Malayalam
മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് പോലും സമ്മാനങ്ങളുമായി ആരാധകര്‍ എത്തി, ബിഗ്‌ബോസില്‍ നിന്നും ആകെ നേടിയത് അത് മാത്രം; കണ്ണ് നിറഞ്ഞ് സായി വിഷ്ണു
മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് പോലും സമ്മാനങ്ങളുമായി ആരാധകര്‍ എത്തി, ബിഗ്‌ബോസില്‍ നിന്നും ആകെ നേടിയത് അത് മാത്രം; കണ്ണ് നിറഞ്ഞ് സായി വിഷ്ണു
മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ്‌ബോസ് മലയാളം ഇതുവരെ മൂന്ന് സീസണുകളാണ് മലയാളത്തില്‍ കഴിഞ്ഞിരിക്കുന്നത്. ഇക്കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ഷോയിലെ വിന്നറെ മോഹന്‍ലാല്‍ പ്രഖ്യാപിച്ചത്. കോവിഡ് കാരണം 95ാം ദിവസം മത്സരം അവസാനിപ്പിക്കേണ്ടി വന്നതോടെ ഏറെ ആകാംക്ഷയോടെയാണ് പ്രേക്ഷകര്‍ ബിഗ് ബോസ് സീസണ്‍ 3യുടെ ഫിനാലെയ്ക്കായി കാത്തിരുന്നത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളോടൊപ്പം പുതുമുഖങ്ങളും എത്തിയിരുന്നു. മണിക്കുട്ടന്‍ ബിഗ് ബോസ് വിജയിയായപ്പോള്‍ രണ്ടാം സ്ഥാനം സ്വന്തമാക്കിയത് സായി വിഷ്ണു ആയിരുന്നു. സായിയെ ബിഗ് ബോസ് ഷോയിലൂടെയാണ് മലയാളി പ്രേക്ഷകര്‍ അറിയുന്നത്.
ഇപ്പോഴിത തന്നെ പിന്തുണച്ചവര്‍ക്ക് നന്ദി പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് സായി വിഷ്ണു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ബിഗ് ബോസ് യാത്രയില്‍ കൂടെ നിന്നവര്‍ക്ക് താരം നന്ദി അറിയിച്ചിരിക്കുന്നത്. കണ്ണും മനസ്സും നിറഞ്ഞാണ് ഈ വരിയെഴുതി നിര്‍ത്തുന്നതെന്നാണ് താരം പറയുന്നത്. നിമിഷ നേരം കൊണ്ടു തന്നെ സായിയുടെ വാക്കുകള്‍ ആരാധകര്‍ക്കിടയില്‍ വൈറലായിട്ടുണ്ട്. വാക്കുകള്‍ ഇങ്ങനെയായിരുന്നു.
ജീവിതാവസാനത്തില്‍ ഒരു തിരിഞ്ഞു നോട്ടത്തിനുള്ള സമയം ഉണ്ടെങ്കില്‍, ഈ ജീവിതം ഞാന്‍ പൂര്‍ണമായി ജീവിച്ചോ എന്ന ചോദ്യത്തിന് ഉത്തരമായി കടന്നു വരുക എത്രത്തോളം ഞാന്‍ സ്‌നേഹിക്കപ്പെട്ടു, എത്രത്തോളം ഞാന്‍ സഹജീവികളെ സ്‌നേഹിച്ചു എന്നു മാത്രം ആണ്. അവിടെ പണമോ, പ്രശസ്തിയോ, സൗന്ദര്യമോ, സ്ഥാനമാനങ്ങളോ, കടന്നു വരുക പോലുമില്ല. ജീവിതത്തിന്റെ നിറവായി ഞാന്‍ കാണുന്നത് സ്‌നേഹത്തെ ആണ്. അപ്പോള്‍ ബിഗ് ബോസില്‍ നിന്ന് ഞാന്‍ എന്ത് നേടി എന്നതിന്റെ ഏറ്റവും മൂല്യമുള്ള ഉത്തരവും അത് തന്നെയാണ്. നിങ്ങളുടെ സ്‌നേഹം.
‘സായി വിഷ്ണു ആര്‍മി’ എന്ന ഈ കൂട്ടായ്മ, എന്നെ അത്ഭുതപ്പെടുത്തുന്നു. തിരിച്ച് ഒന്നും പ്രതീക്ഷിക്കാതെ എങ്ങനെയാണ് എന്നെ ഇത്രയും സ്‌നേഹിക്കാന്‍ പറ്റുന്നത്. ഈ സ്‌നേഹത്തെ ഞാന്‍ ഒത്തിരി ബഹുമാനിക്കുന്നുണ്ട്. നിങ്ങളില്‍ നിന്ന് ഞാന്‍, എങ്ങനെയാണ് സ്‌നേഹിക്കേണ്ടത് എന്ന് പഠിച്ചു. ഈ സ്‌നേഹം എന്നെ കൂടുതല്‍ സാമൂഹിക പ്രതിബദ്ധതയുള്ളവനാക്കുന്നു. നിങ്ങളെ എല്ലാവരെയും പ്രതിനിധീകരിച്ചുകൊണ്ട് കുറച്ച് പേര്‍ എന്നെ കാണാന്‍ വന്നിരുന്നു. അതും മറ്റു സംസ്ഥാനങ്ങളില്‍ നിന്ന്.
