Malayalam
എഎസ്ഐയെ കുത്തിയ കേസിലെ പ്രതി പള്‍സര്‍ സുനിയുടെ സഹതടവുകാരന് വിഷ്ണു; ഇതിനിടെ ദിലീപിന്റെ പഴയ പോസ്റ്റും വൈറലാകുന്നു
എഎസ്ഐയെ കുത്തിയ കേസിലെ പ്രതി പള്‍സര്‍ സുനിയുടെ സഹതടവുകാരന് വിഷ്ണു; ഇതിനിടെ ദിലീപിന്റെ പഴയ പോസ്റ്റും വൈറലാകുന്നു
എ എസ് ഐയെ കുത്തിയ കേസിലെ പ്രതി നടിയെ ആക്രമിച്ച കേസിലെ മാപ്പു സാക്ഷി. പള്‍സര്‍ സുനിയുടെ സഹ തടവുകാരനായിരുന്നു എ എസ് ഐയെ കുത്തിയ വിഷ്ണു അരവിന്ദ്. കഴിഞ്ഞ ദിവസം, ഇടപ്പള്ളി മെട്രോ സ്റ്റേഷന് സമീപമാണ് സംഭവം ഉണ്ടായത്. വിഷ്ണു അരവിന്ദ് ബൈക്ക് മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് പിടി കൂടാന്‍ ശ്രമിച്ചത്. എന്നാല്‍, ഇയാള്‍ പൊലീസിനെ കുത്തുകയായിരുന്നു. രണ്ടു ദിവസം മുമ്പാണ് സംഭവം നടന്നത്. എളമക്കര എ എസ് ഐ പി. എം. ഗിരീഷ് കുമാറിനെയാണ് വിഷ്ണു കുത്തി പരിക്കേല്പിച്ചത്.
തുടര്‍ന്ന് ഇയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, ഇയാളെ പൊലീസ് പിടികൂടി അറസ്റ്റ് രേഖപ്പെടുത്തിയത്. ലുലു മാളില്‍ നിന്ന് ബൈക്ക് മോഷ്ടിച്ച് കൊണ്ടു പോകുന്നതിനിടെ പൊലീസ് തടഞ്ഞു നിര്‍ത്തിയപ്പോള്‍ ആണ് വിഷ്ണു എ എസ് ഐ ഗിരീഷ് കുമാറിനെ കുത്തി പരിക്കേല്‍പ്പിച്ചത്.
അതേസമയം, നടി കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയ്ക്കൊപ്പം കാക്കനാട് ജില്ലാ ജയിലില്‍ സഹതടവുകാനായിരുന്നു വിഷ്ണു. മറ്റൊരു കേസില്‍ ശിക്ഷിക്കപ്പെട്ട വിഷ്ണു സുനില്‍കുമാറിനൊപ്പമാണ് ജയിലില്‍ കഴിഞ്ഞത്. രണ്ട് കോടി ആവശ്യപ്പെട്ട് ജയിലില്‍ വച്ച് പള്‍സര്‍ സുനി എഴുതിയ കത്ത് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിക്ക് നല്‍കിയത് പിന്നീട് ജാമ്യത്തിലിറങ്ങിയ വിഷ്ണുവായിരുന്നു.
ദിലീപ് ആവശ്യപ്പെട്ട പ്രകാരമാണ് നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നും വാഗ്ദാനം ചെയ്ത പണം ദിലീപ് നല്‍കിയില്ലെന്നും സുനി വിഷ്ണുവിനോട് വ്യക്തമാക്കി. തുടര്‍ന്നാണ് രണ്ട് കോടി ആവശ്യപ്പെട്ട് സുനി ദിലീപിന് കത്തെഴുതുന്നത്. ജാമ്യത്തിലിറങ്ങിയ വിഷ്ണു കളമശേരിയില്‍ വച്ചാണ് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിക്ക് കത്ത് കൈമാറുന്നത്. സുനിക്ക് മൊബൈല്‍ ഫോണും സിം കാര്‍ഡും ഷൂവില്‍ ഒളിപ്പിച്ച് ജയിലിലെത്തിച്ചതും വിഷ്ണുവായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
മാപ്പു സാക്ഷിയായ വിഷ്ണു വിചാരണ കോടതിയില്‍ ഹാജരാകാത്തതിനെതുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ പത്താം പ്രതിയായ വിഷ്ണു പിന്നീട് ജാമ്യത്തിലിറങ്ങി. നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപിന് ബന്ധമുണ്ടെന്നും പള്‍സര്‍ സുനിയും ദിലിപുമായി പരിചയമുണ്ടെന്നും വ്യക്തമാകുന്നത് വിഷ്ണുവിന്റെ മൊഴിയിലൂടെയായിരുന്നു.
