Malayalam
ശരിക്കും പറഞ്ഞാല്‍ ജോജുവും അല്ല കോണ്‍ഗ്രസുകാരുമല്ല പ്രശ്നം, പ്രധാന പ്രശ്നം മറ്റൊന്നാണ്!; ജനങ്ങളുടെ ഓരോ വിധിയേ…; ഇനിയും എന്തൊക്കെ കാണണം
ശരിക്കും പറഞ്ഞാല്‍ ജോജുവും അല്ല കോണ്‍ഗ്രസുകാരുമല്ല പ്രശ്നം, പ്രധാന പ്രശ്നം മറ്റൊന്നാണ്!; ജനങ്ങളുടെ ഓരോ വിധിയേ…; ഇനിയും എന്തൊക്കെ കാണണം
നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ നടന്, പ്രേക്ഷകരെ ചിന്തിപ്പിച്ചും ചിരിപ്പിച്ചും ത്രസിപ്പിച്ചും മലയാള സിനിമാ ലോകത്ത് മുന്‍ നിരയില്‍ നില്ക്കുന്ന നടന്.., എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നമ്മളെല്ലാവരും അദ്ദേഹത്തെ കാണുന്നത് വാര്‍ത്തകളിലൂടെയാണ്. കോണ്‍ഗ്രസ് പാര്‍ട്ടി പ്രവര്‍ത്തകരും ജോജുവും തമ്മിലുണ്ടായ വാക്കേറ്റത്തില്‍ രണ്ട് പക്ഷം പിടിച്ചും ആളുകള്‍ നിലലില്‍ക്കുന്നുണ്ട്. ദിവസങ്ങള്‍ പിന്നിട്ടിട്ടും ഒഴിയാതെ നില്ക്കുന്ന ഈ പ്രശ്നത്തെ കുറിച്ച് ഇപ്പോഴല്ലാതെ പിന്നീട് എപ്പോഴാണ് സംസാരിക്കണ്ടത്.
ശരിക്കും പറഞ്ഞാല്‍ ഇവിടെ ജോജുവും അല്ല കോണ്‍ഗ്രസുകാരുമല്ല പ്രശ്നം, പ്രധാന പ്രശ്നം ഇന്ധന വിലയാണ്. സാധാരണക്കാരന് കിട്ടിയ ഇരുട്ടടിയാണ് ഇന്ധന വില വര്‍ധന. നിലവില്‍ കേരളത്തില്‍ പെട്രോളിന് 106 രൂപ 34 പൈസയും ഡീസലിന് 93 രൂപ 46 പൈസയുമാണ് വില. ദിനം പ്രതി വര്‍ധിച്ചുകൊണ്ടിരിക്കുന്ന വിലവര്‍ധനവിനെതിരെ ശബ്ദമുയര്ത്തുന്നവരാരുണ്ട്. പലപല രാഷ്ട്രീയ പാര്‍ട്ടികള്‍ മാറി മാറി കോലം കത്തിച്ചും റോഡ് ഉപരോധിച്ചും നടത്തിയ പ്രതിഷേധ പ്രകടനങ്ങളെല്ലാം വെറും പ്രകടനങ്ങള്‍ മാത്രമായിപ്പോയി എന്ന് മാത്രമേ പറയാന്‍ കഴിയൂ.
എന്നാല്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കുറച്ചുള്ള കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനം പൊതുജനത്തിന് ഭേദപ്പെട്ട നിലയിലുള്ള ഒരു ആശ്വാസമായി എന്നു തന്നെ പറയാം.
പെട്രോളിന് ലിറ്ററിന് അഞ്ച് രൂപയും ഡീസലിന് പത്ത് രൂപയുമാണ് കുറച്ചത്. ഇളവ് രണ്ട് ദിവസം മുന്നേ നിലവില്‍ വന്നെങ്കിലും ഇത് പോക്കറ്റടിക്കാരന്റെ ന്യായമാണെന്നാണ് നമ്മുടെ കേരള ധനമന്ത്രി കെഎന്‍ ബാലഗോപാലിന്റെ അഭിപ്രായം. വില കുറയ്ക്കില്ലെന്ന നിലപാടില്‍ തന്നെയാണ് മന്ത്രി.
