‘ലളിതാമ്മ ഇടയ്ക്ക് അടിയൊക്കെ തരും; പന്ത്രണ്ട് വർഷം ശരിക്കും ഒരുമിച്ച് ജീവിച്ചവരാണ്; മഞ്ജുപിള്ള
ടെലിവിഷന്‍ സിനിമ പ്രേമികള്‍ക്ക് ഒരേപോലെ സുപരിചിതയായ താരമാണ് മഞ്ജുപിള്ള. കലാ കുടുംബത്തില്‍ നിന്ന് എത്തി അഭിനയത്തിന്റെ മേഖലയില്‍ തന്റേതായ ഇടം കണ്ടെത്താന്‍ സാധിച്ചു മഞ്ജുവിന്. ഹോം എന്ന ചിത്രത്തിലെ മഞ്ജുവിന്റെ പ്രകടനം ഏറെ പ്രശംസകള്‍ ഏറ്റുവാങ്ങിയതാണ്. കുട്ടി എന്ന കഥാപാത്രത്തെ അത്രമാത്രം പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ മഞ്ജുവിന് സാധിച്ചു. സിനിമയില്‍ മാത്രമല്ല ടെലിവിഷന്‍ ഷോകളിലും നിറസാന്നിധ്യമാണ് മഞ്ജുപിള്ള. ഇപ്പോൾ ഇപ്പോൾ ഒരു ചിരി ഇരു ചിരി ബംബർ ചിരി എന്ന ടെലിവിഷൻ പരിപാടിയിൽ ജഡ്ജായും മഞ്ജുവിനെ കാണാം.
കലാ കുടുംബത്തില്‍ നിന്നാണ് മഞ്ജു പിള്ളയുടെ വരവ്. എസ് പി പിള്ളയുടെ കൊച്ചുമകളാണ് നടി. ഒരുപാട് സിനിമകളിൽ മഞ്ജു അഭിനയിച്ചിട്ടുണ്ടെങ്കിലും മഞ്ജുവിന് ഏറ്റവും കൂടുതൽ സ്വീകാര്യത നൽകിയ ചിത്രം അടുത്തിടെ ഇറങ്ങിയ ഹോം എന്ന സിനിമയാണ്. ചിത്രത്തിലെ കുട്ടിയമ്മ എന്ന കഥാപാത്രം ഏറെ ശ്രദ്ധനേടിയിരുന്നു.
അതിനു മുൻപ് മഴവിൽ മനോരമ ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന തട്ടീം മുട്ടീം എന്ന പരമ്പരയിലൂടെയാണ് മഞ്ജു ജനപ്രീതി നേടിയത്. ടെലിവിഷൻ ഹാസ്യ പരമ്പരയായ തട്ടീം മുട്ടീയിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് അന്തരിച്ച നടി കെപിഎസി ലളിത ആയിരുന്നു. പരമ്പരയിലെ ഇവരുടെ അമ്മായിയമ്മ മരുമകൾ കോംബോ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തതാണ്. ഓൺ സ്ക്രീനിന് പുറത്തും വളരെ അടുത്ത ബന്ധം സൂക്ഷിച്ചിരുന്നവരാണ് ഇരുവരും.ഇപ്പോഴിതാ, കെപിഎസി ലളിതയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കുകയാണ് മഞ്ജു പിള്ള. പുതിയ സിനിമയായ ടീച്ചറിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് നടി കെപിഎസി ലളിതയെ ഓർത്തത്. മഞ്ജു പിള്ളയുടെ വാക്കുകൾ വായിക്കാം വിശദമായി.
‘ലളിതാമ്മ ശരിക്കും അമ്മയുടെ സ്ഥാനത്താണ്. എന്നെ വഴക്ക് പറയാനും, ഉപദേശിക്കാനും, ചീത്ത പറയാനും അടിക്കാനുമൊക്കെ അവകാശമുള്ള ആളാണ്. ഇടയ്ക്ക് അടിയൊക്കെ തരും. ഞാൻ ഒരുമിച്ചു ജീവിച്ചു എന്ന് വേണമെങ്കിൽ പറയാം. അതുപോലെ ആയിരുന്നു ഞങ്ങൾ. പത്ത് പന്ത്രണ്ട് വർഷം ശരിക്കും ഒരുമിച്ച് ജീവിച്ചവരാണ്. ഇടയ്ക്ക് ഞാൻ അമ്മയുടെ വീട്ടിൽ പോയി നിക്കും,’
കൊച്ചിയിൽ ഞങ്ങൾ ആദ്യമായി താമസിക്കാൻ എത്തിയപ്പോൾ മൂന്ന് നാലഞ്ച് വർഷം ഒരേ ഫ്ലാറ്റിൽ ആയിരുന്നു. ഞാൻ മിക്കവാറും ഒന്നും ഉണ്ടാക്കില്ല. എന്നിട്ട് അവിടെ പോയി കഴിക്കും. അങ്ങനെയൊക്കെ ഉള്ള ജീവിതമായിരുന്നു ഞങ്ങളുടേത്. എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട് ലളിതാമ്മ. ജീവിതത്തിലും അഭിനയത്തിലും എല്ലാം,’ മഞ്ജു പിള്ള പറഞ്ഞു.നടി കല്പനയെ കുറിച്ചും മഞ്ജു പറയുന്നുണ്ട്. ‘മിനി ചേച്ചി എനിക്ക് ചേച്ചിയാണ്. എന്നോട് കോമഡി ചെയ്യാൻ പറഞ്ഞത് മിനി ചേച്ചിയാണ്. എന്റെയൊക്കെ കാലം കഴിഞ്ഞാൽ ആര് കോമഡി ചെയ്യും. മക്കളെ നീ കോമഡി ചെയ്യണം എന്ന് ചേച്ചി പറയുമായിരുന്നു. അങ്ങനെ കോമഡി ചെയ്യാൻ എന്നെ പ്രോത്സാഹിപ്പിച്ചത് മിനി ചേച്ചിയാണ്. എന്റെ വീട്ടിലെ ഒരു അംഗം ആയിരുന്നു,’ മഞ്ജു പറഞ്ഞു.
