Actress
കോവിഡ് ലോക്ഡൗൺ ആണ് തന്റെ ബോളിവുഡ് സിനിമാ സ്വപ്‌നങ്ങളെ തകർത്തത്; മഞ്ജു വാര്യർ
കോവിഡ് ലോക്ഡൗൺ ആണ് തന്റെ ബോളിവുഡ് സിനിമാ സ്വപ്‌നങ്ങളെ തകർത്തത്; മഞ്ജു വാര്യർ
മലയാളികൾക്കേറെ പ്രിയപ്പെട്ട, മലയാളികളുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. വളരെ ചുരുങ്ങിയ സമയം കൊണ്ട് മലയാള സിനിമയിൽ തന്റേതായ ഒരിടം നേടിയെടുത്ത മഞ്ജു വിവാഹത്തോടെ അപ്രതീക്ഷിത ഇടവേളയാണ് സിനിമയിൽ നിന്നും എടുത്തത്. നീണ്ട പതിന്നാല് വർഷക്കാലം പൊതുവേദികളിലൊന്നും വരാതെ കുടുംബിനിയായി കഴിയുകയായിരുന്നു.
അപ്പോഴും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിമാരുടെ കൂട്ടത്തിൽ മഞ്ജുവിന്റെ സ്ഥാനത്തിന് മാറ്റമൊന്നും സംഭവിച്ചിരുന്നില്ല. ശേഷം ഹൗ ഓൾഡ് ആർ യു എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചു വരവാണ് മഞ്ജു നടത്തിയത്. ശേഷം ഇങ്ങോട്ട് മഞ്ജുവിന്റെ വേഷപ്പകർച്ചകൾക്കാണ് മലയാളികൾ സാക്ഷ്യം വഹിച്ചത്. നിരവധി വേഷങ്ങൾ…, മേക്കോവറുകൾ എല്ലാം കണ്ട് അമ്പരന്നിരിക്കുകയാണ് മലയാളികൾ. മലയാളത്തിൽ നിന്നും തമിഴിയിലേയ്ക്കും മഞ്ജു ചുവട് വെച്ച് കഴിഞ്ഞു.
ഇപ്പോഴിതാ കോവിഡ് ലോക്ഡൗൺ ആണ് തന്റെ ബോളിവുഡ് സിനിമാ സ്വപ്‌നങ്ങളെ തകർത്തതെന്ന് വെളിപ്പെടുത്തുകയാണ് മഞ്ജു വാര്യർ. മഞ്ജു വാര്യരുടെ ബോളിവുഡ് അരങ്ങേറ്റമാകേണ്ട ചിത്രമായിരുന്നു ‘അമേരിക്കി പണ്ഡിറ്റ്’. ആർ മാധവനായിരുന്നു ചിത്രത്തിൽ നായകൻ. കോവിഡ് ലോക്ക് ഡൗണിനെ തുടർന്ന് പിന്നീട് സിനിമ ഉപേക്ഷിക്കുകയായിരുന്നു. സേക്രഡ് ഗെയിംസ് എന്ന അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ഹിന്ദി സീരിസിലേക്കും മഞ്ജു ഓഡിഷൻ നടത്തിയിരുന്നു. തന്റെ ആദ്യ സിനിമയ്ക്ക് ശേഷം വീണ്ടും ഓഡിഷൻ നടത്തിയത് ഈ സീരിസിന് വേണ്ടിയായിരുന്നു എന്ന് പറയുകയാണ് മഞ്ജു വാര്യർ. ഈ രണ്ടു പ്രോജ്കടുകളെയും കുറിച്ച് ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിലാണ് മഞ്ജു സംസാരിച്ചത്.
ഞാൻ ആർ മാധവനൊപ്പം ഒരു ഹിന്ദി സിനിമ ഷൂട്ട് ചെയ്തിരുന്നു. എന്നാൽ കോവിഡ്-19 ഷൂട്ട് തടസ്സപ്പെടുത്തി. ചില കാരണങ്ങളാൽ ഞങ്ങൾക്ക് അത് പുനരാരംഭിക്കാനായില്ല. അതൊരു മനോഹരമായ പദ്ധതിയായിരുന്നു, പിന്നീട് മാധവൻ റോക്കറ്ററി ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കിലായി. പക്ഷേ സങ്കടകരമെന്നു പറയട്ടെ, സിനിമയുടെ സ്ക്രിപ്റ്റ് അതി മനോഹരമായിരുന്നു. അതിനുമുമ്പ് ഞാൻ സേക്രഡ് ഗെയിംസിനായി ഓഡിഷനും നടത്തിയിരുന്നു എന്നും മഞ്ജു പറഞ്ഞു.
