Malayalam
ഭര്‍ത്താവിന്റെ മരണത്തോടെ തളര്‍ന്ന മേഘ്നക്ക് ശക്തമായ പിന്തുണയുമായി ആരാധകര്‍; വിവാഹ വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകള്‍ ഹൃദയഭേദകം
ഭര്‍ത്താവിന്റെ മരണത്തോടെ തളര്‍ന്ന മേഘ്നക്ക് ശക്തമായ പിന്തുണയുമായി ആരാധകര്‍; വിവാഹ വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകള്‍ ഹൃദയഭേദകം
ചിരഞ്ജീവി സര്‍ജയുടെ മരണത്തിന് മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് തങ്ങളുടെ വിവാഹവീഡിയോയും മേഘ്ന വീണ്ടും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. രണ്ട് വര്‍ഷമായിരിക്കുന്നു. ഇപ്പോഴും എപ്പോഴും ഇങ്ങനെ തന്നെ എന്ന അടിക്കുറിപ്പുമായാണ് വീഡിയോ പങ്കുവച്ചത്. ക്രിസ്ത്യന്‍ ആചാരപ്രകാരവും ഹിന്ദു ആചാരപ്രകാരവും ഇവരുടെ വിവാഹച്ചടങ്ങുകള്‍ നടന്നിരുന്നു. ഇതില്‍ ക്രിസ്ത്യന്‍ ആചാരപ്രകാരം നടന്ന ചടങ്ങുകളുടെ മനോഹരമായ വീഡിയോ ആയിരുന്നു മേഘ്ന പങ്കുവച്ചിരുന്നത്. ഇപ്പോള്‍ ചിരഞ്ജീവിയുടെ മരണവാര്‍ത്ത പുറത്തുവന്നതോടെ മേഘ്ന പങ്കുവച്ച വിവാഹവീഡിയോയ്ക്ക് താഴെ ആരാധകരുടെ കമന്റുകള്‍ വന്നുനിറയുകയാണ്. ശക്തയായിരിക്കൂവെന്നും, വരാനിരിക്കുന്ന കുഞ്ഞിന് വേണ്ടിയെങ്കിലും സമാധാനപ്പെടണമെന്നുമെല്ലാം ചിരഞ്ജീവിയുടേയും മേഘ്നയുടേയും ആരാധകര്‍ കുറിക്കുന്നു
ചിരഞ്ജീവിയുടെ സംസ്കാരച്ചടങ്ങുകള്‍ക്കിടെ പൊട്ടിക്കരയുന്ന മേഘ്നയുടെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ ആകെയും പ്രചരിച്ചിരുന്നു. ഇരുവരുടേയും സ്നേഹബന്ധം അത്രമാത്രം ആഴത്തിലുള്ളതായിരുന്നുവെന്നും അപ്രതീക്ഷിതമായ വേര്‍പാടായതിനാല്‍ അത് വലിയ ആഘാതമാണ് മേഘ്നയിലുണ്ടാക്കിയതെന്നും ഇവരുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നുണ്ട്. കടുത്ത നെഞ്ചുവേദനയും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഞായറാഴ്ച ഉച്ച കഴിഞ്ഞാണ് ചിരഞ്ജീവിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ വൈകാതെ തന്നെ താരം മരണത്തിന് കീഴടങ്ങുകയായിരുന്നു. കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഇദ്ദേഹത്തിന്റെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട് എന്നാണ് ബന്ധുക്കള്‍ അറിയിക്കുന്നത്. ഇത് സംബന്ധിച്ച മറ്റ് വിവരങ്ങളൊന്നും ലഭ്യമല്ല. ലോക്ഡൗണിന് തൊട്ടുമുമ്പാണ് ചിരഞ്ജീവിയുടെ അവസാന ചിത്രമായ ‘ശിവാര്‍ജുന’ റിലീസ് ചെയ്തത്. പുതിയ പ്രോജക്ടുകളുടെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയാണ് താരത്തിന്റെ അന്ത്യം. കരിയറില്‍ ഇനിയും എത്രയോ നേട്ടങ്ങള്‍ ബാക്കി കിടക്കവേയാണ് ചിരഞ്ജീവി വിട പറഞ്ഞിരിക്കുന്നതെന്നാണ് സിനിമാസ്വാദകര്‍ ഒന്നടങ്കം പറയുന്നത്. അതിലും വലിയ ശൂന്യതയാണ് സര്‍ജ കുടുംബത്തിനും ഉണ്ടായിരിക്കുന്നത്.
