട്. മിന്നല്‍ മുരളിയെ വച്ച് നെറ്റ്ഫ്ളിക്സ് പുതിയ യൂണിവേഴ്സ് ഉണ്ടാക്കുകയാണോ എന്നാണ് മറ്റ് ചില കമന്റുകള്‍.
ഒപ്പം മിന്നല്‍ മുരളിയുടെ രണ്ടാം ഭാഗം ഉടന്‍ ഉണ്ടായേക്കുമെന്ന സൂചനയും നെറ്റ്ഫ്ലിക്സിന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് നല്‍കുന്നുണ്ട്. എന്നാല്‍ മിന്നല്‍ മുരളിയുടെ രണ്ടാം ഭാഗം മൂന്നു വര്‍ഷത്തിന് ശേഷമേ ഉണ്ടാകൂ എന്ന് ബേസില്‍ ജോസഫ് പ്രതികരിച്ചിരുന്നു. ആദ്യ ഭാഗം ഒടിടിയിലായിരുന്നെങ്കില് രണ്ടാം ഭാഗം തിയേറ്ററില്‍ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷ.
