News
ചേട്ടന് എനിക്ക് പിതാവിനെ പോലെയാണ്; അദ്ദേഹവുമായി വഴക്കായത് കൊണ്ടാണ് സംസ്കാരത്തില്‍ പങ്കെടുക്കാത്തതെന്ന് പലരും പറഞ്ഞു പരത്തി; എന്നാല്‍ സത്യം അതല്ല; തുറന്ന് പറഞ്ഞ് എംജി ശ്രീകുമാര്‍
ചേട്ടന് എനിക്ക് പിതാവിനെ പോലെയാണ്; അദ്ദേഹവുമായി വഴക്കായത് കൊണ്ടാണ് സംസ്കാരത്തില്‍ പങ്കെടുക്കാത്തതെന്ന് പലരും പറഞ്ഞു പരത്തി; എന്നാല്‍ സത്യം അതല്ല; തുറന്ന് പറഞ്ഞ് എംജി ശ്രീകുമാര്‍
നിരവധി സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ ആലപിച്ച് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ഗായകനാണ് എംജി ശ്രീകുമാര്‍. വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞിട്ടും എംജി ശ്രീകുമാര്‍ എന്ന താരത്തിന്റെ ശബ്ദത്തിലെത്തിയ ഗാനങ്ങള്‍ ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവയാണ്. ഗായകനായും റിയാലിറ്റി ഷോ വിധി കര്‍ത്താവായും അവതാരകനായുമെല്ലാം തിളങ്ങി നില്‍ക്കുകയാണ് അദ്ദേഹം.
സംഗീത കുടുംബത്തില്‍ നിന്നും ഒത്തിരി സംഭാവനകള്‍ നല്കിയ താരങ്ങളാണ് എം ജി ശ്രീകുമാറും സഹോദരന് എം ജി രാധാകൃഷ്ണനും. ഒരാള്‍ സംഗീത സംവിധായകനായപ്പോള്‍ മറ്റെയാള്‍ ഗായകനായി. ചേട്ടനൊരുക്കിയ സംഗീതത്തില്‍ ശ്രീകുമാര്‍ പാടിയിരിക്കുന്നത് നിരവധി ഹിറ്റ് ഗാനങ്ങളായിരുന്നു. പലതും ഇപ്പോഴും മലയാളികളുടെ പ്രിയപ്പെട്ട ലിസ്റ്റിലുള്ള പാട്ടുകളാണ്.
ദേവാസുരം എന്ന സിനിമയിലെ പാട്ടിന്റെ റെക്കോര്‍ഡിങ് നടക്കുമ്പോള്‍ താന്‍ സഹോദരനുമായി ചെറിയ പിണക്കത്തിലായിരുന്നുവെന്ന് പറയുന്ന എം ജിയുടെ വാക്കുകളാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. സഹോദരന് നഷ്ടപ്പെട്ടതിന്റെ വേദനയെ കുറിച്ചും തന്റെ പേരില്‍ ഉയര്‍ന്ന് വന്ന ആരോപണത്തെ കുറിച്ചുമെല്ലാം ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുക്കവേയാണ് എം ജി ശ്രീകുമാര്‍ സംസാരിച്ചത്.
‘സൂര്യ കിരീടം വീണുടഞ്ഞു’ എന്ന പാട്ട് പാടുന്ന സമയത്ത് സഹോദരനും സംഗീത സംവിധായകനുമായ എം ജി രാധാകൃഷ്ണനുമായി ഒരു പിണക്കത്തിലായിരുന്നുവെന്നാണ് എം ജി ശ്രീകുമാര്‍ പറയുന്നത്. ആ പാട്ട് പാടി കൊണ്ടാണ് അതിന്റെ വിശേഷങ്ങള്‍ ഗായകന് പങ്കുവെച്ചത്. തീര്‍ച്ചയായിട്ടും ഞാനീ പാട്ട് എന്റെ എല്ലാമെല്ലാമായിരുന്ന സഹോദരന് എം ജി രാധാകൃഷ്ണന് വേണ്ടിയും അതുപോലെ ഗിരീഷ് പുത്തഞ്ചേരിയ്ക്ക് വേണ്ടിയും സമര്‍പ്പിക്കുകയാണ്.
ഈ പാട്ട് വീണ്ടും പാടിയപ്പോള്‍ ഞാനെന്റെ ചേട്ടനെ വീണ്ടും ഓര്‍മ്മിച്ച് പോയി. ഇത് റെക്കോര്‍ഡ് ചെയ്യുന്ന സമയത്ത് ഞാനും ചേട്ടനും തമ്മില്‍ വഴക്കായിരുന്നു. ഞങ്ങള്‍ ഇടയ്ക്കിടെ വഴക്ക് കൂടുന്ന ആളുകളാണ്. കാരണം വളരെ സെന്‍സിറ്റീവായ ആളാണ് ചേട്ടന്. ഞാനും ഏകദേശം അതുപോലെ തന്നെയാണ്. ഇത് പാടുമ്പോള്‍ ഡാ, തുറന്ന് പാടെടാ എന്നായി ചേട്ടന്. കുറേ ആളുകളുടെ മുന്നില്‍ നിന്നുമാണ് അത് പറയുന്നത്. പെണ്‍കുട്ടികളുടെ മുന്നില്‍ നിന്നാണ് പറയുന്നതെങ്കില്‍ എനിക്ക് തീരെ ഇഷ്ടപ്പെടുകയുമില്ലെന്ന് തമാശരൂപേണ ശ്രീകുമാര്‍ പറയുന്നു.