അതേസമയം, 2016 ല്‍ ദിലീപ് പങ്കുവെച്ച ഒരു പോസ്റ്റും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. നമ്മുടെ നാട് എങ്ങോട്ടാണ് പോകുന്നത്. ഓരോ ദിനവും പീഡിപ്പിക്കപ്പെടുന്ന പെണ്‍കുട്ടികളുടെ ഭയപ്പെടുത്തുന്ന കഥകളാണ് പുറത്ത് വരുന്നത്. ഒരമ്മയുടെ മകന് എന്ന നിലയില്‍, ഒരു സഹോദരിയുടെ ഏട്ടന് എന്ന നിലയില്‍, ഒരു പെണ്‍കുട്ടിയുടെ അച്ഛന് എന്ന നിലയില്‍ ഇതെന്നെ ഭയപ്പെടുത്തുകയും അസ്വസ്ഥനാക്കുകയും ചെയ്യുന്നു. സ്വന്തം വീടിന്റെ ഉള്ളില്‍ പോലും ഒരു പെണ്‍കുട്ടി സുരക്ഷിതയല്ല എന്ന തിരിച്ചറിവ് എന്നപ്പോലെ പെണ്മക്കളുള്ള എല്ലാ അച്ഛനമ്മമാരുടെയും തീരാ വേദനയാണ്.
ദല്‍ഹിയും പെരുമ്പാവൂരും അത്ര ദൂരയല്ലെന്ന് നമ്മള് അറിയുന്നു. ആരെയാണ് നമ്മള് രക്ഷകരായി കാണേണ്ടത്. ഗോവിന്ദചാമിമാര്‍ തിന്നു കൊഴുത്ത് ജയിലുകളില്‍ ഇന്നും ജീവനോടെയിരിക്കുന്നതിന് ആരാണ് കാരണക്കാര്‍. നമ്മള് തന്നെ. നമ്മള് അനുഭവിക്കുന്ന സ്വാതന്ത്ര്യം. അതെ കൊടും കുറ്റവാളികള്‍ പോലും നമ്മുടെ നിയമവ്യവസ്ഥയുടെ ലൂപ്പ് ഹോള്‍സിലൂടെ ആയുസ് നീട്ടിക്കൊണ്ട് പോകുന്നു. അതുകൊണ്ടു തന്നെ കൊടും ക്രൂരതകള്‍ വീണ്ടും അരങ്ങേറുന്നു. ഇതിനൊരു മാറ്റമ വേണ്ടേ.., കാലഹരണപ്പെട്ട നിയമങ്ങള്‍ മാറ്റിയെഴുതപ്പെടണം. കൊടും കുറ്റവാളികള്‍ എത്രയും പെട്ടെന്ന് തന്നെ ശിക്ഷിക്കപ്പെടണം.
ആ ശിക്ഷ ഓരോ കുറ്റവാളിയെയും ഭയപ്പെടുത്തുന്നതാകണം. ഇരയോട് വേട്ടക്കാരന് കാണിക്കാത്ത മനുഷ്യാവകാശം വേട്ടക്കാരനോട് നിയമവും സമൂഹവും എന്തിന് കാണിക്കണം. നിമയങ്ങള്‍ കര്‍ക്കശമാകണം. നിയമം ലംഘിക്കുന്നവന് ശിക്ഷിക്കപ്പെടുമെന്ന ഭയം ഉണ്ടാവണം. എങ്കിലേ കുറ്റങ്ങള്‍ക്കും കുറ്റവാളികള്‍ക്കും കുറവുണ്ടാകൂ. എങ്കിലേ സൗമ്യമാരും നിര്‍ഭയമാരും ജിഷമാരും ഇനിയും ഉണ്ടാവാതിരിക്കൂ. അതിന് ഒറ്റയാള്‍ പോരാട്ടങ്ങളല്ല വേണ്ടത്. എല്ലാ രാഷാട്രീയ പാര്‍ട്ടികളും സാമൂഹ്യ സാസ്കാരിപ്രവര്ത്തകരും ചേര്‍ന്നുള്ള ഒരു മുന്നേറ്റമാണ്. ഇത് ഞാന്‍ പറയുന്നത് എനിക്ക് വേണ്ടി മാത്രമല്ല, പെണ്മക്കളുള്ള എല്ലാ അച്ഛനമ്മമാര്‍ക്കും വേണ്ടിയാണ്. എന്നാണ് ദിലീപിന്റെ പോസ്റ്റ്. കേരളത്തിലെ ഇപ്പോഴത്തെ ചര്‍ച്ചാ വിഷയവും ദിലീപിന്റെ ഈ പോസ്റ്റിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിതെളിച്ചിട്ടുണ്ട്.
