Actor
മുകേഷ് മുറിയിലേയ്ക്ക് വന്നു, മോശമായി പെരുമാറാൻ ശ്രമിച്ചു; വെളിപ്പെടുത്തലുമായി നടി മീനു മുനീർ
മുകേഷ് മുറിയിലേയ്ക്ക് വന്നു, മോശമായി പെരുമാറാൻ ശ്രമിച്ചു; വെളിപ്പെടുത്തലുമായി നടി മീനു മുനീർ
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയതോടെ വലിയ കോളിളക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ നിരവധി പേരാണ് തങ്ങളുടെ ദുരനുഭവങ്ങളെ കുറിച്ച് പറഞ്ഞ് രംഗത്തെത്തുന്നത്. ഇപ്പോഴിതാ മുകേഷ് അടക്കമുള്ള കൂടുതൽ പ്രമുഖ നടന്മാർക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി മീനു മുനീർ.
2013ലായിരുന്നു സംഭവം. മുകേഷ് അടക്കമുള്ളവർക്കെതിരെ ഗുരുതര ആരോപണങ്ങളാണ് മിനു ഉന്നയിക്കുന്നത്. ലൊക്കേഷനിൽ വെച്ചാണ് കൂടുതലും ദുരനുഭവങ്ങളുണ്ടായത്. മുകേഷ് സെറ്റിൽ വച്ച് മോശമായ രീതിയിൽ സംസാരിച്ചു. ഇന്നസെന്റിനോട് പരാതി പറഞ്ഞപ്പോൾ അമ്മയിൽ ചേരാൻ ആവശ്യപ്പെട്ടു.
എന്നാൽ അമ്മയിൽ ചേരാൻ ശ്രമിച്ചപ്പോൾ മുകേഷ് അടങ്ങിയ സംഘം തടയുകയും താൻ അറിയാതെ നുഴഞ്ഞ് അമ്മയിൽ കയറാമെന്ന് വിചാരിച്ചല്ലേ എന്ന് ചോദിക്കുകയും ചെയ്തു. മാത്രമല്ല, താൻ അറിയാതെ ഒന്നും മലയാള സിനിമയിൽ നടക്കില്ലെന്നും പറഞ്ഞു. പിന്നീട് അമ്മയിലെ കമ്മറ്റി മെമ്പേഴ്സിന് തന്നെ അറിയില്ലെന്നാണ് ലഭിച്ച മറുപടി.
അമ്മയിലെ അംഗത്വത്തിന് ശ്രമിച്ചപ്പോൾ ഇടവേള ബാബു മോശമായി പെരുമാറി. അമ്മയിലെ കമ്മിറ്റി അംഗങ്ങളെ ഗൗനിക്കാതെ അംഗത്വം നൽകില്ലെന്ന് മുകേഷും പറഞ്ഞു. മുകേഷ് പലതവണ അപ്രോച്ച് ചെയ്തു. ഒരു തവണ മുറിയിലേയ്ക്ക് വന്നു, മോശമായി പെരുമാറാൻ ശ്രമിച്ചു. താൻ ഒഴിഞ്ഞുമാറിയെന്നും മിനു മുനീർ പറഞ്ഞു.
അതേസമയം കഴിഞ്ഞ ദിവസം കാസ്റ്റിങ് ഡയറക്ടർ ടെസ് ജോസഫ് ആണ് വീണ്ടും മുകേഷിനെതിരെ രംഗത്തെത്തിയത്. ഹോട്ടലിൽ താമസിക്കുമ്പോൾ മുകേഷ് തന്നെ മുറിയിലേയ്ക്ക് വരാൻ ആവശ്യപ്പെട്ട് നിരന്തരം വിളിച്ച് ശല്യപ്പെടുത്തി എന്നാണ് ടെസ് ജോസഫ് പറയുന്നത്.
കോടീശ്വരൻ എന്ന ടെലിവിഷൻ പരിപാടിയുടെ ഷൂട്ടിംഗിനിടെയാണ് മുകേഷ് തന്നോട് മോശമായി പെരുമാറിയതെന്ന് ടെസ് പറയുന്നത്. അന്ന് മുകേഷ് താമസിച്ചിരുന്ന ഹോട്ടൽ റൂമിനടുത്തേയ്ക്ക് തന്നോട് താമസം മാറാൻ ആവശ്യപ്പെട്ടിരുന്നതായും, പിന്നീട് ഹോട്ടലിൽ സ്വാധീനം ചെലുത്തി സ്വന്തം മുറിയ്ക്കടുത്തേക്ക് മാറ്റിച്ചുവെന്നുമാണ് ടെസിന്റെ ആരോപണം.
ഇതേ തുടർന്ന് അന്നത്തെ തന്റെ ചാനൽമേധാവിയും തൃണമൂൽ നേതാവുമായ ഡെറക് ഒബ്‌റമിനോട് പറഞ്ഞിരുന്നുവെന്നും, അദ്ദേഹം അടുത്ത ഫ്‌ളൈറ്റ് പിടിച്ച് തന്ന് തന്നെ രക്ഷിക്കുകയായിരുന്നുവെന്നും കൽക്കത്ത സ്വദേശിയായ ടെസ് പറഞ്ഞിരുന്നു. 2018ലും ടെസ് ജോസഫ് മുകേഷിനെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നു.
