Social Media
പ്രതിമാസം 40 ലക്ഷം രൂപ ജീവനാംശം വേണമെന്ന് രവി മോഹന്റെ ഭാര്യ; ജോയിന്റ് പാർട്ണർ ഷിപ്പിൽ ഉണ്ടായിരുന്ന 80 കോടിയുടെ സ്വത്ത് എഴുതികൊടുത്തിട്ടാണ് മഞ്ജു പടിയിറങ്ങിയതെന്ന് സോഷ്യൽ മീഡിയ
പ്രതിമാസം 40 ലക്ഷം രൂപ ജീവനാംശം വേണമെന്ന് രവി മോഹന്റെ ഭാര്യ; ജോയിന്റ് പാർട്ണർ ഷിപ്പിൽ ഉണ്ടായിരുന്ന 80 കോടിയുടെ സ്വത്ത് എഴുതികൊടുത്തിട്ടാണ് മഞ്ജു പടിയിറങ്ങിയതെന്ന് സോഷ്യൽ മീഡിയ
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് ജയം രവി. പൊന്നിയിൻ സെൽവൻ എന്ന ഇതിഹാസ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരനായി മാറിയിരിക്കുകയാണ് താരം. തുടർച്ചയായി ഹിറ്റുകൾ സമ്മാനിക്കുന്ന ഈ നടൻ വ്യത്യസ്ത പ്രമേയങ്ങൾ കൈകാര്യം ചെയ്യുന്ന ചിത്രങ്ങൾ പ്രേക്ഷകരുടെ മുന്നിൽ എത്തിക്കുന്നതിൽ വലിയ ശ്രദ്ധ പുലർത്തുന്ന കലാകാരൻ കൂടിയാണ്. അദ്ദേഹത്തിന്റെ കഴിഞ്ഞ റിലീസ് ചിത്രങ്ങളെല്ലാം വലിയ വിജയം നേടിയിരുന്നു. മലയാളി പ്രേക്ഷകർക്കും ഏറെ പ്രിയപ്പെട്ട തമിഴ് നടന്മാരിൽ ഒരാളാണ് അദ്ദേഹം.
അദ്ദേഹത്തിന്റെ ഒരുപാട് ചിത്രങ്ങൾ കേരളത്തിലും മികച്ച വിജയം നേടിയിട്ടുണ്ട്. അടുത്തിടെ അദ്ദേഹം വിവാഹ മോചനത്തിന് ശേഷം തന്റെ പേര് മാറ്റി രവി മോഹൻ എന്നാക്കിയിരുന്നു. നടന്റെ വിവാഹമോചനമെല്ലാം തന്നെ വലിയ രീതിയിൽ വാർത്തയായിരുന്നു. നിർമാതാവ് ഇഷരി ഗണേഷിൻ്റെ മകളുടെ വിവാഹത്തിന് കാമുകി എന്ന് പറയപ്പെടുന്ന കെനിഷ ഫ്രാൻസിസിന്റെ കയ്യും പിടിച്ച് എത്തിയ നടന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പിന്നാലെ നടനെതിരെ കടുത്ത വിമർശനവും വന്നിരുന്നു.
കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് രവി മോഹൻ വിവാഹമോചന കേസ് ഫയൽ ചെയ്തത്. അതിനുശേഷം പരസ്പരം കുറ്റപ്പെടുത്തിയുള്ള പരാമർശങ്ങൾ സോഷ്യൽ മീഡിയ വഴി ഇരുവരും നടത്തുന്നുണ്ട്. അതിനിടയിൽ തനിക്ക് പ്രതിമാസം 40 ലക്ഷം രൂപ ജീവനാംശം ലഭിക്കണമെന്ന ആവശ്യവും ആർതി ഉയർത്തിയിട്ടുണ്ട്. ഇപ്പോഴിതാ ഇത് സംബന്ധിച്ചാണ് പുതിയ ചർച്ചകൾ. വിവാഹമോചന സമയത്ത് ഇത്തരത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെടുന്നത് ശരിയാണോയെന്ന ചോദ്യമാണ് ചിലർ ഉയർത്തുന്നത്. നടിമാരായ മഞ്ജു വാര്യരേയും സാമന്ത രുത്ത് പ്രഭുവിനേയുമെല്ലാം താരതമ്യപ്പെടുത്തിയാണ് ചർച്ചകൾ.
