Malayalam
അന്വേഷണ സംഘം കാവ്യ മാധവനെ ചോദ്യം ചെയ്യുന്നു…, വിഐപിയെ കുറിച്ചും ചോദ്യം; സിസിടിവി ദൃശ്യങ്ങളുടെ അടക്കം പരിശോധന സൈബര്‍ വിദഗ്ദരുടെ സാന്നിധ്യത്തില്‍!
അന്വേഷണ സംഘം കാവ്യ മാധവനെ ചോദ്യം ചെയ്യുന്നു…, വിഐപിയെ കുറിച്ചും ചോദ്യം; സിസിടിവി ദൃശ്യങ്ങളുടെ അടക്കം പരിശോധന സൈബര്‍ വിദഗ്ദരുടെ സാന്നിധ്യത്തില്‍!
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന് ദിലീപിന്റെ വീട്ടില്‍ നടക്കുന്ന തെരച്ചിലില്‍ തോക്ക് കണ്ടെത്താനുള്ള ശ്രമവുമായി ക്രൈംബ്രാഞ്ച്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചുവെന്ന വെളിപ്പെടുത്തലില്‍ ദിലീപിന്റെ കയ്യില്‍ തോക്ക് ഉണ്ടായിരുന്നുവെന്ന് സംവിധായകന് ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു. ആ തോക്കെവിടെ എന്ന് കൂടിയാണ് അന്വേഷണസംഘം തിരയുന്നത് എന്നാണ് ഇപ്പോള്‍ ലഭ്യമായിരിക്കുന്ന വിവരം. ഇതോടൊപ്പം നടിയെ ആക്രമിച്ച് പള്‍സര്‍ സുനി പകര്‍ത്തിയ ദൃശ്യങ്ങള്‍ ആലുവയിലെ വീട്ടിലിരുന്ന് ദിലീപ് കണ്ടുവെന്ന് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ ഈ ദൃശ്യങ്ങള്‍ക്ക് വേണ്ടി സൈബര്‍ വിദഗ്ധരും തെരച്ചില്‍ നടത്തുകയാണ്.
അതോടൊപ്പം അന്വേഷണ സംഘം നടിയും ഭാര്യയുമായ കാവ്യ മാധവനെ ചോദ്യം ചെയ്യുകയാണ്. വീട്ടിലെത്തിയ ക്രൈംബ്രാഞ്ച് ദിലീപിന്റെ വീട്ടിലുള്ള സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. ആദ്യം ദിലീപും ഭാര്യ കാവ്യയും വീട്ടില്‍ ഇല്ലെന്നായിരുന്നു റിപ്പോര്‍ട്ടെങ്കിലും ദിലീപ് വീട്ടിലുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. ക്രൈംബ്രാഞ്ച് എസ് പി മോഹന ചന്ദ്രന്റെ നേതൃത്വത്തിലുള്ള 20 അംഗ സംഘമാണ് വീട്ടില്‍ പരിശോധന നടത്തുന്നത്.
വളരെ നിര്‍ണായകമായ തെളിവുകള്‍ തേടിയാണ് അന്വേഷണഉദ്യോഗസ്ഥര്‍ ദിലീപിന്റെ വീട്ടിലും ബന്ധപ്പെട്ട സ്ഥാപനങ്ങളിലും റെയ്ഡ് നടത്തുന്നത്. ആലുവ പറവൂര്‍ക്കവലയിലെ ദിലീപിന്റെ വീട്, സഹോദരന് അനൂപിന്റെ വീട്, ദിലീപിന്റെയും അനൂപിന്റെയും സിനിമാനിര്‍മാണക്കമ്പനി ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ കൊച്ചി ചിറ്റൂര്‍ റോഡിലുള്ള ഓഫീസ് എന്നിവിടങ്ങളിലാണ് നിലവില്‍ റെയ്ഡുകള്‍ പുരോഗമിക്കുന്നത്.
