Malayalam
ഇന്നും 11 മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി ദിലീപ് മടങ്ങി; ഇനി അവസാന ദിവസമായ നാളെ
ഇന്നും 11 മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി ദിലീപ് മടങ്ങി; ഇനി അവസാന ദിവസമായ നാളെ
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന് ദിലീപിനെ രണ്ടാം ദിവസമായ ഇന്നും ചോദ്യം ചെയ്തു. കളമശേരിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ 11 മണിക്കൂറോളമാണ് ദിലീപിനെയും കൂട്ടുപ്രതികളെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്തത്.
നാളെയും കൂടിയാണ് ദിലീപിനെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ചിന് അനുമതിയുള്ളത്. കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന് ബാലചന്ദ്രകുമാറിനെ നാളെ വിളിപ്പിക്കുന്നില്ലെന്ന് എസ്.പി മോഹനചന്ദ്രന് പറഞ്ഞു. നിലവില്‍ ബാലചന്ദ്രനെ വിളിപ്പിക്കേണ്ട ആവശ്യമില്ല.
നാളെ ചോദ്യം ചെയ്യല്‍ പൂര്‍ത്തീകരിച്ചില്ലെങ്കില്‍ മറ്റ് നടപടികള്‍ സ്വീകരിക്കുമെന്ന് എസ്.പി പറഞ്ഞു. അതേസമയം, നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ പള്‍സര്‍ സുനിയുടെ അമ്മ ശോഭനയുടെ രഹസ്യ മൊഴിയെടുക്കല്‍ പൂര്‍ത്തിയായി. ദിലീപിനെതിരെ കൂടുതല്‍ ആളുകള്‍ തെളിവുകളുമായി രംഗത്ത് വരുമെന്ന് പള്‍സര്‍ സുനി പറഞ്ഞതായി അമ്മ ശോഭന മാധ്യമങ്ങളോട് പറഞ്ഞു.
സുനിക്ക് കൂടുതല്‍ കാര്യങ്ങള്‍ പറയാനുണ്ട്. തനിക്ക് അറിയാവുന്നതും മകന് പറഞ്ഞതുമായ എല്ലാ കാര്യങ്ങളും കോടതിയില്‍ മൊഴി നല്‍കിയിട്ടുണ്ട്. സംവിധായകന് ബാലചന്ദ്രകുമാര്‍ റിപ്പോര്‍ട്ടര്‍ ടിവിയിലൂടെ പറഞ്ഞ എല്ലാ കാര്യങ്ങളും സത്യമാണെന്ന് സുനി പറഞ്ഞതായും അമ്മ വ്യക്തമാക്കി.