മഞ്ജു വാരിയർ ഡിവോഴ്സ് സമയത്ത് ദിലീപിന്റെ കയ്യിൽ നിന്ന് ഒരു രൂപ പോലും അലിമോണി ആയി വാങ്ങിയിട്ടില്ലെന്നും ജോയിന്റ് പാർട്ണർ ഷിപ്പിൽ ഉണ്ടായിരുന്ന 80 കോടി വിലമതിക്കുന്ന സ്വത്ത് എഴുതിക്കൊടുക്കാൻ തയ്യാറാവുകയായിരുന്നുവെന്നുമാണ് ഒരാൾ സോഷ്യൽ മീഡിയയിൽ കുറിച്ചത്. നാഗ ചൈതന്യയുമായി വിവാഹമോചനം നേടിയ ശേഷം 200 കോടിയുടെ അലിമോണി നിരസിച്ച സാമന്തയും ഒരു വശത്ത് ഉള്ളപ്പോൾ ആർത്തിയെ പോലുള്ളവർ 40 ലക്ഷമൊക്കെ പ്രതിമാസം ആവശ്യപ്പെടുന്നുവെന്നും പോസ്റ്റിൽ പറഞ്ഞു.
1998 ൽ നടൻ ദിലീപിനെ വിവാഹം ചെയ്തതോടെ സിനിമയിൽ നിന്ന് വലിയ ഒരു ഇടവേള എടുക്കുകയായിരുന്നു. പതിനാല് വർഷത്തെ ദാമ്പത്യ ജീവിതമാണ് മഞ്ജു വേണ്ടെന്ന് വെച്ചത്, ഒരു സ്ത്രീ പുലർത്താവുന്ന ഏറ്റവുമധികം മാന്യതയോടെയാണ് അയാളുടെ ജീവിതത്തിൽ നിന്നും ആ വീട്ടിൽ നിന്നും ഇറങ്ങിപ്പോന്നത്. വിവാദങ്ങളുണ്ടാക്കാൻ ഏറ്റവുമെളുപ്പമായിരുന്നിട്ടും മുൻഭർത്താവിന്റെയും അയാളോടൊപ്പം ഉള്ള തനറെ മകളുടെയും സ്വകാര്യതയെ മാനിച്ചാണ് അവർ മറ്റു പൊതുവിടത്തിലും സംസാരിച്ചത്.
പിരിയാനുള്ള കാരണം അന്നുമിന്നും മറ്റുള്ളവരുടെ മുന്നിൽ വെളിപ്പെടുത്താതെ, മലയാള സിനിമയിലെ ഏറ്റവും വലിയ കച്ചവടക്കാരനിൽ നിന്നും ഒരു രൂപ പോലും ജീവനാംശം വാങ്ങാതെ, 80 കോടിയോളം മൂല്യവും പങ്കാളിത്തവുമുള്ള വസ്തുവകകൾ അതേ കച്ചവടക്കാരന്റെ പേരിൽ തിരിച്ചേല്പിച്ച് അവർ പടിയിറങ്ങി. എങ്ങനെയൊക്കെയോ വീണ്ടും സിനിമയിലേക്ക് തിരിച്ചുവന്നു.
