Connect with us

വീട്ടു വഴക്ക് സിനിമയാക്കി, അന്ന് മഞ്ജു ചോദിച്ചത് ലക്ഷങ്ങള്‍; ആ സൂപ്പര്‍ഹിറ്റ് സിനിമയെ കുറിച്ച് ദിനേശ് പണിക്കര്‍

Malayalam

വീട്ടു വഴക്ക് സിനിമയാക്കി, അന്ന് മഞ്ജു ചോദിച്ചത് ലക്ഷങ്ങള്‍; ആ സൂപ്പര്‍ഹിറ്റ് സിനിമയെ കുറിച്ച് ദിനേശ് പണിക്കര്‍

വീട്ടു വഴക്ക് സിനിമയാക്കി, അന്ന് മഞ്ജു ചോദിച്ചത് ലക്ഷങ്ങള്‍; ആ സൂപ്പര്‍ഹിറ്റ് സിനിമയെ കുറിച്ച് ദിനേശ് പണിക്കര്‍

മലയാളികള്‍ക്ക് മഞ്ജു വാര്യര്‍ എന്ന നടിയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമാ ലോകത്ത് തന്റേതായ ഇടം സ്വന്തമാക്കി, തന്റെ ജൈത്രയാത്ര തുടരുകയാണ് നടി. മൂന്ന് വര്‍ഷക്കാലം മലയാള സിനിമയില്‍ സജീവമായി നിന്നിരുന്ന മഞ്ജു, 1998 ല്‍ നടന്‍ ദിലീപിനെ വിവാഹം ചെയ്തതോടെ സിനിമയില്‍ നിന്ന് വലിയ ഒരു ഇടവേള എടുക്കുകയായിരുന്നു.

മഞ്ജു സിനിമ ഉപേക്ഷിച്ചത് പ്രേക്ഷകരെ ഏറെ സങ്കടത്തിലാഴ്ത്തിയിരുന്നു. മഞ്ജു തിരികെ എത്തണമെന്നായിരുന്നു പ്രേക്ഷകരുടെ ആഗ്രഹം. 14 വര്‍ഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന ചിത്രത്തിലൂടെ ആയിരുന്നു പിന്നീട് മഞ്ജു തിരിച്ചുവരുന്നത്. മഞ്ജുവിന്റെ ആ രണ്ടാം വരവ് പ്രേക്ഷകര്‍ ആഘോഷമാക്കുകയായിരുന്നു.

മികച്ച പ്രേക്ഷക സ്വീകാര്യതയാണ് രണ്ടാം വരവില്‍ മഞ്ജുവിന് ലഭിച്ചത്. ആദ്യമുണ്ടായിരുന്ന മഞ്ജുവിനെ ആയിരുന്നില്ല രണ്ടാം വരവില്‍ കണ്ടത്. ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക മനസ്സില്‍ മഞ്ജു സൂപ്പര്‍ സ്റ്റാര്‍ ആയി മാറുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ മഞ്ജുവിന്റെ ചിത്രങ്ങളൊക്കെ വൈറലാവുകയും ചെയ്തിരുന്നു. മലയാളത്തിലെ പകരക്കാരില്ലാത്ത താര സാന്നിധ്യമാണ് ഇന്ന് മഞ്ജു വാര്യര്‍.

ഇപ്പോഴിതാ മഞ്ജു വാര്യരെ കുറിച്ച് നിര്‍മാതാവ് ദിനേശ് പണിക്കര്‍ പറഞ്ഞ വാക്കുകളാണ് വൈറലായി മാറുന്നത്. യുട്യൂബ് ചാനലിലൂടെയാണ് അദ്ദേഹം വിശേഷങ്ങള്‍ പങ്കിടുന്നത്. 1996ല്‍ പുറത്തിറങ്ങിയ തന്റെ സിനിമയായ കളിവീടിന്റെ കഥയുടെ ത്രഡ് എങ്ങനെ കിട്ടിയെന്നും അതിലേക്ക് മഞ്ജു വാര്യരെ എങ്ങനെ കാസ്റ്റ് ചെയ്തുവെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ദിനേശ് പണിക്കര്‍ തന്റെ ഏറ്റവും പുതിയ വീഡിയോയില്‍.