അന്ന് പാടാന്‍ എത്തിയപ്പോള്‍ ഞാനൊരു സംഗതി പറഞ്ഞ് തരാം. അത് നീ പാടിയാല്‍ വൈകുന്നേരം ചിക്കന്‍ വാങ്ങി തരുമെന്ന് ചേട്ടന് പറഞ്ഞു. ആ സംഗതിയാണ് ഈ പാട്ടിലുള്ളത്. കുറച്ച് പ്രയാസമുള്ള കാര്യമാണത്. അത് എം ജി രാധാകൃഷ്ണന് മാത്രമുള്ള സ്റ്റാംപാണ്. അദ്ദേഹത്തെ ഇപ്പോള്‍ മിസ് ചെയ്യുന്നുണ്ട്. ദിവസത്തില്‍ ഒരു പ്രാവിശ്യം പോലും ഓര്ക്കാതിരിക്കാറില്ല. ചേട്ടന് വലിയൊരു മനുഷ്യനാണ്. അദ്ദേഹത്തിന്റെ സംഗീതം സുഗന്ധദ്രവ്യം പോലെയാണ്. ശരിക്കും ചേട്ടന്റെ പാട്ടുകളൊന്നും അംഗീകരിക്കപ്പെട്ടിട്ടില്ല.
അദ്ദേഹത്തിന്റെ പാട്ട് കേള്‍ക്കുമ്പോള്‍ ഞാന്‍ ആലോചിക്കാറുണ്ട്, അദ്ദേഹത്തിന് കിട്ടേണ്ട അര്‍ഹതയൊന്നും ലഭിച്ചില്ലല്ലോ എന്ന്. ചേട്ടന്റെ ഓരോ പാട്ടുകളും എടുത്ത് നോക്കിയാല്‍ അത് വ്യക്തമായി മനസിലാക്കാവുന്നതേയുള്ളു എന്നും എംജി കൂട്ടിച്ചേര്‍ത്തു. ഞങ്ങള്‍ക്കിടയില്‍ പ്രശ്നങ്ങളുണ്ടെന്ന് സിനിമയ്ക്കുള്ളില്‍ നിന്നും ആരോ പറഞ്ഞ് പരത്തിയതാണ്. സഹോദരന്റെ സംസ്കാരത്തില്‍ പങ്കെടുക്കാന്‍ പറ്റാത്തതിനെ കുറിച്ചും ഗായകന് സംസാരിച്ചു.
അദ്ദേഹം എനിക്ക് പിതാവിനെ പോലെയാണ്. ഞാന്‍ പാടുന്നതിന്റെ കഴിവ് ചേട്ടനിലൂടെ കിട്ടിയതാണ്. ചേട്ടനുമായി വഴക്കായത് കൊണ്ടാണ് സംസ്കാരത്തില്‍ പങ്കെടുക്കാത്തതെന്ന് പലരും പറഞ്ഞു. സത്യമങ്ങനെയല്ല. അന്ന് ഞാന്‍ അമേരിക്കയിലായിരുന്നു. ഒരു പ്രോഗ്രാമിന് പോയതാണ്. യേശുദാസും ലക്ഷ്മി ഗോപാലസ്വാമിയും ഇതിന് സാക്ഷികളാണ്. അവിടുത്തെ പ്രോഗ്രാം കഴിഞ്ഞതിന് ശേഷമാണ് ചേട്ടന് മരിച്ച് പോയ കാര്യം അറിയുന്നത്.
അവിടെ നിന്നും പെട്ടെന്ന് കേരളത്തിലേക്ക് എത്താന്‍ പറ്റില്ല. ഏകദേശം മൂന്ന് ദിവസമെടുക്കും. അതുവരെ ബോഡി വെക്കുന്നത് ശരിയാണോന്ന് അറിയില്ല. തൊട്ടടുത്ത ദിവസം സംസ്കാരം നടത്തിയെന്ന് എം ജി ശ്രീകുമാര്‍ പറയുന്നു. കൂടോത്രം ചെയ്തിട്ടുണ്ടോന്ന ചോദ്യത്തിന് അതെന്താണെന്നാണ് താരം തിരികെ ചോദിച്ചത്. പ്രേതം, ഭൂതം, ബ്രഹ്മരക്ഷസ്, തുടങ്ങിയവയിലൊന്നും യാതൊരു വിശ്വാസമില്ല.
സഹോദരന്റെ മകളുടെ വിവാഹത്തിന് കൂടോത്രം വെച്ചതിനെ പറ്റിയും അവതാരകന് ചോദിച്ചു. അന്ന് മദ്രാസില്‍ നിന്നും വാങ്ങിയ അഞ്ച് പവന്റെ മാല ഒരു ബോക്സിലാക്കി കൊടുത്തു. അവിടുത്തെ രീതി അനുസരിച്ച് മഞ്ഞളൊക്കെ തേച്ചാണ് ബോക്സ് ഉണ്ടാവുക. അതില്‍ എംജിആര്‍ എന്ന് എഴുതുകയും ചെയ്തത് തെറ്റിദ്ധരിക്കപ്പെട്ടു. ശേഷം അവരാ മാല ഉരുക്കി പലയിടത്തായി കളഞ്ഞുവെന്ന് എംജി ശ്രീകുമാര്‍ പറയുന്നു.