സ്വന്തം സഹ പ്രവർത്തകക്ക് സംഭവിച്ച പ്രശ്‌നത്തിൽ ആദ്യമായി അവിടെയും മുഖം നോക്കാതെ ഇതിന് പിന്നിലുള്ളത് ഒരു ക്രിമിനൽ ഗൂഡാലോചനയാണ്. അതിനുവേണ്ടി പ്രവർത്തിച്ചവരെ പുറത്തുകൊണ്ടുവരണം, ശിക്ഷിക്കണം.’ എന്ന ഉറച്ച ശക്തമായ സത്യസന്ധമായ വാക്കുകൾ പറഞ്ഞതും മഞ്ജു വാര്യർ തന്നെയാണ്. അതിന് പിന്നീട് തുടർച്ചകളുണ്ടായി എന്നും ചിലർ കുറിക്കുന്നു.
അതേസമയം, മക്കളുമായി ബന്ധപ്പെട്ട ഉത്തരവാദിത്വങ്ങളൊന്നും നടൻ ചെയ്യുന്നില്ലെന്നും തന്നേയും മക്കളേയും വീട്ടിൽ നിന്നും ഒഴിപ്പിക്കാനുള്ള ശ്രമം രവി നടത്തുന്നതായും ആരതി സോഷ്യൽമീഡിയയിൽ പങ്കിട്ട കുറിപ്പിൽ ആരോപിച്ചിരുന്നു. താനും രവിയും വിവാഹമോചിതരായിട്ടില്ലെന്നും അതിനാൽ തന്നെ മുൻ ഭാര്യയെന്ന് തന്നെ വിശേഷിപ്പിക്കരുതെന്നും ആരതി പറയുന്നു. ഒരു വർഷക്കാലം ഞാൻ മൗനം ഒരു കവചം പോലെ വഹിച്ചു. ദുർബലനായതുകൊണ്ടല്ല. മറിച്ച് എന്റെ മക്കൾക്ക് സമാധാനം ആവശ്യമുള്ളതുകൊണ്ടാണ്.
എല്ലാ ആരോപണങ്ങളും ക്രൂരമായ കുശുകുശുപ്പുകളും ഞാൻ കേട്ടു എന്റേതായ വഴിയിൽ അതിനെ എല്ലാം സഹിച്ചു. ഞാൻ ഒന്നും പ്രതികരിച്ച് പറഞ്ഞില്ല. എനിക്ക് സത്യം ഇല്ലാത്തതുകൊണ്ടല്ല. മറിച്ച് എന്റെ കുട്ടികൾ ഞങ്ങളെ മാതാപിതാക്കളായ തെരഞ്ഞെടുത്തതിന്റെ ഭാരം വഹിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല എന്നതുകൊണ്ടാണ്. ശ്രദ്ധാപൂർവ്വം തെരഞ്ഞെടുത്ത രൂപങ്ങളും ഫോട്ടോ അടിക്കുറിപ്പുകളും കാണുന്നുണ്ടെങ്കിലും നമ്മുടെ യാഥാർത്ഥ്യം വളരെ വ്യത്യസ്തമാണ്.
എന്റെ വിവാഹമോചനവുമായി ബന്ധപ്പെട്ട നടപടികൾ ഇപ്പോഴും തുടരുന്നു. സ്നേഹത്തിലും വിശ്വസ്തതയിലും 18 വർഷം ഞാൻ കൂടെ നിന്ന മനുഷ്യൻ എന്നിൽ നിന്ന് അകന്നുപോയി. അദ്ദേഹം ഒരിക്കൽ വാഗ്ദാനം ചെയ്ത ഉത്തരവാദിത്തങ്ങളിൽ നിന്നും അകന്ന് പോയി. മാസങ്ങളായി അവരുടെ ലോകത്തിന്റെ ഭാരം എന്റെ ചുമലിൽ മാത്രമായി കിടക്കുന്നു. ഓരോ പുസ്തകവും, ഓരോ ഭക്ഷണവും, രാത്രിയിലെ ഓരോ നിശബ്ദ കണ്ണുനീരും ഞാൻ വഹിക്കുന്നു. സുഖപ്പെടുത്തുന്നു.