പെട്രോളിന് ലിറ്ററിന് 32 രൂപയും ഡീസലിന് 31 രൂപയുമാണ് എക്സൈസ് തീരുവയായി കേന്ദ്രസര്‍ക്കാര്‍ ഈടാക്കുന്നത്. ജനങ്ങള്‍ക്ക് ആശ്വാസം നല്കാന് സംസ്ഥാന സര്‍ക്കാരുകളും ഇന്ധനങ്ങള്‍ക്ക് മേല്‍ ചുമത്തുന്ന വാറ്റ് കുറക്കാന്‍ തയ്യാറാകണമെന്നുമായിരുന്നു കേന്ദ്രത്തിന്റെ ആവശ്യം. മോദി സര്‍ക്കാര്‍ 2014 ല്‍ അധികാരത്തിലെത്തുമ്പോള്‍ 9.48 രൂപയായിരുന്നു എക്സൈസ് നികുതിയെന്ന് കെഎന്‍ ബാലഗോപാല്‍ ചൂണ്ടിക്കാട്ടി. അത് പിന്നീട് 32 രൂപ വരെ വര്‍ധിപ്പിച്ച് 10 രൂപ കുറക്കുകയാണ് ചെയ്തത്. പോക്കറ്റിലെ കാശ് മുഴുവന്‍ തട്ടിപ്പറിച്ച് വണ്ടിക്കൂലി തരുന്ന പോക്കറ്റടിക്കാരന്റെ ന്യായമാണ് കേന്ദ്ര സര്‍ക്കാരിന്റേതെന്നാണ് മന്ത്രിയുടെ വാക്കുകള്‍.
പെട്രോള്‍ പമ്പിലേയ്ക്ക് പോയി 50 രൂപയ്ക്കും 100 രൂപയ്ക്കും പെട്രോള്‍ അടിക്കുന്ന ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ഇത്തരം കാര്യങ്ങളില്‍ അഗാധമായി ഒന്നും ചിന്തിക്കാറില്ല. വില കൂടിയെന്ന് പരാതിപ്പെട്ട് വീണ്ടും വീണ്ടും പെട്രോള്‍ അടിക്കുക തന്നെ ചെയ്യും. വില കൂടി എന്ന് കരുതി പെട്രോള്‍ അടിക്കാതിരിക്കാന്‍ കഴിയില്ലല്ലോ. ഇനി കാര്യത്തിലേയ്ക്ക് വരാം.
സംഭവം നടക്കുന്നത് തിങ്കളാഴ്ച, എറണാകുളത്ത് ഇടപ്പള്ളി മുതല്‍ വൈറ്റില വരെ റോഡ് വരെ ഉപരോധം. പൊരിവെയിലത്ത് നീണ്ടു കിടക്കുന്ന വാഹനങ്ങള്‍. ആ കാഴ്ച… ‘എന്റെ സാറേ…..’ അത് ഈ സമരക്കാര്‍ കണ്ടോ എന്ന് അറിയില്ല കേട്ടോ. നടുറോഡിലൂടെ വരുന്ന വാഹനങ്ങള്‍ തടഞ്ഞ് ഇന്ധന വിലവര്‍ധനയ്ക്കെതിരെ പോരാടുന്ന ഒരു പ്രത്യേകതരം സമരമുറയായിരുന്നു അന്ന് കോണ്‍ഗ്രസ് പുറത്തെടുത്തത്. പക്ഷേ സംഭവം ചെറുതായി ഒന്ന് പാളിപ്പോയി.
പൊരിവെയിലത്ത് ചൂടുകൊണ്ട് തളര്‍ന്ന് വാഹനങ്ങളില്‍ ഇരിക്കുന്നവരുടെ കൂട്ടത്തില്‍ ഒരു സിനിമാ നടന് കൂടി ഉണ്ടായിരുന്നു, അത് ആകട്ടെ നമ്മുടെ ജോജു ജോര്‍ജും. പുള്ളിക്കാരന്റെ വാഹനത്തിന്റെ തൊട്ടടുത്ത വാഹനത്തില്‍ ഉണ്ടായിരുന്നതാകട്ടെ, ഡയാലിസിസിന് പോകുന്ന രോഗിയും. നടനെന്നതിനേക്കാളുപരി, നല്ലൊരു മനുഷ്യനും നല്ല മനസിനു ഉടമയും ആയതിനാല്‍ തന്നെ ജോജുവിന് ആ കാഴ്ച കണ്ട് മിണ്ടാതിരിക്കാന്‍ സാധിച്ചില്ല എന്ന് തന്നെ പറയാം. അദ്ദേഹം ഒരു സിനിമാ നടനായതു കൊണ്ട് തന്നെ ഇത് വലിയ വാര്‍ത്തയായി ചര്‍ച്ചയായി വലിയ വലിയ സംഭവങ്ങളായി. ജോജുവിന് പകരം പേരും പ്രശസ്തിയും ഇല്ലാത്ത ഒരു സാധാരണക്കാരനായിരുന്നു ഈ സ്ഥാനത്ത് എങ്കിലോ…!?
കോണ്‍ഗ്രസ് സമരത്തിനിടിയില്‍ കയ്യാങ്കളി, ഇത്ര പേര്‍ക്ക് പരിക്ക് പറ്റി…, ആ വാര്‍ത്ത അങ്ങനൊരു തലക്കെട്ടില്‍ ഒതുങ്ങിയേനേ.., ആരും ആ സാധാരണക്കാരന്റെ വാക്കുകള്‍ ശ്രദ്ധിക്കില്ലായിരുന്നു. ജോജുവിന്റെ ഇടപെടലില്‍ പ്രകോപിതരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടന്റെ വാഹനം അടിച്ച് തകര്‍ത്ത കാര്യം കൂടി പറയാതിരിക്കാന്‍ വയ്യ. പോരാത്തതിന് ജോജു മധ്യപിച്ചിരുന്നു, വനിതാ പ്രവര്‍ത്തകരെ അപമാനിക്കാന്‍ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തു എന്നു തുടങ്ങി സ്ഥിരം പല്ലവികള്‍ കോണ്‍ഗ്രസ് മറന്നില്ല.
