News
അന്ന് വിജയ് ഇന്ന് ശിവകാര്ത്തികേയന്; പ്രേക്ഷകരെ തിയേറ്ററിലെത്തിച്ച് ‘ഡോക്ടര്‍’
അന്ന് വിജയ് ഇന്ന് ശിവകാര്ത്തികേയന്; പ്രേക്ഷകരെ തിയേറ്ററിലെത്തിച്ച് ‘ഡോക്ടര്‍’
കോവിഡ് പിടിമുറുക്കിയതോടെ തിയേറ്ററുകള്‍ അടഞ്ഞു കിടക്കുകയാണ്. ആദ്യ തരംഗത്തിനു ശേഷം തിയേറ്ററുകള്‍ തുറന്നതോടെ വിജയുടെ മാസ്റ്റര്‍ ആണ് പ്രേക്ഷകരെ തിയേറ്ററിലേയ്ക്ക് എത്തിയത്. തമിഴ്നാട്ടില്‍ മാത്രമല്ല, കേരളമുള്‍പ്പെടെയുള്ള മറ്റു മാര്‍ക്കറ്റുകളിലും വന്‍ ഹിറ്റ് ആയിരുന്നു ചിത്രം. ഇപ്പോഴിതാ രണ്ടാം തരംഗത്തിനു ശേഷം തിയേറ്ററുകളിലേയ്ക്ക് പ്രേക്ഷകരെ എത്തിച്ചിരിക്കുന്നത് ശിവകാര്‍ത്തികേയനെ നായകനാക്കി നെല്‍സണ്‍ ദിലീപ്കുമാര് സംവിധാനം ചെയ്ത ‘ഡോക്ടര്‍’ എന്ന ചിത്രമാണ്.
‘മെഡിക്കല്‍ ക്രൈം ആക്ഷന്‍ ത്രില്ലര്‍’ എന്ന് അണിയറക്കാര്‍ വിശേഷിപ്പിച്ചിരിക്കുന്ന ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് ‘വരുണ്‍ ഡോക്ടര്‍’ എന്ന പേരിലാണ് ആന്ധ്രയിലും തെലങ്കാനയിലും റിലീസ് ചെയ്തിരിക്കുന്നത്. തിയറ്ററുകള്‍ തുറന്ന തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നെന്നാം വന്‍ പ്രതികരണമാണ് ആദ്യദിനം ചിത്രത്തിന് ലഭിക്കുന്നത്.
സിനിമകള്‍ പൊതുവെ തയ്യാറാവാത്ത ശനിയാഴ്ച റിലീസിന് തിരഞ്ഞെടുത്ത നിര്‍മ്മാതാക്കളുടെ തീരുമാനത്തില്‍ സിനിമാ മേഖലയിലുള്ളവര്‍ തന്നെ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അത്തരം ആശങ്കകളെയൊക്കെ അസ്ഥാനത്താക്കുന്ന പ്രകടനമാണ് ബോക്സ് ഓഫീസില്‍ ചിത്രം നടത്തുന്നത്.
ആദ്യ ഷോകളുടെ ഇടവേള സമയം മുതല്‍ ട്വിറ്ററില്‍ പ്രേക്ഷക പ്രതികരണങ്ങള്‍ വന്നുതുടങ്ങിയിരുന്നു. ‘മാസ്റ്ററി’നു ശേഷമുള്ള ഏറ്റവും വലിയ ഓപണിംഗ് ഡേ കളക്ഷന്‍ ആയിരിക്കും ചിത്രം നേടുകയെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. ആദ്യദിന ആഗോള കളക്ഷന്‍ 10 കോടിയിലേറെ വരുമെന്ന് വിലയിരുത്തലുകളുണ്ട്.