ഫൂട്ടേജ് സിനിമയുടെ ഹിന്ദി റിലീസിനോട് അനുബന്ധിച്ച് നടത്തിയ ഈ അഭിമുഖത്തിൽ അനുരാഗ് കശ്യപും ഭാഗമായിരുന്നു. സേക്രഡ് ഗെയിംസ് എന്ന നെറ്റ്ഫ്ലിക്സ് സീരീസിലേക്ക് ആദ്യം താൻ മഞ്ജു വാര്യരെ പരിഗണിച്ചിരുന്നെന്ന് അനുരാഗ് കശ്യപ് പറയുന്നു. ഈ കാസ്റ്റിംഗ് നടക്കാതെ പോയതിനെക്കുറിച്ചും സംവിധായകൻ സംസാരിച്ചു.
സീരീസിലെ കുസും ദേവി യാദവ് എന്ന കഥാപാത്രത്തിനായാണ് മഞ്ജുവിനെ പരിഗണിച്ചത്. മഞ്ജുവിനൊപ്പം നയൻതാരയെയും ഈ റോളിലേക്ക് പരിഗണിച്ചിരുന്നെന്ന് അനുരാഗ് കശ്യപ് വ്യക്തമാക്കി. അമൃത സുഭാഷ് ചെയ്ത റോളിലേക്ക് മഞ്ജു വാര്യരെ കാസ്റ്റ് ചെയ്യാൻ ഞങ്ങൾ ശ്രമിച്ചു. സേക്രഡ് ഗെയിംസിന് വേണ്ടി ഓഡിഷൻ ചെയ്യുന്നുണ്ടായിരുന്നു. മൂന്ന് ഓപ്ഷനാണ് നെറ്റ്ഫ്ലിക്സിന് നൽകിയത്. മഞ്ജു വാര്യരും നയൻതാരയും മറ്റൊരാളും.
ആ സമയത്ത് നെറ്റ്ഫ്ലിക്സിന് ഇന്ത്യയിൽ ഓഫീസില്ല. എല്ലാം യുഎസിലായിരുന്നു. ആ സമയത്ത് ഒടിടി പ്ലാറ്റ്ഫോമുകൾ സൗത്ത് സിനിമകൾ ശ്രദ്ധിക്കുന്നില്ല. അവർക്ക് മാർക്കറ്റുള്ളിടത്ത് നിന്നും ഒരു നടിയെ വേണമെന്നായിരുന്നു. മഹാരാഷ്ട്രയിലും മറ്റുമായി അത് പരിമിതമായിരുന്നു. അവർക്ക് സബ്സ്ക്രെെബേർസിനെ ലഭിക്കുന്നിടത്തെ അടിസ്ഥാനമാക്കിയായിരുന്നു ചോയ്സുകളെന്നും അനുരാഗ് കശ്യപ് ചൂണ്ടിക്കാട്ടി.
