Malayalam
പള്‍സര്‍ സുനി ആശുപത്രിയില്‍…സംഭവം ശനിയാഴ്ച ഉച്ചയോടെ; ജീവന് ഭീഷണിയുണ്ടെന്ന് നേരത്തെ സുനി പറഞ്ഞിരുന്നു, പോലീസ് പറയുന്നതിങ്ങനെ!
പള്‍സര്‍ സുനി ആശുപത്രിയില്‍…സംഭവം ശനിയാഴ്ച ഉച്ചയോടെ; ജീവന് ഭീഷണിയുണ്ടെന്ന് നേരത്തെ സുനി പറഞ്ഞിരുന്നു, പോലീസ് പറയുന്നതിങ്ങനെ!
കൊച്ചിയില്‍ ക്വട്ടേഷന്‍ പ്രകാരം നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി എന്ന സുനില്‍ കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ച്ചയായ ഉറക്ക കുറവ് മൂലമുണ്ടായ അസ്വാസ്ത്യം നേരിട്ട പള്‍സര്‍ സുനിയെ തൃശൂര്‍ മെഡിക്കല്‍ കോളേജിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. മാനസിക സംഘര്‍ഷമാണ് ഉറക്കകുറവിന് കാരണമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
ശനിയാഴ്ച്ച ഉച്ചയോടെ നെടുമ്പാശ്ശേരി പൊലീസാണ് പള്‍സര്‍ സുനി ആശുപത്രിയിലെത്തിച്ചത്. സൈക്യാട്രിക് വിഭാഗത്തിലെത്തി ഡോക്ടറെ കണ്ട് ചികിത്സ തേടിയ ശേഷം വൈകുന്നേരത്തോടെ പള്‍സര്‍ സുനിയെ തിരികെ ജയിലിലേക്ക് കൊണ്ടുപോയി എന്നാണ് ലഭ്യമായ വിവരം. അതേസമയം, സാക്ഷി വിസ്താരം പൂര്‍ത്തിയാകാനിരിക്കെ, ദിലീപുമായി അടുപ്പമുണ്ടായിരുന്ന ഒരാള്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ അവഗണിക്കാന്‍ കഴിയില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണു ക്രൈംബ്രാഞ്ച് തുടരന്വേഷണം നടത്തുന്നത്.
കേസിന്റെ വിചാരണ നിര്‍ത്തിവയ്ക്കണമെന്ന അന്വേഷണസംഘത്തിന്റെ ഹര്‍ജി വിചാരണക്കോടതി 20നു പരിഗണിക്കും. പുതിയ തെളിവുകള്‍ പരിശോധിച്ച് തുടരന്വേഷണം നടത്തി വിചാരണ പൂര്‍ത്തിയാക്കാന്‍ 6 മാസം കൂടി അനുവദിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ അപേക്ഷ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
ജയിലില്‍ തന്റെ ജീവനു ഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടി ഒന്നാം പ്രതി പള്‍സര്‍ സുനി കോടതി വരാന്തയില്‍ വച്ചു മാതാവിനു കൈമാറിയതായി പറയുന്ന കത്തിന്റെ അസ്സല്‍ കണ്ടെത്താന്‍ അന്വേഷണസംഘം പ്രതി കഴിയുന്ന ജയില്‍മുറിയില്‍ പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. സുനിയെ ജാമ്യത്തിലിറക്കി വകവരുത്താനുള്ള സാധ്യതയുള്ളതായും ബാലചന്ദ്രകുമാര്‍ മൊഴി നല്‍കിയിരുന്നു.
കേസിലെ നിര്‍ണായക തുമ്പാവുമെന്ന് അന്വേഷണ സംഘം കരുതുന്നയാളാണ് വിഐപി. നടിയെ ആക്രമിച്ച കേസില്‍ തുടക്കം മുതല്‍ വിഐപിക്ക് പങ്കുണ്ടെന്നാണ് ഇതുവരെ പുറത്തു വന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത്. നടിയെ ആക്രമിച്ച കേസില്‍ പ്രതിപ്പട്ടികയിലുള്ള ദിലീപിനൊപ്പം നിന്ന നിര്‍ണായക സാന്നിധ്യം, സാക്ഷികളെ സ്വാധീനിച്ചു, അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ പദ്ധതിയിട്ടു, നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന് എത്തിച്ച് നല്‍കി തുടങ്ങി നിരവധി വെളിപ്പെടുത്തലുകളാണ് ഇതിനകം വിഐപിക്കെതിരെ പുറത്തു വന്നിട്ടുള്ളത്.