ഒരിക്കൽ അവരെ തന്റെ അഭിമാനം എന്ന് വിളിച്ച ഒരാളിൽ നിന്ന് വൈകാരികമോ സാമ്പത്തികമോ ആയ പിന്തുണയുടെ ഒരു നേരിയ കണികപോലും ലഭിക്കുന്നില്ല. ഇപ്പോൾ ഞങ്ങൾ ബാങ്കിൽ നിന്ന് വീട് ഒഴിപ്പിക്കൽ നേരിടുന്നു. അതും ഒരിക്കൽ എന്നോടൊപ്പം ഒരു കുടുംബം സൃഷ്ടിക്കാൻ ഒപ്പം നിന്ന ആളുടെ നിർദേശപ്രകാരം. ഞാൻ പണം കണ്ടു കണ്ണുമഞ്ഞളിച്ചവൾ എന്ന് ആരോപിക്കപ്പെടുന്നു. എപ്പോഴെങ്കിലും സത്യമായിരുന്നെങ്കിൽ വളരെ മുമ്പുതന്നെ ഞാൻ എന്റെ വ്യക്തിപരമായ താൽപ്പര്യങ്ങൾ സംരക്ഷിക്കുമായിരുന്നു.
പക്ഷെ ഞാൻ കണക്കുകൂട്ടലിന് പകരം സ്നേഹം തിരഞ്ഞെടുത്തു. ഇടപാടിന് പകരം വിശ്വാസം. അതാണ് എന്നെ ഇവിടെ എത്തിച്ചത്. ഞാൻ നൽകിയ സ്നേഹത്തിൽ എനിക്ക് ഖേദമില്ല. പക്ഷെ ആ സ്നേഹം ബലഹീനതയായി മാറ്റിയെഴുതപ്പെടുമ്പോൾ എനിക്ക് പ്രതികരിക്കാതിരിക്കാനാവില്ല. എന്റെ കുട്ടികൾക്ക് പത്തും പതിനാലും വയസ്സാണ്. അവർ ഞെട്ടലല്ല സുരക്ഷ അർഹിക്കുന്നു. നിശബ്ദതയല്ല സ്ഥിരതയാണ് അവർക്ക് വേണ്ടത്.
നിയമപരമായ വ്യവസ്ഥകൾ മനസിലാക്കാൻ മാത്രം അവർക്ക് പ്രായമായിട്ടില്ല. കുട്ടികളാണ്. പക്ഷെ ഉപേക്ഷിക്കപ്പെട്ടതായുള്ള തോന്നാൻ വരാൻ തക്ക പ്രായമുണ്ട്. ഉത്തരം ലഭിക്കാത്ത ഓരോ കോളും റദ്ദാക്കിയ ഓരോ മീറ്റിംഗും എനിക്ക് വേണ്ടി ഉദ്ദേശിച്ചതും എന്നാൽ അവർ വായിക്കുന്നതുമായ ഓരോ തണുത്ത സന്ദേശവും… ഇതൊന്നും മേൽനോട്ടങ്ങളല്ല. അവ മുറിവുകളാണ്. ഇന്ന് ഞാൻ സംസാരിക്കുന്നത് ഒരു ഭാര്യയായിട്ടല്ല.
മക്കളുടെ ക്ഷേമം മാത്രം ലക്ഷ്യം വെച്ച് മുന്നോട്ട് പോകുന്ന ഒരു അമ്മയായിട്ടാണ് ഞാൻ സംസാരിക്കുന്നത്. ഇപ്പോൾ ഞാൻ എഴുന്നേറ്റില്ലെങ്കിൽ ഞാൻ അവരെ എന്നെന്നേക്കുമായി തോൽപ്പിക്കുന്നത് പോലെയാകും. നിങ്ങൾക്ക് സ്വർണ്ണ പട്ടണിഞ്ഞ് മുന്നോട്ട് പോകാം. നിങ്ങളുടെ പൊതുജീവിതത്തിലെ റോളുകൾ നിങ്ങൾക്ക് മാറ്റിസ്ഥാപിക്കാൻ കഴിയും. പക്ഷെ നിങ്ങൾക്ക് സത്യം മാറ്റിയെഴുതാൻ കഴിയില്ല. അച്ഛൻ വെറുമൊരു പദവിയല്ല. അതൊരു ഉത്തരവാദിത്തമാണ്.