മഞ്ജു വാര്യരുടെ ഫൂട്ടേജ് എന്ന സിനിമ ഹിന്ദി പ്രേക്ഷകർക്ക് മുമ്പിലെത്തിക്കുന്നത് അനുരാഗ് കശ്യപാണ്. മഞ്ജുവുമായുള്ള സൗഹൃദത്തെക്കുറിച്ചും അനുരാഗ് കശ്യപ് സംസാരിക്കുന്നുണ്ട്. ഞങ്ങൾ 2011-13 കാലഘട്ടത്തിലാണ് കാണുന്നത്. ഞങ്ങൾക്ക് കോമൺ ഫ്രണ്ട്സുണ്ട്. ഗീതു മോഹൻദാസും രാജീവ് രവിയും. തന്റെയും മഞ്ജു വാര്യരുടെയും പിറന്നാൾ ഒരേ ദിവസമാണെന്നും അനുരാഗ് കശ്യപ് പറഞ്ഞു. ബോളിവുഡിനേക്കാൾ തെന്നിന്ത്യൻ സിനിമാ ലോകത്താണ് തനിക്കിപ്പോൾ താൽപര്യമെന്ന് അനുരാഗ് കശ്യപ് അടുത്തിടെ പറഞ്ഞിരുന്നു,
അതേസമയം, മലയാളത്തിൽ എമ്പുരാനാണ് മഞ്ജു വാര്യരുടെ റിലീസ് ചെയ്യാനുള്ള സിനിമ. മാർച്ച് 27 നാണ് എമ്പുരാൻ റിലീസാകുന്നത്. മലയാളത്തിനു പുറമേ തെലുങ്കിലും ഹിന്ദിയിലും കന്നഡയിലും തമിഴിലും എമ്പുരാൻ പ്രദർശനത്തിന് എത്തും. പ്രിയദർശിനി എന്ന കഥാപാത്രത്തെയാണ് മഞ്ജു ഇതിൽ അവതരപ്പിക്കുന്നത്. താൻ ഇതുവരെ ചെയ്‌ത കഥാപാത്രങ്ങളിൽ ഏറ്റവും ശക്‌തമായ കഥാപാത്രമാണ് ‘എമ്പുരാനി’ലേതെന്നാണ് മഞ്ജു വാര്യർ പറയുന്നത്.
പ്രിയദർശിനിയെ നിങ്ങൾക്ക് പുതിയതായി പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട ആവശ്യം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. ലൂസിഫറിൽ നിങ്ങളെല്ലാവരും കണ്ടതാണ്, സ്‌നേഹിച്ചതാണ്, പ്രിയദർശിനിയെ.
പികെ രാംദാസ് എന്ന വലിയ ഒരു രാഷ്‌ട്രീയ നേതാവിൻറെ മകളായ പ്രിയദർശിനി പല ഘട്ടങ്ങളിലും അതൊക്കെ മറന്നുവച്ച് മാറ്റിവച്ച് കൊണ്ട് മകൾക്ക് വേണ്ടിയും കുടുംബത്തിന് വേണ്ടിയുമൊക്കെ ജീവിച്ച വളരെ ബ്യൂട്ടിഫുൾ ആയിട്ടുള്ള വളരെ എലഗൻറ് ആയിട്ടുള്ള സ്‌ത്രീയാണ്.
പ്രിയദർശിനിയുടെ യാത്ര ലൂസിഫറിന് ശേഷം ഇപ്പോൾ എമ്പുരാനിലും തുടരുകയാണ് എന്നുള്ള വലിയ സന്തോഷം എനിക്കുണ്ട്. ഇതുവരെ ചെയ്‌തിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്‌തമായിട്ടുള്ളൊരു കഥാപാത്രമാണ് പ്രിയദർശിനി എന്നുള്ളത് നിസ്സംശയം എനിക്ക് പറയാൻ സാധിക്കും. അതിനെനിക്ക് മനസ്സറിഞ്ഞ് നന്ദി പറയാനുള്ളത് പൃഥ്വിരാജ്, മുരളി ഗോപി, ആൻറണി പെരുമ്പാവൂർ, എല്ലാറ്റിനും ഉപരി ബഹുമാനപ്പെട്ട ലാലേട്ടനോടും കൂടിയാണ്.
ലാലേട്ടനോടൊപ്പം ഞാൻ അഭിനയിച്ച സിനിമകളിലെ കഥാപാത്രങ്ങൾ എന്നും എനിക്ക് പ്രേക്ഷകരുടെ ഇടയിൽ പ്രത്യേക സ്ഥാനം തന്നിട്ടുള്ള കഥാപാത്രങ്ങളാണ്. എൻറെ ഓരോ കഥാപാത്രങ്ങളുടെയും പേരുകൾ എടുത്തുപറയുമ്പോൾ പലകഥാപാത്രങ്ങളും ലാലേട്ടനോടൊപ്പം അഭിനയിച്ച സിനിമകളിലേതാണ്. അതിലെനിക്ക് മനസ്സറിഞ്ഞ് സന്തോഷമുണ്ട്. വീണ്ടും ലാലേട്ടനോടൊപ്പം എമ്പുരാനിൽ വർക്ക് ചെയ്യാൻ സാധിച്ചതിൽ.
