Malayalam
ദിലീപിന്റെ ഹര്‍ജിയില്‍ സര്‍ക്കാരിന്റെ നിലപാട് തേടി ഹൈക്കോടതി; രണ്ടാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാര്‍ മറുപടി നല്‍കണം
ദിലീപിന്റെ ഹര്‍ജിയില്‍ സര്‍ക്കാരിന്റെ നിലപാട് തേടി ഹൈക്കോടതി; രണ്ടാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാര്‍ മറുപടി നല്‍കണം
നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന കേസില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ദിലീപിന് ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം ലഭിച്ചത്. ഇതിനു പിന്നാലെ വധഗൂഢാലോചന കേസില്‍, എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ആരോപണങ്ങള്‍ തെളിയിക്കാനാനുള്ള തെളിവുകളില്ലെന്നാണ് ദിലീപിന്റെ വാദം. കേസ് ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്നും എഫ്‌ഐആര്‍ നിലനില്‍ക്കില്ലെന്നും പ്രതികള്‍ ഹര്‍ജിയില്‍ പറയുന്നു. കേസ് റദ്ദാക്കിയില്ലെങ്കില്‍ അന്വേഷണം സിബിഐക്ക് കൈമാറണമെന്നും ദിലീപ് ആവശ്യപ്പെട്ടു.
എന്നാല്‍ ഇപ്പോഴിതാ ദിലീപിന്റെ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടിയിരിക്കുകയാണ്. രണ്ടാഴ്ചയ്ക്കുള്ളില്‍ സര്‍ക്കാര്‍ മറുപടി നല്‍കണമെന്നാണ് നിര്‍ദ്ദേശം. കേസ് രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും. അതേസമയം അന്വേഷണം സ്റ്റേ ചെയ്യണമെന്നുള്ള ആവശ്യം കോടതി തള്ളിയിട്ടുണ്ട്.
ഇതിനിടെ നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം തടയണമെന്നാവശ്യപ്പെട്ട് നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയെ എതിര്‍ത്ത് നടി കേസില്‍ കക്ഷി ചേരാന്‍ തീരുമാനിച്ചിരുന്നു. കഴിഞ്ഞ ദിവസം കോടതി കേസ് പരിഗണിച്ചപ്പോഴാണ് നടി ഇക്കാര്യം അറിയിച്ചത്. കക്ഷി ചേരാന്‍ സമയം അനുവദിക്കണമെന്ന് നടി കോടതിയില്‍ അഭ്യര്‍ത്ഥിച്ചു. കേസ് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്.
കേസിന്റെ വിചാരണ നീട്ടിക്കൊണ്ട് പോകാനാണ് തുടരന്വേഷണം എന്നാണ് ദിലീപിന്റെ വാദം. നടിയെ ആക്രമിച്ച കേസന്വേഷണത്തിലെ പാളിച്ചകള്‍ മറച്ചുവെക്കാന്‍ ആണ് തുടരന്വേഷണം. അന്വേഷണത്തിന് മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ അനുമതി ഉണ്ടായിരുന്നില്ല.
കൂടാതെ വധഗൂഢാലോചനക്കേസിലെ ഇരകളാണ് തുടരന്വേഷണം നടത്തുന്നതെന്നും ദിലീപ് കോടതിയെ അറിയിച്ചിട്ടുണ്ട്. തുടരന്വേഷണം ആവശ്യപ്പെട്ട് അന്വേഷണ ഉദ്യോസ്ഥര്‍ വിചാരണക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് റദ്ദാക്കണമെന്നും നടിയെ ആക്രമിച്ച കേസിന്റെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ വിചാരണ കോടതിക്ക് നിര്‍ദേശം നല്‍കണമെന്നുമാണ് ദിലീപിന്റെ ഹര്‍ജിയിലെ ആവശ്യം.
