Malayalam
വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മയുടെ മീറ്റിംഗില്‍ പങ്കെടുത്ത് മഞ്ജു വാര്യര്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മയുടെ മീറ്റിംഗില്‍ പങ്കെടുത്ത് മഞ്ജു വാര്യര്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍
കഴിഞ്ഞ കുറച്ച് നാളുകളായി വാര്‍ത്തകളിലും സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായിരിക്കുകയാണ് മലയാള താര സംഘടനയായ അമ്മയുടെ തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍. ഒടുവില്‍ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ട് ഒരു തെരഞ്ഞെടുപ്പ് കൂടി കടന്നു പോകുകയാണ്. വൈസ് പ്രസിഡന്റ്, എക്സിക്യൂട്ടീവ് കമ്മിറ്റി തുടങ്ങിയ സ്ഥാനങ്ങളിലേയ്ക്ക് വാശിയേറിയ മത്സരമാണ് നടന്നിരുന്നത്. പ്രസിഡന്റിനെ ഉള്‍പ്പെടെ എതിരില്ലാതെ നേരത്തെ തെരഞ്ഞെടുത്തിരുന്നു.
അമ്മയില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു തെരെഞ്ഞെടുപ്പ് നടക്കുന്നത്. അംഗങ്ങളുടെ പൊതു അഭിപ്രായം രൂപീകരിച്ച ശേഷം ആളുകളെ കണ്ടെത്തുകയായിരുന്നു മുമ്പുള്ള വര്‍ഷങ്ങളില്‍ ചെയ്തിരുന്നത്. എന്നാല്‍ ഇത്തവണ വൈസ് പ്രസിഡന്റ്, എക്സിക്യൂട്ടീവ് കമ്മിറ്റി സ്ഥാനങ്ങളിലേയ്ക്ക് കടുത്ത മത്സരമാണ് നടന്നിരുന്നത്. രണ്ട് വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേയ്ക്ക് മൂന്ന് പേരാണ് മത്സരിച്ചത്. ഔദ്യോഗിക പക്ഷത്ത് നിന്ന് ശ്വേതാ മേനോനും ആശാ ശരത്തും രംഗത്തുണ്ടായിരുന്നു. മണിയന് പിള്ള രാജുവാണ് മത്സര രംഗത്തുള്ള മൂന്നാമത്തെ വ്യക്തി. ജഗദീഷും മുകേഷും പത്രിക സമര്‍പ്പിച്ചിരുന്നെങ്കിലും പിന്നീട് പിന്‍വലിച്ചു.
11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് 14 പേരാണ് പത്രിക നല്‍കിയിരുന്നത്. നിവിന്‍ പോളി, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദന്, ബാബുരാജ്, ടിനി ടോം, സുധീര്‍ കരമന, ഹണി റോസ്, ലെന, സുരഭി ലക്ഷ്മി, മഞ്ജു പിള്ള, രചന നാരായണന്‍കുട്ടി എന്നിവരാണ് ഔദ്യോഗിക പക്ഷത്ത് നിന്ന് മത്സരിക്കുന്നത്. ലാല്‍, വിജയ് ബാബു, നാസര്‍ ലത്തീഫ് എന്നിവരാണ് പാനലിന്റെ ഭാഗമല്ലാതെ മത്സര രംഗത്തുള്ളവര്‍.
എന്നാല്‍ വൈകിട്ട് ഫലം വന്നതോടെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മണിയന് പിള്ള രാജുവും ശ്വേതാമേനോനും തെരഞ്ഞെടുക്കപ്പെട്ടു. ആശാ ശരത്ത് പരാജയപ്പെട്ടു. 11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കുള്ള തെരെഞ്ഞെടുപ്പില്‍ ബാബുരാജ്, ലാല്‍, ലെന, മഞ്ജു പിള്ള, രചന നാരായണന്‍കുട്ടി, സുധീര്‍ കരമന, സുരഭി ലക്ഷ്മി, ടിനി ടോം, ടോവിനോ തോമസ്, ഉണ്ണി മുകുന്ദന്, വിജയ് ബാബു എന്നിവര്‍ വിജയിച്ചു. ഹണി റോസ്, നാസര്‍ ലത്തീഫ്, നിവിന്‍ പോളി എന്നിവര്‍ പരാജപ്പെട്ടു.
എന്നാല്‍ ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം അമ്മ പൊതു യോഗത്തില്‍ പങ്കെടുക്കാന്‍ ഇത്തവണ മഞ്ജു വാര്യരും എത്തിയിട്ടുണ്ട്. വര്‍ഷങ്ങളായി അമ്മയില്‍ നിന്നും മഞ്ജു വാര്യര്‍ വിട്ടുനില്‍ക്കുകയായിരുന്നു. മുമ്പ് മഞ്ജു വാര്യരെ വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിപ്പിക്കാനുള്ള ശ്രമം നടത്തിയിരുന്നു. എന്നാല്‍ മത്സരിക്കാന്‍ ഇല്ലെന്ന് പറഞ്ഞ താരം പിന്നീട് തെരഞ്ഞെടുപ്പിന് എത്തുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് മഞ്ജു പരിപാടിക്ക് എത്തിയത്.
നിലവിലെ പ്രസിഡന്റായ മോഹന്‍ലാലും ജനറല്‍ സെക്രട്ടറി ഇടവേള ബാബുവും എതിരില്ലാതെ നേരത്തെ തന്നെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ട്രഷറായി സിദ്ദിഖിനും ജോയിന്റ് സെക്രട്ടറി ജയസൂര്യക്കും എതിരാളികളുണ്ടായിരുന്നില്ല. പൂര്‍ണമായ വിവരങ്ങള്‍ രേഖപ്പെടുത്താതിരുന്നതാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് നാമനിര്‍ദേശ പ്രതിക നല്കിയ ഉണ്ണി ശിവപാലിന് തിരിച്ചടിയായത്. സുരേഷ് കൃഷ്ണയും തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പത്രിക പിന്‍വലിച്ചിരുന്നു. അംഗങ്ങള്‍ക്കായി നടപ്പാക്കിയ പദ്ധതികളാണ് ഔദ്യോഗിക വിഭാഗം എടുത്തുകാട്ടുന്നത്. ഇതോടൊപ്പം സ്ത്രീകളുടെ പ്രാതിനിധ്യവും പ്രചാരണ വിഷയമാക്കിയിട്ടുണ്ട്.
അതേസമയം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന് സിദ്ദിഖ് പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. ഔദ്യോഗിക പാനലിലെ സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചോദിച്ചുകൊണ്ട് സിദ്ദിഖ് പങ്കുവെച്ച കുറിപ്പാണ് ചര്‍ച്ചയായിരിക്കുന്നത്. ‘ആരെ തെരഞ്ഞെടുക്കണമെന്ന് അംഗങ്ങള്‍ക്ക് തീരുമാനിക്കാം. അമ്മ ഉണ്ടാക്കിയത് താനാണെന്ന് അവകാശം മുഴക്കിയവരല്ല ഇവരാരും. അമ്മയുടെ ആസ്ഥാന മന്ദിരത്തിന്റെ അടിയത്തറ ഇളക്കുമെന്നും ഇവരാരും വീരവാദം മുഴക്കിയിട്ടില്ല.
അമ്മയുടെ തലപ്പത്തിരിക്കാന്‍ ഏറ്റവും അനുയോജ്യനായ വ്യക്തി താനാണെന്ന് വിശ്വസിച്ച് അതിനുവേണ്ടി മത്സരക്കാന്‍ നല്കിയ നോമിനേഷനില്‍ പേരെഴുതി ഒപ്പിടാന്‍ അറിയാത്തവരുമല്ല. ഇല്ലാത്ത ഭൂമി അമ്മയ്ക്ക് നല്‍കാം എന്ന് വാദ്ഗാനം നല്കി അമ്മയെ കബളിപ്പിച്ചവരുമല്ല…’ എന്നായിരുന്നു സിദ്ദിഖിന്റെ പോസ്റ്റ്. ഷമ്മി തിലകനേയും ഉണ്ണി ശിവപാലിനേയും ലക്ഷ്യം വെച്ചുള്ള പോസ്റ്റാണ് സിദ്ദിഖ് പങ്കുവെച്ചത് എന്ന് മനസിലാക്കി സിനിമയിലെ ചിലര്‍ സിദ്ദികിനെതിരെ തിരിഞ്ഞിട്ടുണ്ട്.