കഥയെ പറ്റി കൂടുതലൊന്നും പുറത്തുപറയാൻ പറ്റുന്ന ഒരു അവസ്ഥ അല്ല. അതുകൊണ്ട് ഒരു കാര്യം ഉറപ്പിച്ച് പറയാം. ഞാൻ അങ്ങേയറ്റം ആസ്വദിച്ച് ചെയ്‌തൊരു കഥാപാത്രമാണ് പ്രിയദർശിനി. പ്രിയദർശിനിയുടെ കോംപ്ലിക്കേഷൻസും സംഘർഷങ്ങളും സങ്കീർണ്ണതകളുമൊക്കെ എന്നെ എത്രമാത്രം അട്രാക്‌ട് ചെയ്‌തിട്ടുണ്ടോ അത്രമാത്രം തന്നെ വെല്ലുവിളികളും എനിക്ക് തന്നിട്ടുണ്ട്. അതുകൊണ്ട് പ്രിയദർശിനിയെ ലൂസിഫറിലെ പോലെ തന്നെ എമ്പുരാനിലും നിങ്ങൾക്കെല്ലാവർക്കും ഇഷ്‌ടപ്പെടും എന്ന് ആത്‌മാർത്ഥമായി ആഗ്രഹിക്കുന്നു.
രാജുവിനോടൊപ്പം ഒരു സിനിമ ചെയ്യുന്നതിൻറെ സന്തോഷം എത്രയാണെന്നുള്ളത് ലൂസിഫറിലും അല്ലെങ്കിൽ ഇപ്പോൾ എമ്പുരാനിലും ഒന്നിച്ച് അഭിനയിച്ചിട്ടുള്ള ഏതൊരു ആർട്ടിസ്‌റ്റിനോട് ചോദിച്ചാലും അറിയാൻ സാധിക്കും. കാരണം അത്രയും കംഫർട്ടബിളായിട്ടുള്ള ഒരു സംവിധായകൻറെ കൂടെ വർക്ക് ചെയ്യുമ്പോൾ, ഒരു സംവിധായകന് ഏറ്റവും ആവശ്യമുള്ളതെന്ന് എനിക്ക് തോന്നുന്നത് എന്ത് വേണം എന്നതിനേക്കാളുപരി എന്ത് വേണ്ട എന്നതിനെ കുറിച്ചുള്ള വളരെ വ്യക്‌തമായിട്ടുള്ളൊരു ധാരണയാണ്.
രാജുവിനെ ഞാൻ കണ്ടിട്ടുള്ള വളരെ വലിയൊരു ക്വാളിറ്റിയാണ്, ക്ലാരിറ്റി, അല്ലെങ്കിൽ കൺവിക്ഷൻ, കോൺഫിഡൻസ് എന്ന് പറയുന്നത്. അങ്ങനെ ഉള്ളൊരു സംവിധായകൻറെ കൂടെ വർക്ക് ചെയ്യുന്നത് ഏതൊരു അഭിനേതാവിനെ സംബന്ധിച്ചും വളരെ സന്തോഷം തരുന്ന വളരെ പ്ലഷറുള്ള ഒരു കാര്യമാണ്.
എൻറെ ഒരു ഫേവറൈറ്റ് സംവിധായകൻമാരുടെ ലിസ്‌റ്റ് എടുക്കുമ്പോൾ തീർച്ചയായും രാജുവിന് അലിതൊരു സ്ഥാനം ഉണ്ടാകുമെന്ന് എനിക്ക് ഉറപ്പാണ്. വീണ്ടും ലൂസിഫറിന് ശേഷം രാജുവിൻറെ സംവിധാനത്തിൽ ഒരു സിനിമയിൽ അഭിനയിക്കാൻ സാധിക്കുന്നതും വലിയ സന്തോഷമാണ്. മാർച്ച് 27 ആണ് ആ ദിവസം. എമ്പുരാൻ വരുന്നുവെന്നും മഞ്ജു വാര്യർ പറഞ്‍ഞു.