താന്‍ ദിലീപിന്റെ വീട്ടിലുള്ള സമയം ഇക്ക എന്ന് ദിലീപും കാവ്യയും വിളിക്കുന്ന ഒരാള്‍ അവിടെ എത്തുകയും ദിലീപിന് ഒരു പെന്‍ഡ്രൈവ് കൈമാറുകയും ചെയ്തെന്നാണ് ബാലചന്ദ്രകുമാറിന്റെ ആരോപണം. ഈ പെന്‍ഡ്രൈവ് ലാപ്ടോപില്‍ ഘടിപ്പിച്ച ശേഷം പള്‍സര്‍ സുനിയുടെ ക്രൂരകൃത്യം കാണാന്‍ ദിലീപ് ക്ഷണിച്ചുവെന്നും ബാലചന്ദ്ര കുമാര്‍ ആരോപിക്കുന്നു, ഒരു വിഐപിയെ പോലെ പെരുമാറിയ ഇയാള്‍ ദിലീപിനെ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥനെ മന്ത്രിയുടെ മുന്നില്‍ ഇരുന്ന് ചീത്ത പറഞ്ഞാല്‍ മാത്രമെ സമാധാനം ആകൂവെന്ന് പറഞ്ഞതായും വെളിപ്പെടുത്തിയിരുന്നു. ഈ വിഐപി ആരാണെന്ന് അന്വേഷണ സംഘം ഇത് വരെ വെളിപ്പെടുത്തിയിട്ടില്ല.
അതേസമയം, കഴിഞ്ഞ ദിവസം ദിലീപിന്റെ വീട്ടില്‍ ക്രൈം ബ്രാഞ്ച് മിന്നല്‍ റെയിഡ് നടത്തിയിരുന്നു. രാവിലെ പതിനൊന്നരയോടെയാണ് ദിലീപിന്റെ വീട്ടിലേക്ക് അന്വേഷണഉദ്യോഗസ്ഥരെത്തിയത്. കുറേ നേരം കാത്ത് നിന്നിട്ടും ‘പത്മസരോവര’ത്തിന്റെ ഗേറ്റ് തുറന്നുകൊടുക്കാന്‍ വീട്ടിനകത്തുള്ള ആളുകള്‍ തയ്യാറായില്ല. പരിശോധനയ്ക്ക് എത്തിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞിട്ടും ഗേറ്റ് തുറന്നില്ല. പിന്നീട് ഉദ്യോഗസ്ഥര്‍ ഗേറ്റ് ചാടിക്കടന്ന് അകത്ത് കയറുകയായിരുന്നു. പിന്നീട് ദിലീപിന്റെ സഹോദരി വന്ന് ദിലീപിന്റെ വീട് തുറന്നുകൊടുത്തു. അന്വേഷണ ഉദ്യോഗസ്ഥരെത്തിയപ്പോള്‍ വീട്ടില്‍ ദിലീപ് ഉണ്ടായിരുന്നില്ല. റെയ്ഡ് തുടങ്ങി അരമണിക്കൂറിനകമാണ് വെള്ള ഇന്നോവ കാറില്‍ ദിലീപ് എത്തിയത്. റെയ്ഡ് തുടങ്ങിയ ഉടന്‍ സഹോദരന്‍ അനൂപും സ്ഥലത്ത് എത്തി.
നടിയെ ആക്രമിച്ച് പള്‍സര്‍ സുനി പകര്‍ത്തിയ ഫോണിലെ മെമ്മറി കാര്‍ഡോ ആ ദൃശ്യങ്ങളുടെ ഒറിജിനലോ ഇത് വരെ അന്വേഷണസംഘത്തിന് കണ്ടെത്താനായിട്ടില്ല. ദിലീപിന്റെ നിര്‍മാണക്കമ്പനിയായ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സില്‍ ഈ ദൃശ്യങ്ങള്‍ എപ്പോഴെങ്കിലും എത്തിയോ എന്നാണ് സൈബര്‍ വിദഗ്ധരുടെ സംഘം പരിശോധിക്കുന്നത്.
ഇവിടെയുള്ള ഏതെങ്കിലും കമ്പ്യൂട്ടറുകളില്‍ ഈ ദൃശ്യങ്ങള്‍ സേവ് ചെയ്തിട്ടുണ്ടോ, ഏതെങ്കിലും ഘട്ടത്തില്‍ സേവ് ചെയ്തിരുന്നോ എന്നാണ് പരിശോധിക്കുന്നത്. ഈ ദൃശ്യങ്ങള്‍ ഏതെങ്കിലും ഘട്ടത്തില്‍ ഇവിടെയെത്തിയിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്. ഇവിടുത്തെ കമ്പ്യൂട്ടറുകളിലെ ഹാര്‍ഡ് ഡിസ്‌കുകള്‍ കസ്റ്റഡിയില്‍ എടുത്തേക്കും. ദൃശ്യങ്ങള്‍ കിട്ടാനായി വിദഗ്ധ പരിശോധനയ്ക്ക് കസ്റ്റഡിയിലെടുക്കാനാണ് ആലോചിക്കുന്നത്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണസംഘത്തെ സൈബര്‍ വിദഗ്ധരുടെ പ്രത്യേകസംഘം തന്നെ ഈ കേസില്‍ സഹായിക്കുന്നുണ്ട്.