ഞങ്ങളുടെ കഥയിലൂടെ സഞ്ചരിക്കുന്ന മറ്റുള്ളവരോട്… കുട്ടികളുടെ കണ്ണുനീർ കണ്ണുകൾക്ക് കാണാൻ കഴിയാത്ത സ്ഥലങ്ങളിൽ പ്രതിധ്വനിക്കും. നിങ്ങൾക്ക് എന്റെ വാക്കുകളിൽ നിന്ന് രക്ഷപ്പെടാം. പക്ഷെ പ്രപഞ്ചം നിശബ്ദതയിൽ ഓർമ്മിക്കുന്നതിൽ നിന്ന് നിങ്ങൾക്ക് രക്ഷപ്പെടാൻ കഴിയില്ല. ജിജ്ഞാസുക്കളായ മനസുകൾക്കും സ്വയം പ്രഖ്യാപിത അഭ്യുദയകാംഷികൾക്കും ഞാനും നിയമവും മറ്റൊരു വിധത്തിൽ തീരുമാനിക്കുന്നതുവരെ എന്റെ ഇൻസ്റ്റാഗ്രാം നാമം ആരതി രവി തന്നെയായിരിക്കും.
ബഹുമാനപ്പെട്ട മാധ്യമങ്ങളോട്… നിയമനടപടികൾ അവസാനിക്കുന്നതുവരെ എന്നെ മുൻ ഭാര്യ എന്ന് വിളിക്കുന്നതിൽ നിന്ന് ദയവായി വിട്ടുനിൽക്കുക. ഇത് പ്രതികാരമല്ല. പോരാടാനല്ല. സംരക്ഷിക്കാനാണ്. ഞാൻ കരയുന്നില്ല. നിലവിളിക്കാറില്ല കാരണം ഇപ്പോഴും നിങ്ങളെ അപ്പാ എന്ന് വിളിക്കുന്ന രണ്ട് ആൺകുട്ടികൾക്ക് വേണ്ടി എനിക്ക് തലയുയർത്തി നിൽക്കണം. അവർക്ക് വേണ്ടി ഞാൻ ഒരിക്കലും പിന്മാറില്ലെന്നുമാണ് ആരതി സോഷ്യൽമീഡിയയിൽ കുറിച്ചത്.
പിന്നാലെ മക്കളെ താൻ മറന്നിട്ടില്ലെന്നും താൻ അവരെ സമീപിക്കാതിരിക്കാൻ ബൗൺസേഴ്സിനെപ്പോലും ആരതിയും കുടുംബവും നിയമിച്ചിട്ടുണ്ടെന്നും മക്കൾ എന്നേക്കും തനിക്ക് പ്രിയപ്പെട്ടതാണെന്നും രവി മോഹൻ എഴുതി. മക്കൾക്കുണ്ടായ വാഹനാപകടം പോലും തന്നെ ആരതി അറിയിച്ചില്ലെന്നും രവി ആരോപിച്ചു. എന്റെ വ്യക്തി ജീവിതം തെറ്റായ രീതിയിൽ പൊതു മധ്യത്തിൽ വ്യാഖ്യാനിക്കപ്പെടുന്നത് വേദനയുണ്ടാക്കുന്നു. മൗനം പാലിച്ചത് മനസമാധാനം ആഗ്രഹിക്കുന്നതിനാൽ. നിയമപരമായി തന്നെയാണ് ഞാൻ എല്ലാം ചെയ്യുന്നത്. വിശ്വാസത്തോടെ നീതിക്ക് വേണ്ടി പോരാടുന്നു. എന്നിലെ സത്യത്തെയും നീതിയെയും ബഹുമാനിച്ച് അന്തസോടെ ഞാൻ പോരാടും.