അതേസമയം, കുറച്ച് ദിവസങ്ങൾ്ക് മുമ്പ് സംവിധായകൻ സനൽുമാർ ശശിധരൻ മഞ്ഡുവിനെ കുറിച്ച് പറഞ്ഞ വാക്കുകളും ശ്രദ്ധ നേടിയിരുന്നു. സുരക്ഷ എന്ന തോന്നൽ ഉണ്ടാക്കുന്ന ഒരു തടങ്കലിലാണ് മഞ്ജു വാര്യർ എന്ന് ഈ വീഡിയോയിൽ നിന്ന് മനസ്സിലാവും. തൻറെ ജീവൻ അപകടത്തിലാണ് എന്ന അവരുടെ വെളിപ്പെടുത്തൽ അവരുടെ ശബ്‌ദത്തിൽ തന്നെ ഞാൻ പൊതുമൂഹത്തിൽ പുറത്തുവിട്ടിട്ട് ഇന്നേക്ക് 39 ദിവസങ്ങൾ കഴിഞ്ഞുപോയി.
ഇതുവരെ അത് തൻറെയല്ലെന്ന് മഞ്ജു വാര്യർ പറഞ്ഞിട്ടില്ല. അതായത് അവരുടെ ജീവൻ അപകടത്തിലാണ് എന്നതല്ലേ ആ മൗനം സൂചിപ്പിക്കുകയെങ്കിലും ചെയ്യുന്നത്. അത് ചോദിക്കാൻ ഒരു പത്രക്കാരെയും അവർക്കടുത്തേക്ക് അടുപ്പിച്ചിട്ടില്ല. പകരം അവർ “ഹാപ്പി” ആണെന്ന് പൊതുജനത്തെ പറ്റിക്കാനുള്ള വീഡിയോകൾ പുറത്തുവന്ന് കൊണ്ടേയിരിക്കുന്നു.
പറഞ്ഞൊപ്പിച്ച കുറച്ച് ഇൻസ്‌റ്റഗ്രാം വ്‌ളോഗേഴ്‌സ് അല്ലാതെ ഒരൊറ്റ മധ്യമ പ്രവർത്തകനും അടുത്തെങ്ങുമില്ല. മഞ്ജു വാര്യരുടെ ആരോഗ്യത്തിൽ ആശങ്ക ഉളവാക്കുന്ന നിലയിലാണ് വീഡിയോകളിൽ അവർ. മഞ്ജു വാര്യരെ ഒരു ക്രിമിനൽ സംഘം തടവിൽ വെച്ചിരിക്കുകയാണെന്നും അവർ കൊല്ലപ്പെട്ടേക്കാം എന്നും ഞാൻ പൊലീസിൽ പരാതികൊടുത്തിട്ടും നാലഞ്ച് ദിവസമായി. ഒരു നടപടിയും അതിൽ ഉണ്ടായിട്ടുമില്ല.
വളരെ വലിയൊരു ക്രൈം പച്ചയായി കൺമുന്നിൽ നടക്കുമ്പോഴും അതിൽ ഇരകളാവുന്നത് രണ്ട് കലാകാരൻമാരായിരിക്കുമ്പോഴും കേരളത്തിലെ സാസ്‌കാരികമണ്ഡലം ഉറങ്ങുകയാണ്. എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലാവുന്നില്ല. അതിലെ ഒരു ഇര ഞാനാണ് എന്നത് കൊണ്ടാണോ നിങ്ങളുടെ മൗനം?
ഒരുപക്ഷേ ഇതിൽ മഞ്ജു വാര്യർ മാത്രമായിരുന്നു ഇര ആയിരുന്നതെങ്കിൽ ആരെങ്കിലുമൊക്കെ മിണ്ടിയേനെ. അപ്പോൾ പ്രണയത്തിനോടുള്ള വിമുഖതയാണോ തടസം? ആയിരിക്കില്ല. ഒരുപക്ഷേ ഇതിലെ കാമുകൻ കുറച്ചുകൂടി പണമൊക്കെയുള്ള നിങ്ങൾക്ക് തൊടാൻ പറ്റാത്ത ഒരാളായിരുന്നെങ്കിൽ നിങ്ങളിൽ ചിലർ മിണ്ടിയേനെ. അതെ പ്രണയത്തിലുമുണ്ട് നിങ്ങൾക്ക് വലുപ്പച്ചെറുപ്പങ്ങൾ. അങ്ങനെയാണോ?” -സനൽകുമാർ ശശിധരൻ ഫേസ്‌ബുക്കിൽ കുറിച്ചു.