തന്റെ സുഹൃത്തിന്റേയും ഭാര്യയുടേയും ജീവിതത്തില്‍ നടന്ന ചില സംഭവങ്ങളും സിനിമയ്ക്ക് ത്രഡ് ആയിട്ടുണ്ടെന്നും ദിനേശ് പണിക്കര്‍ പറയുന്നു. മഞ്ജുവിന്റെ കരിയറിലെ രണ്ടാമത്തെ സിനിമ കളിവീടായിരുന്നുവെന്നും ദിനേശ് പണിക്കര്‍ പറയുന്നു. സിബി മലയില്‍ ആയിരുന്നു ജയറാം നായകനായ കളിവീട് സംവിധാനം ചെയ്തത്. ജയറാംസിബി മലയില്‍ കൂട്ടുകെട്ടില്‍ പിറന്ന ആദ്യത്തെ സിനിമ കൂടിയായിരുന്നു കളിവീട്. കുടുംബ ചിത്രമായിരുന്നതിനാല്‍ വലിയ സ്വീകാര്യത പ്രേക്ഷകരില്‍ നിന്നും സിനിമയ്ക്ക് ലഭിച്ചു.

മഞ്ജു വാര്യര്‍ക്കും ജയറാമിനും പുറമെ സിനിമയില്‍ ജഗദീഷ്, ഇന്നസെന്റ്, സുനിത തുടങ്ങിയവരും പ്രധാന വേഷങ്ങള്‍ ചെയ്തിരുന്നു. ‘എന്റെ ഒരു സുഹൃത്തിന്റെ വീട്ടില്‍ ഒഴിവ് സമയം കിട്ടുമ്പോള്‍ ഞാന്‍ പോയി ഇരിക്കുകയും വര്‍ത്തമാനം പറയുകയും ചെയ്യാറുണ്ട്. ചില ദിവസങ്ങളില്‍ അവിടെ ചെല്ലുമ്പോള്‍ ഭാര്യയും ഭര്‍ത്താവും തമ്മില്‍ ചെറിയ വഴക്ക് നടന്നിട്ടുണ്ടെന്നും അതിന്റെ നീരസം രണ്ടുപേര്‍ക്കുമിടയിലുണ്ടെന്നും നമുക്ക് മനസിലാകും.’

‘ഇതേകുറിച്ച് ഒരു ദിവസം ഞങ്ങള്‍ എല്ലാവരും സംസാരിക്കവെ ചര്‍ച്ച വന്നു. ഭാര്യയും ഭര്‍ത്താവും തമ്മില്‍ വഴക്കുകള്‍ ഉണ്ടാകാന്‍ പ്രത്യേകിച്ച് കാരണം വേണ്ടെന്നും രാവിലത്തെ പത്രവായനയുമായി ബന്ധപ്പെട്ട് പോലും തര്‍ക്കവും വഴക്കും ഉണ്ടാകാറുണ്ടെന്നും എന്റെ സുഹൃത്തും ഭാര്യയും പറഞ്ഞു. അവരുടെ കഥ കേട്ടപ്പോള്‍ ഇതൊരു സിനിമയ്ക്കുള്ള കഥയുണ്ടെന്ന് തോന്നി.’

‘കാരണം അവരുടെ വഴക്ക് പോലെ തന്നെ എന്റെ വീട്ടിലും ചിലപ്പോള്‍ ഇത്തരം കാര്യങ്ങള്‍ക്ക് വഴക്കുണ്ടാകാറുണ്ട്. ശേഷം ഈ ത്രഡ് സിബി മലയിലിനോട് പറഞ്ഞപ്പോള്‍ സിബിക്കും റിലേറ്റ് ചെയ്യാന്‍ പറ്റി. കാരണം സിബിയുടെ വീട്ടിലും ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാറുണ്ട്. അങ്ങനെയാണ് ഈ ത്രഡ് വികസിപ്പിച്ച് സിനിമ ചെയ്യാമെന്ന് തീരുമാനിച്ചത്.’