എന്നാല്‍ ഇവിടെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വാക്ക് അത്രയ്ക്ക് അങ്ങോട്ട് ഏറ്റില്ല. ജോജു മദ്യപിച്ചിട്ടില്ലെന്ന് വൈദ്യപരിശോധനയിലൂടെ തെളിഞ്ഞു. സമരം നടത്താന്‍ കോണ്‍ഗ്രസുകാര്‍ അനുമതി വാങ്ങിയില്ലെന്നും തെളിഞ്ഞു. ഇതോടെ ജോജുവിനെ കുറ്റപ്പെടുത്തി മോശക്കാരനാക്കി വിടുവാിത്തരം വിളമ്പി നടന്നവരെല്ലാം പത്തിയും മടക്കി മാളത്തില്‍ കയറിയിട്ടുണ്ട്. ജോജുവിന്റെ പരാതിയില്‍ കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മിണി ഉള്‍പ്പെടെയുള്ള 15 കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേയും 50 പ്രവര്‍ത്തകര്‍ക്കെതിരേയും പോലീസ് കേസെടുത്തിരുന്നു. ഈ കേസില്‍ ടോണി ചമ്മിണി ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഒളിവിലാണെന്നാണ് വിവരം.
ഇരു ഭാഗത്ത് നിന്നും പ്രകോപനമുണ്ടായെന്നും തെറ്റായ കാര്യങ്ങള്‍ സംഭവിച്ചുവെന്നും കോണ്‍ഗ്രസ് നേതൃത്വം സമ്മതിക്കുന്നു. മനുഷ്യസഹജമായ പ്രശ്നങ്ങളാണ് ഉണ്ടായതെന്നും ഇതില്‍ പരിഹരിക്കപ്പെടാന്‍ കഴിയാത്ത കാര്യങ്ങള്‍ ഒന്നും തന്നെയില്ലെന്നും ജോജുവുമായി ചര്‍ച്ച നടത്തി പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പിലേയ്ക്ക് എത്തിക്കാനുമാണേ്രത ഇപ്പോള്‍ കോണ്‍ഗ്രസിന്റെ നീക്കം. എന്തായാലും എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.
ആ റോഡില്‍ പൊരിവെയിലത്ത് വണ്ടിയുമായി കിടന്നവരില്‍ ഒരാള്‍ക്കെങ്കിലും തൊന്നിയിട്ടുണ്ടാകും ഇത്തരത്തില്‍ ഒന്ന് പ്രതികരിക്കാന്‍. പലരും പേടി കൊണ്ടാകും മുന്നോട്ട് വരാതിരുന്നത്. ‘പാര്‍ട്ടിക്കാരോട് കളിച്ചാല്‍ അറിയാലോ…?’ എന്നു തുടങ്ങുന്ന ആ പഴയ ഭീഷണി മനസ്സിലൂടെ ഓടിപ്പോയിരിക്കാം.
ചില നടന്മാരെ പോലെ കണ്മുന്നില് കണ്ട കാര്യം അപ്പോള്‍ തന്നെ ചോദിക്കാതെ വീട്ടില്‍ തിരിച്ചെത്തി ഇതേ കുറിച്ച് ഒരു പോസ്റ്റിട്ടും ബ്ലോഗ് എഴുതിയും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നുവെങ്കില്‍ ജോജു എന്ന നടനെതിരെ ആര്‍ക്കും ഒരു പ്രശ്നവുമില്ലായിരുന്നു. ഒരു നടനെന്നതിനേക്കാളുപരി നല്ലൊരു മനുഷ്യനാണെന്ന് തെളിയിച്ച ജോജു ഹൃദയത്തിന്റെ ഭാഷയില്‍ നിന്നും കയ്യടി അര്‍ഹിക്കുന്നുണ്ട്. എന്ത് തന്നെ ആയാലും ജോജുവിന്റെ ഷോ കാണിക്കല്‍ എന്ന് പറഞ്ഞ് പുച്ഛിക്കുന്നവര്‍ ഒരു സാധാരണക്കാരന്റെ വശവും കൂടി ചിന്തിച്ചാല്‍ നന്നായിരുന്നു. ജനങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യുമ്പോള്‍ ജനങ്ങള്‍ കുറച്ച് സഹിക്കേണ്ടി വരുമെന്ന പിസി ജോര്‍ജിന്റെ വാക്കുകള്‍ കടം എടുത്താല്‍ ജനങ്ങള്‍ ഇനിയും എന്തൊക്കെ സഹിക്കേണ്ടി വരുവോ ആവോ….!