നിങ്ങള്‍ ഓരോരുത്തരും നെഞ്ചത്ത് അഭിമാനത്തോടെ എന്റെ ഫോട്ടോ പതിപ്പിച്ചിരുന്നു, ഈ വിജയം, നമ്മളുടെ വിജയമായി കണ്ട് കേക്ക് മുറിച്ച് ആഘോഷിച്ചു. നിങ്ങളുടെ സ്‌നേഹം, ഒരു ട്രോഫിയായി നല്‍കി എന്നെ ആദരിച്ചു. നിങ്ങളുടെ കൊച്ചു സമ്പാദ്യങ്ങളില്‍ നിന്ന് സമ്മാനങ്ങള്‍ കൊണ്ട് വന്നു. നിങ്ങളുടെ വാക്കുകളിലും, പ്രവൃത്തിയിലും, നോട്ടത്തില്‍ പോലും നിറഞ്ഞു കവിയുന്ന സ്‌നേഹം പലപ്പോഴും എന്നെ നിശ്ശബ്ദനാക്കി.
ബിഗ് ബോസ്സില്‍ അകത്ത് നിന്ന് ഞാന്‍ പോരാടിയപ്പോള്‍ പുറത്ത് നിങ്ങള്‍ തനിയെ ചേര്‍ന്ന് എനിക്ക് വേണ്ടി നിലകൊണ്ടു. എന്റെ ഈ വിജയം, നിങ്ങളുടെ ഒരോരുത്തരുടേതുമാണ്. ആദ്യമായി കണ്ട എനിക്ക് വേണ്ടി, രാവ് പകലാക്കിയും, ഭക്ഷണവും, ഉറക്കവും, നിങ്ങളുടെ പല പ്രധാന കാര്യങ്ങളും മാറ്റി വെച്ചും, നിങ്ങളുടെ സോഷ്യല്‍ മീഡിയകള്‍ എനിക്ക് വേണ്ടിയാക്കി മാറ്റിയും, പ്രാര്‍ത്ഥനകളില്‍ എന്നെ ഉള്‍പ്പെടുത്തിയും, എന്നെ പിന്തുണച്ച് നിങ്ങള്‍ ചെയ്ത എല്ലാ കാര്യങ്ങളും കൂടി ചേര്‍ന്നാണ് എന്നെ ഇവിടെ വരെ എത്തിച്ചത്.
നിങ്ങള്‍ കൂടെ നിന്നത്, സ്വന്തം സ്വപ്നത്തിന് വേണ്ടി ജീവിതം സമര്‍പ്പിച്ചത് കൊണ്ട് ഒറ്റയ്ക്കായി പോയ ഒരുവന്റെ കൂടെ ആണ്. ഒറ്റയ്ക്ക് നിലപാടുകളില്‍ ഉറച്ചു നിന്ന് ജീവിതത്തോട് പോരാടിയ എന്റെ ശബ്ദം ഇന്ന് നിങ്ങളിലൂടെ പ്രതിധ്വനിക്കുന്നു. എല്ലാത്തിലുമുപരി, ഞാന്‍ ഒറ്റയ്ക്ക് കണ്ട, പരിശ്രമിച്ചു കൊണ്ടിരിക്കുന്ന, കാത്തിരിക്കുന്ന എന്റെ സ്വപ്നത്തിനായി ഇന്ന് നിങ്ങളും എന്നെ പോലെ കാത്തിരിക്കുന്നു. എന്റെ സിനിമ. ഉപാധികളില്ലാത്ത ഈ സ്‌നേഹത്തിന് നന്ദി. കണ്ണും മനസ്സും നിറഞ്ഞാണ് ഈ വരിയെഴുതി നിര്‍ത്തുന്നത് എന്നായിരുന്നു സായി പറഞ്ഞത്.
അതേസമയം, രണ്ടാമതെത്തിയ സായ് വിഷ്ണുവിനോട് കാണിച്ചത് അവഗണനയാണെന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു വന്നിരുന്നു. രണ്ടാം സ്ഥാനത്ത് എത്തിയിട്ടും സമ്മാനം നല്‍കാതിരുന്നത് ശരിയായില്ലെന്നാണ് ആരാധകര്‍ പറയുന്നത്. സാധാരണക്കാരനായ സായി രണ്ടാം സ്ഥാനം വരെ എത്തിയിട്ടുണ്ടെങ്കില്‍ തങ്ങളുടെ മനസിലെ വിജയി സായ് ആണെന്നാണ് ആരാധകര്‍ പറയുന്നത്. ഒന്നാം സ്ഥാനം നേടിയ വ്യക്തിയ്ക്ക് 75 ലക്ഷത്തിന്റെ ഫ്‌ളാറ്റ് സമ്മാനിച്ചിട്ടുണ്ടെങ്കില്‍ രണ്ടാം സ്ഥാനക്കാരനും സമ്മാനം നല്‍കണമായിരുന്നുവെന്ന് ആരാധകര്‍ പറയുന്നു. വിജയി ആയില്ലെങ്കിലും സായ് വിഷ്ണുവിന്റെ നേട്ടം വളരെ വലുതാണെന്ന് ആരാധകര്‍ പറയുന്നു.