‘പിന്നീട് നായകന്‍ ആരാകണമെന്ന ആലോചന തുടങ്ങി. അങ്ങനെയാണ് കുടുംബനായകന്‍ ജയറാമിലേക്ക് എത്തുന്നത്. കാരണം കുറച്ച് കോമഡി കൂടി ചെയ്യാന്‍ പറ്റണം. സിബിയാണ് സംവിധാനമെന്ന് കൂടി പറഞ്ഞതോടെ ജയറാം അഭിനയിക്കാമെന്ന് സമ്മതിച്ചു. അന്ന് തൂവല്‍ക്കൊട്ടാരം സിനിമയില്‍ അഭിനയിക്കുകയാണ് ജയറാം.’

‘കാസറ്റില്‍ കഥ പറഞ്ഞ് റെക്കോര്‍ഡ് ചെയ്താണ് ജയറാമിനെ കേള്‍പ്പിച്ചത്. അദ്ദേഹത്തിന്റെ ഷൂട്ടിങ് സെറ്റില്‍ പോയി കഥ പറയാന്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു. വലിയ മുതല്‍ മുടക്ക് ഇല്ലാതെ സിനിമ ചെയ്യാന്‍ പറ്റുമെന്ന് സിബി മലയിലും പറഞ്ഞിരുന്നു. പുതുമുഖത്തെ നായികയാക്കണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു.’

‘അതിനാല്‍ ആദ്യം നര്‍ത്തകി രാജശ്രീ വാര്യരെ സമീപിച്ചു. പക്ഷെ അവര്‍ക്ക് അഭിനയം താല്‍പര്യമില്ലായിരുന്നു. പിന്നീട് കിരീടം ഉണ്ണിയാണ് മഞ്ജുവിനെ കുറിച്ച് പറഞ്ഞത്. ആ സമയത്ത് കിരീടം ഉണ്ണി സല്ലാപം ചെയ്ത് തീര്‍ന്നതേയുണ്ടായിരുന്നുള്ളു. അങ്ങനെ മഞ്ജുവിനെ സമീപിച്ചപ്പോള്‍ ഒരു ലക്ഷം രൂപ പ്രതിഫലം ചോദിച്ചു.’

‘ആ പണത്തിനുള്ള പ്രകടനം മഞ്ജുവില്‍ നിന്നും ലഭിക്കുമെന്ന് ഉറപ്പായതോടെ അത് കൊടുത്തു. അന്ന് മഞ്ജു പുതുമുഖമാണ്. കിരീടം ഉണ്ണിക്ക് അടക്കം മഞ്ജുവിന് കുറിച്ച് നല്ല അഭിപ്രായമായിരുന്നു. സിനിമ വിചാരിച്ചതിനെക്കാള്‍ വേഗത്തില്‍ ഷൂട്ട് ചെയ്ത് തീര്‍ന്നു. മഞ്ജുവിന്റെ സഹകരണവും അതിന് വലിയൊരു കാരണവുമായിരുന്നു.’ ‘അച്ഛന്‍ മാധവനൊപ്പമാണ് മഞ്ജു ഷൂട്ടിന് വന്നിരുന്നത്. ഉദ്ദേശിച്ചതിലും വേഗത്തില്‍ ഷൂട്ട് തീര്‍ന്നതിനാല്‍ 25000 രൂപ മഞ്ജുവിന് സ്‌നേഹ സമ്മാനമായി അധികം നല്‍കുകയും ചെയ്തു’ എന്നും ദിനേശ് പണിക്കര്‍ പറഞ്ഞു.

More in Malayalam

Trending