ഒരു മുതിർന്ന വ്യക്തിയായിട്ട് കൂടി വർഷങ്ങളോളം ശാരീരിക, മാനസിക, വൈകാരിക, സാമ്പത്തിക പീഡനങ്ങൾ ഞാൻ അനുഭവിച്ചു. ഈ വർഷങ്ങളിലെല്ലാം എന്റെ സ്വന്തം മാതാപിതാക്കളെ പോലും കാണാൻ കഴിയാതെ ഒറ്റപ്പെടലിന്റെ ഒരു കൂട്ടിലായിരുന്നു ഞാൻ. എന്റെ ദാമ്പത്യം സുഖകരമായി മുന്നോട്ട് കൊണ്ടുപോകാൻ ഞാൻ ആത്മാർത്ഥമായി ശ്രമിച്ചിട്ടും അസഹനീയമായി തന്നെ തുടർന്നു. ഒടുവിൽ ജീവിക്കാൻ കഴിയാത്ത ഒരു ജീവിതത്തിൽ നിന്ന് അകന്നുപോകാൻ എനിക്ക് ശക്തി ലഭിച്ചു. അത് വളരെ പെട്ടന്ന് എടുത്ത തീരുമാനമായിരുന്നില്ല. സാമ്പത്തിക നേട്ടം ലക്ഷ്യമിട്ടും പൊതുജന സഹതാപം സ്വാധീനിക്കാനുമുള്ള ഉപകരണങ്ങളായി എന്റെ കുട്ടികളെ എന്റെ മുൻ ഭാര്യയും കുടുംബവും ഉപയോഗിക്കുന്നത് കാണുമ്പോൾ എനിക്ക് വിഷമം തോന്നുന്നു.
എന്റെ കുഞ്ഞുങ്ങൾ ഇതൊന്നും അർഹിക്കുന്നില്ല. ഞങ്ങളുടെ വേർപിരിയലിനുശേഷം മനപൂർവ്വം മക്കളെ അവർ എന്നിൽ നിന്നും അകറ്റി. ഞാൻ അവരെ കാണാതിരിക്കാനും അവരെ സമീപിക്കാതിരിക്കാനും ബൗൺസേഴ്സിനേയും അവർ നിയമിച്ചു. എന്റെ കുട്ടികൾ വാഹനാപകടത്തിൽപ്പെട്ടത് ഞാൻ അറിഞ്ഞത് ഒരു മാസത്തിന് ശേഷമാണ്. കാർ ഇൻഷുറൻസിനായി എന്റെ ഒപ്പ് ആവശ്യമായി വന്നപ്പോൾ മാത്രം. അവരുടെ പിതാവെന്ന നിലയിൽ ആരും എന്നെ അപകട കാര്യം അറിയിച്ചില്ല. എന്നാൽ കഴിയും വിധം മുൻ ഭാര്യയെയും അവരുടെ കുടുംബത്തേയും ഞാൻ സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്തിട്ടുണ്ട്.
പക്ഷെ അവർക്ക് ഞാൻ പൊന്മുട്ടയിടുന്ന താറാവായിരുന്നു. എന്റെ മാതാപിതാക്കൾക്ക് ഞാൻ ചെയ്തുകൊടുക്കേണ്ട അടിസ്ഥാന കാര്യങ്ങൾ ചെയ്യാൻ പോലും മുൻ ഭാര്യയും കുടുംബവും അനുവദിച്ചിരുന്നില്ല. എന്റെ കുട്ടികളാണ് എന്റെ അഭിമാനവും സന്തോഷവും. അവരുടെ ഭാവിക്കുവേണ്ടി ചെയ്യാൻ പറ്റുന്ന നല്ല കാര്യങ്ങളെല്ലാം ഞാൻ ചെയ്യും എന്നാണ് രവി മോഹൻ എഴുതിയത്.
