അങ്ങനെയുള്ളവരുടെ കൂടെ ഞാൻ അഭിനയിക്കില്ല. …മുമ്പ് അഭിനയിക്കേണ്ട അവസ്ഥ വന്നിരിക്കാം, ഇനിയെന്റെ കംഫർട്ടിനനുസരിച്ചേ ചെയ്യൂ ; മീര
മലയാള സിനിമ ആസ്വാദകരുടെ പ്രിയതാരമാണ് മീരാ ജാസ്മിൻ . ഒരുപിടി മികച്ച കഥാപാത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച താരം ആറു വർഷത്തെ ഇടവേളക്ക് ശേഷം അഭിനയത്തിൽ വീണ്ടും സജീവമാകുകയാണ്. സത്യൻ അന്തിക്കാടിന്റെ മകള് ആയിരുന്നു അവസാനമായി മീര അഭിനയിച്ച ചിത്രം. ഇപ്പോഴിതാ ഇൻസ്റ്റാഗ്രാമിൽ നടി പങ്കുവച്ച പുത്തൻ ഫോട്ടോകള് വൈറലാകുകയാണ്. . മഞ്ജു വാര്യർക്ക് ശേഷം മലയാളത്തിൽ തുടരെ ശ്രദ്ധേയ കഥാപാത്രങ്ങൾ ലഭിച്ച നടിയും മീരയാണ്. ഹിറ്റുകളുടെ വലിയാെരു നിര തന്നെ മീരയുടെ കരിയറിലുണ്ട്. രസതന്ത്രം, സ്വപനക്കൂട്, അച്ചവിന്റെ അമ്മ, കസ്തൂരി മാൻ തുടങ്ങിയ സിനിമകളിൽ മീര തിളങ്ങി.
അന്ന് ചെയ്ത കഥാപാത്രങ്ങളിലൂടെയാണ് ഇന്നും മീര ജാസ്മിനെ പ്രേക്ഷകർ ഓർക്കുന്നത്. സിനിമാ രംഗത്ത് നിന്നും വർഷങ്ങളോളം മാറി നിന്നപ്പോഴും മീരയെ പ്രേക്ഷകർ മറന്നില്ല. കരിയറിൽ കുതിച്ചുയരുന്ന ഘട്ടത്തിലാണ് മീര സിനിമാ ലോകത്ത് നിന്നും അകന്ന് തുടങ്ങുന്നത്. പ്രത്യേകിച്ചും മലയാള സിനിമയിൽ നിന്നാണ് മീര അകലം കാണിച്ചത്.
വിവാദങ്ങളും പ്രമുഖരുടെ ആരോപണങ്ങളും ഇതിന് ഒരു പരിധിവരെ കാരണമായിട്ടുണ്ട്. മീര അച്ചടക്കമില്ലാത്ത നടിയാണെന്ന് സംവിധായകൻ കമൽ തുറന്നടിക്കുന്ന സാഹചര്യവും ഉണ്ടായി. സെറ്റിൽ നിന്നും ഇറങ്ങിപ്പോക്ക്, ദേഷ്യപ്പെടൽ തുടങ്ങിയ ആരോപണങ്ങളും ഇതിനിടെ നടിക്കെതിരെ വന്നു. അപൂർവമായേ ഇത്തരം ആരോപണങ്ങളോട് മീര പ്രതികരിച്ചിട്ടുള്ളൂ.
തെറ്റായ ഉദ്ദേശ്യത്തോടെയുള്ള സമീപനത്തെ എതിർക്കുന്നതിനാലാണ് ഇത്തരം കഥകൾ കെട്ടിച്ചമയ്ക്കുന്നതെന്നാണ് ഒരിക്കൽ മീര പറഞ്ഞത്. സംവിധായകൻ കമലിന്റെ ആരോപണത്തെക്കുറിച്ച് പ്രതികരിക്കാനില്ലെന്നും അന്ന് മീര വ്യക്തമാക്കി. സിനിമ രംഗത്ത് നിന്നും പതിയെ അകന്ന മീര ദുബായിൽ തന്റെ വ്യക്തി ജീവിതത്തിലേക്ക് ശ്രദ്ധ നൽകി. ലൈം ലൈറ്റിൽ നിന്നും അകന്ന് നിന്ന മീര കഴിഞ്ഞ വർഷമാണ് മകൾ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് തിരിച്ച് വന്നത്. പഴയ മീരയിൽ നിന്നും ഒരുപാട് മാറ്റങ്ങൾ ഇന്നത്തെ മീരയിൽ കാണാം.
മുമ്പേത്തക്കാൾ സ്റ്റെെലിഷാണ് മീരയിന്ന്. ദുബായിലെ ജീവിതം നടി ആഘോഷിക്കുകയാണെന്ന് മീരയുടെ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ നിന്ന് വ്യക്തമാണ്. മീര പങ്കുവെച്ച പുതിയ ഫോട്ടോയാണ് ഇപ്പോൾ വൈറലാവുന്നത്. വയലറ്റ് നിറത്തിലുള്ള ഗൗൺ ധരിച്ച് അതിസുന്ദരിയായി നിൽക്കുന്ന മീരയെയാണ് ഫോട്ടോകളിൽ കാണുന്നത്. നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായെത്തിയത്. മീര മുമ്പത്തേക്കാൾ ചെറുപ്പമായി തോന്നുന്നെന്ന് പലരും കമന്റ് ചെയ്തു.
പുതിയ ഫോട്ടോകൾ വൈറലാവുന്നതിനിടെ മീരയുടെ പഴയ അഭിമുഖങ്ങളും ശ്രദ്ധ നേടുകയാണ്. സംവിധായകരിൽ സത്യൻ അന്തിക്കാടാണ് തനിക്ക് സെറ്റിൽ ശ്രദ്ധയും പരിഗണനയും തന്നതെന്ന് മുമ്പൊരിക്കൽ മീര പറഞ്ഞിട്ടുണ്ട്. മനോരമയിലെ നേരെ ചൊവ്വെ എന്ന പ്രോഗ്രാമിൽ സംസാരിക്കുകയായിരുന്നു മീര. എന്റെ നല്ല പെർഫോമൻസ് ലഭിക്കാൻ വേണ്ടിയുള്ള അന്തരീക്ഷമാണ് അദ്ദേഹം ഒരുക്കിത്തന്നത്. ആ സ്വാതന്ത്ര്യം മുതലെടുത്തിട്ടില്ല. എന്നെ സംബന്ധിച്ച് വർക്കാണ് പ്രധാനമെന്ന് അന്ന് മീര പറഞ്ഞു.ആദ്യം വേണ്ടത് മനുഷ്യത്വമാണ്. മനുഷ്യരാണ് അഭിനയിക്കുന്നതെന്ന് അറിയാമല്ലോ. അവർക്ക് ചില പ്രശ്നങ്ങൾ കാണും, ആരോഗ്യം മോശമായിരിക്കും, ചിലപ്പോൾ ക്ഷീണിക്കും. അതൊക്കെ മനസ്സിലാക്കാൻ പറ്റുന്ന സംവിധായകൻ ആയിരിക്കണം. സംവിധായകനെ എന്തുകൊണ്ട് ക്യാപ്റ്റൻ എന്ന് വിളിക്കുന്നു. ക്യാപ്റ്റനാണ് എല്ലാം. ചുമ്മാ സെറ്റ് നന്നായിട്ട് കാര്യമില്ല. ആർട്ടിസ്റ്റിന്റെ മുഖത്ത് നിന്ന് അഭിനയം വരണം. അത് മനസ്സിലാക്കി അവരെ ഹാൻഡിൽ ചെയ്യാൻ പറ്റുന്ന സംവിധായകൻ വേണം’
‘പാട്ടിന്റെ പാലാഴി എന്ന സിനിമയുടെ സംവിധായകൻ രാജീവ് അഞ്ചൽ അങ്ങനെയൊരു വ്യക്തിയാണ്. ആർട്ടിസ്റ്റിന്റെ കംഫർട്ട് നോക്കും. ഷൂട്ട് കഴിഞ്ഞാലും പോവില്ല. അവിടെ എല്ലാവരും സംസാരിച്ചിരിക്കും. ചിലയിടത്ത് ഷൂട്ടിംഗ് തുടങ്ങുമ്പോഴേ ഇത് അബദ്ധമായല്ലോ എന്നാണ് തീരുന്നതെന്ന ചിന്ത വരും’
അതേസമയം ഒരുപാട് നിബന്ധനകൾ വെക്കാനും പറ്റില്ല. നമുക്ക് നിയന്ത്രണങ്ങൾ ഉണ്ട്. എന്നാൽ വേഗം, വാ ഇതാണ് മൂഡ്. അഭിനയിക്കെന്ന് പറഞ്ഞാൽ പറ്റില്ല. അങ്ങനെയുള്ളവരുടെ കൂടെ ഞാൻ അഭിനയിക്കില്ല. മുമ്പ് അഭിനയിക്കേണ്ട അവസ്ഥ വന്നിരിക്കാം. ഇനിയെന്റെ കംഫർട്ടിനനുസരിച്ചേ ചെയ്യൂ എന്നും അന്ന് മീര പറഞ്ഞു.
