Malayalam
തെളിവുകള്‍ ഉള്ളതില്‍ പോലും പറയുന്നത് പച്ചക്കള്ളം, അന്വേഷണം വഴിതിരിച്ചുവിടാനും മറന്നില്ല; രാമന്‍പിള്ള വക്കീലിന്റെ ക്ലാസിലെ പാഠങ്ങള്‍ ഒന്നൊന്നായി പറഞ്ഞ് ദിലീപ്!?
തെളിവുകള്‍ ഉള്ളതില്‍ പോലും പറയുന്നത് പച്ചക്കള്ളം, അന്വേഷണം വഴിതിരിച്ചുവിടാനും മറന്നില്ല; രാമന്‍പിള്ള വക്കീലിന്റെ ക്ലാസിലെ പാഠങ്ങള്‍ ഒന്നൊന്നായി പറഞ്ഞ് ദിലീപ്!?
നടിയെ ആക്രമിച്ച കേസില അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതികളുടെ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്. ആദ്യ ദിനം നടന്‍ ദിലീപിനെ പതിനൊന്ന് മണിക്കൂറാണ് ചോദ്യം ചെയ്തത്. പ്രതികളുടെ രണ്ടാംഘട്ട ചോദ്യം ചെയ്യല്‍ ആണ് ആരംഭിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തിലെ മൊഴികള്‍ പരിശോധിച്ച ശേഷമാണ് ദിലീപ് അടക്കമുള്ള പ്രതികളെ ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്യുന്നത്. ആദ്യഘട്ടത്തില്‍ പ്രതികളെ ഒറ്റയ്ക്കിരുത്തിയാണ് ചോദ്യം ചെയ്തത്. അഞ്ചു സംഘങ്ങളായി തിരിഞ്ഞായിരുന്നു ചോദ്യം ചെയ്യല്‍.
തുടര്‍ന്ന് എസ് പി മോഹനചന്ദ്രന്‍ അന്വേഷണസംഘം കണ്ടെത്തിയ തെളിവുകളും പ്രതികള്‍ ആദ്യ ദിനം നല്‍കിയ മൊഴികളും പരിശോധിച്ചു. പിന്നാലെയാണ് രണ്ടാംഘട്ട ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. ആദ്യഘട്ട ചോദ്യം ചെയ്യലില്‍ ദിലീപ് നല്‍കിയ മൊഴികളില്‍ നിറയെ പൊരുത്തക്കേടുകളുണ്ടെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ അറിയിച്ചു. തെളിവുകളുള്ള കാര്യങ്ങളില്‍ പോലും നിഷേധാത്മക മറുപടിയാണ് ദിലീപ് നല്‍കുന്നത്. ബിഷപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വാദങ്ങളെയും ക്രൈംബ്രാഞ്ച് തള്ളിയിട്ടുണ്ട്. അന്വേഷണം വഴിതിരിച്ചുവിടാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും ആരോപണത്തില്‍ കഴമ്പൊന്നുമില്ലെന്നും അന്വേഷണസംഘം നിരീക്ഷിച്ചു.
മൊഴികള്‍ വിശദമായി വിലയിരുത്തിയ ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കൂയെന്ന് എഡിജിപി എസ് ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചതിന് ആവശ്യത്തിന് തെളിവ് പൊലീസിന്റെ കൈവശമുണ്ടെന്നും ശ്രീജിത്ത് പറഞ്ഞു. കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചവരെയാണ് ഇപ്പോള്‍ ചോദ്യം ചെയ്യുന്നത്. ആവശ്യമെങ്കില്‍ കൂടുതല്‍ ആളുകളെയും ചോദ്യം ചെയ്യും. കേസില്‍ സത്യം പുറത്ത് കൊണ്ടുവരാന്‍ കഴിയുമെന്ന് ആത്മവിശ്വാസമുണ്ടെന്നും ശ്രീജിത്ത് അറിയിച്ചു.
അതേസമയം, നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ നീട്ടരുതെന്ന് ആവശ്യപ്പെട്ട് പ്രതി ദിലീപ് സുപ്രീംകോടതിയില്‍ എത്തിയിരിക്കുകയാണ്. വിചാരണ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്ന് ദിലീപ് സുപ്രീംകോടതിയില്‍ സമര്‍പിച്ച സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു. തുടരന്വേഷണം വേണമെന്ന ആവശ്യം പ്രഹസനമാണ്. കേസില്‍ തുടരന്വേഷണം ആവശ്യമില്ല. വിചാരണ കോടതി ജഡ്ജിയെ മാറ്റുന്നതിനായാണ് സര്‍ക്കാര്‍ സമയം തേടുന്നതെന്നും ദിലീപ് കോടതിയില്‍ പറഞ്ഞു. തിങ്കളാഴ്ച സര്‍ക്കാര്‍ ഹര്‍ജി പരിഗണിക്കാനിരിക്കെയാണ് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
കേസില്‍ ദിലീപൊഴികെയുള്ള 3 പ്രതികളുടെ മൊബൈല്‍ ഫോണുകളും കസ്റ്റഡിയിലെടുത്തെന്ന് എസ് പി മോഹന ചന്ദ്രന്‍ അറിയിച്ചിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും. ഈ മാസം 13ന് നടന്ന റെയ്ഡില്‍ ദിലീപിന്റെയും അനൂപിന്റെയും ഫോണുകള്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു. അപ്പു, ബൈജു ചെങ്ങമനാട്, സൂരജ് എന്നിവരുടെ മൊബൈല്‍ ഫോണുകളാണ് കസ്റ്റഡിയിലെടുത്തത്. പ്രതികള്‍ ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നുണ്ട്. ഡിജിറ്റല്‍ തെളിവുകളുടെ ശാസ്ത്രീയ പരിശോധന ഫലം തിങ്കളാഴ്ച ലഭിക്കും. അതും കൂടി ചേര്‍ത്താണ് ചോദ്യം ചെയ്യലെന്നും അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച രാവിലെ ഒന്‍പത് മണിക്ക് തുടങ്ങിയ ചോദ്യം ചെയ്യല്‍ എട്ടുമണിയോടെയാണ് അവസാനിച്ചത്. ചോദ്യം ചെയ്യലിന് ശേഷം ദിലീപും കൂട്ടുപ്രതികളും ഒരു വാഹനത്തിലാണ് ക്രൈംബ്രാഞ്ച് ഓഫീസില്‍ നിന്ന് മടങ്ങിയത്.രണ്ടു ഘട്ടങ്ങളായാണ് ദിലീപിനെയും കൂട്ടുപ്രതികളെയും ഇന്ന് ചോദ്യം ചെയ്തത്. ആദ്യ ഘട്ടത്തില്‍ അഞ്ചു പേരെയും ഒറ്റയ്ക്ക് ഇരുത്തിയാണ് ചോദ്യം ചെയ്തത്. ഇതിന് ശേഷം മൊഴികള്‍ പരിശോധിച്ച് പ്രതികളെ ഒരുമിച്ച് ഇരുത്തിയാണ് രണ്ടാംഘട്ടം ചോദ്യം ചെയ്യല്‍ നടന്നത്. ഇതിനിടെ ഒരു മണിക്കൂര്‍ എഡിജിപി ശ്രീജിത്തും ദിലീപിനെ ചോദ്യം ചെയ്തു.