ദിലീപിന്റെയും സഹോദരന്റെയും വീട്ടില്‍ എസ്പി മോഹനചന്ദ്രന്റെ നേതൃത്വത്തിലാണ് റെയ്ഡ്. ഗ്രാന്‍ഡ് പ്രൊഡക്ഷന്സില് ഡിവൈഎസ്പി ബിജു പൗലോസിന്റെ നേതൃത്വത്തിലാണ് റെയ്ഡ്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുള്ള ഗൂഢാലോചനാ കേസില്‍ രണ്ടാം പ്രതിയെന്ന നിലയിലാണ് അനൂപിന്റെ വീട്ടില്‍ പരിശോധന നടത്തുന്നത് എന്ന് എസ് പി മോഹനചന്ദ്രന് വ്യക്തമാക്കി. വീട്ടില്‍ ദിലീപുണ്ടെന്നും, സംസാരിച്ചുവെന്നും വിശദമായ പരിശോധന തുടരുകയാണെന്നുമല്ലാതെ മറ്റൊന്നും അദ്ദേഹം അറിയിച്ചിട്ടില്ല.
രാവിലെ പതിനൊന്നരയോടെയാണ് ദിലീപിന്റെ വീട്ടിലേക്ക് അന്വേഷണഉദ്യോഗസ്ഥരെത്തിയത്. കുറേ നേരം കാത്ത് നിന്നിട്ടും ‘പത്മസരോവര’ത്തിന്റെ ഗേറ്റ് തുറന്നുകൊടുക്കാന്‍ വീട്ടിനകത്തുള്ള ആളുകള്‍ തയ്യാറായില്ല. പരിശോധനയ്ക്ക് എത്തിയ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞിട്ടും ഗേറ്റ് തുറന്നില്ല. പിന്നീട് ഉദ്യോഗസ്ഥര്‍ ഗേറ്റ് ചാടിക്കടന്ന് അകത്ത് കയറുകയായിരുന്നു. പിന്നീട് ദിലീപിന്റെ സഹോദരി വന്ന് ദിലീപിന്റെ വീട് തുറന്നുകൊടുത്തു. അന്വേഷണ ഉദ്യോഗസ്ഥരെത്തിയപ്പോള്‍ വീട്ടില്‍ ദിലീപ് ഉണ്ടായിരുന്നില്ല. റെയ്ഡ് തുടങ്ങി അരമണിക്കൂറിനകമാണ് വെള്ള ഇന്നോവ കാറില്‍ ദിലീപ് എത്തിയത്. റെയ്ഡ് തുടങ്ങിയ ഉടന്‍ സഹോദരന് അനൂപും സ്ഥലത്ത് എത്തി.
നടിയെ ആക്രമിച്ച് പള്‍സര്‍ സുനി പകര്‍ത്തിയ ഫോണിലെ മെമ്മറി കാര്‍ഡോ ആ ദൃശ്യങ്ങളുടെ ഒറിജിനലോ ഇത് വരെ അന്വേഷണസംഘത്തിന് കണ്ടെത്താനായിട്ടില്ല. ദിലീപിന്റെ നിര്‍മാണക്കമ്പനിയായ ഗ്രാന്‍ഡ് പ്രൊഡക്ഷന്സില് ഈ ദൃശ്യങ്ങള്‍ എപ്പോഴെങ്കിലും എത്തിയോ എന്നാണ് സൈബര്‍ വിദഗ്ധരുടെ സംഘം പരിശോധിക്കുന്നത്.
ഇവിടെയുള്ള ഏതെങ്കിലും കമ്പ്യൂട്ടറുകളില്‍ ഈ ദൃശ്യങ്ങള്‍ സേവ് ചെയ്തിട്ടുണ്ടോ, ഏതെങ്കിലും ഘട്ടത്തില്‍ സേവ് ചെയ്തിരുന്നോ എന്നാണ് പരിശോധിക്കുന്നത്. ഈ ദൃശ്യങ്ങള്‍ ഏതെങ്കിലും ഘട്ടത്തില്‍ ഇവിടെയെത്തിയിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്. ഇവിടുത്തെ കമ്പ്യൂട്ടറുകളിലെ ഹാര്‍ഡ് ഡിസ്കുകള്‍ കസ്റ്റഡിയില്‍ എടുത്തേക്കും. ദൃശ്യങ്ങള്‍ കിട്ടാനായി വിദഗ്ധ പരിശോധനയ്ക്ക് കസ്റ്റഡിയിലെടുക്കാനാണ് ആലോചിക്കുന്നത്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണസംഘത്തെ സൈബര്‍ വിദഗ്ധരുടെ പ്രത്യേകസംഘം തന്നെ ഈ കേസില്‍ സഹായിക്കുന്നുണ്ട്.
