Malayalam
ജിന്‍സണിന് വാഗ്ദാനം ചെയ്തത് 25 ലക്ഷവും അഞ്ച് സെന്റ് സ്ഥലവും; വിചാരണയ്ക്കിടെ കൂറുമാറിയ താരങ്ങളടക്കമുള്ളവര്‍ കുടുങ്ങും!
ജിന്‍സണിന് വാഗ്ദാനം ചെയ്തത് 25 ലക്ഷവും അഞ്ച് സെന്റ് സ്ഥലവും; വിചാരണയ്ക്കിടെ കൂറുമാറിയ താരങ്ങളടക്കമുള്ളവര്‍ കുടുങ്ങും!
നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നടന്‍ ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് ടി.എന്‍.സൂരജ് എന്നിവര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇവരുടെ ഹര്‍ജി ഇന്നു പരിഗണിച്ചേക്കും. അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസിന്റെ പ്രതികാര നടപടിയുടെ ഭാഗമാണ് ഈ കേസെന്നും തനിക്കും ബന്ധുക്കള്‍ക്കുമെതിരായ ആരോപണം അടിസ്ഥാനരഹിതമാണെന്നും ഹര്‍ജിയില്‍ പറയുന്നു.
ബൈജു പൗലോസ്, കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്ത സംഘത്തിലുണ്ടായിരുന്ന ഡിവൈഎസ്പി കെ.എസ്.സുദര്‍ശന്‍ എന്നിവരടക്കമുള്ളവരെ അപായപ്പെടുത്താന്‍ ദിലീപും കൂട്ടാളികളും ഗൂഢാലോചന നടത്തിയതിനു ദൃക്‌സാക്ഷിയാണെന്നു സംവിധായകന്‍ ബാലചന്ദ്രകുമാര്‍ മൊഴി നല്‍കിയിരുന്നു. സംഭാഷണങ്ങളുടെ റിക്കോര്‍ഡ് ചെയ്ത ശബ്ദരേഖയും ബാലചന്ദ്രകുമാര്‍ കൈമാറിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ടു പുതിയ വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി നാളെ എറണാകുളം മജിസ്‌ട്രേട്ട് രണ്ടാം കോടതിയില്‍ രേഖപ്പെടുത്തും.
കഴിഞ്ഞ ദിവസം, ദിലീപിന്റെ അഭിഭാഷകന്‍ മറ്റൊരാള്‍ വഴി പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് കേസിലെ സാക്ഷിയായ ജിന്‍സണിന്റെ വെളിപ്പെടുത്തല്‍ പുറത്ത് എത്തിയിരുന്നു. ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് ജിന്‍സണ്‍ ഇക്കാര്യം വെളിപ്പെടുത്തുന്നത്. അന്ന് അയാള്‍ തനിക്ക് 25 ലക്ഷവും അഞ്ച് സെന്റ് സ്ഥലവുമാണ് ഓഫര്‍ ചെയ്തിരുന്നത്. ഇത് ഞാന്‍ അന്വേഷണസംഘത്തിനുമുന്നില്‍ മൊഴി നല്‍കിയതാണ്.
എന്നാല്‍ അത് ഗൗരവത്തോടെ എടുക്കാന്‍ അവര്‍ തയ്യാറായിരുന്നില്ല. മൊഴി എടുത്ത് അത് വായിപ്പിച്ച് കേള്‍പ്പിക്കുമ്പോള്‍ ഞാന്‍ വീണ്ടും അത് സൂചിപ്പിച്ചതാണ്. എന്നാല്‍, പരിഹസിക്കുന്ന തരത്തിലാണ് മറുപടിയുണ്ടായിരുന്നത്. ഇവിടെയാണ് പള്‍സര്‍ സുനി പറഞ്ഞ കാര്യത്തിന്റെ അര്‍ത്ഥം മനസ്സിലാക്കാന്‍ കഴിയുന്നത്. പണത്തിന് മുകളില്‍ പരുന്തും പറക്കുമെന്ന്. ദിലീപ് പണം വാരിയെറിഞ്ഞ് പലതും മറച്ചുവെക്കാന്‍ നോക്കിയെന്നുള്ള വെളിപ്പെടുത്തലാണ് ജിന്‍സണ്‍ നടത്തിയിരിക്കുന്നത്.
അതേസമയം, കേസിലെ കൂറു മാറ്റത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ തയ്യാറെടുക്കുകയാണ് പൊലീസ്. കേസിലെ വിസ്താര സമയത്ത് കൂറുമാറിയവരുടെ സാമ്പത്തിക സ്രോതസുകള്‍ അന്വേഷിക്കും. 20 സാക്ഷികളാണ് വിചാരണയ്ക്കിടെ കൂറു മാറി പ്രതിഭാഗം ചേര്‍ന്നത്. ഇതില്‍ നടന്‍ സിദ്ദിഖ്, ഇടവേള ബാബു, നടി ഭാമ, ബിന്ദു പണിക്കര്‍ കാവ്യയുടെ ലക്ഷ്യ എന്ന സ്ഥാപനത്തിലെ ജീവനക്കാരനായ സാഗര്‍ എന്നിവരും ഉള്‍പ്പെടുന്നുണ്ട്.
ആക്രമിക്കപ്പെട്ട നടിയോട് ദിലീപിനുണ്ടായിരുന്ന വൈരാഗ്യത്തെക്കുറിച്ചാണ് ചലച്ചിത്ര പ്രവര്‍ത്തകരില്‍ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തിരുന്നത്. എന്നാല്‍ കോടതിയില്‍ ഇവര്‍ മൊഴി മാറ്റുകയായിരുന്നു. നടിയുടെ സിനിമാ അവസരങ്ങള്‍ ദിലീപ് ഇല്ലാതാക്കിയത്, അമ്മ റിഹേഴ്സല്‍ ക്യാമ്പിനിടെ നടിയും ദിലീപും തമ്മിലുണ്ടായ തര്‍ക്കം എന്നിവ സംബന്ധിച്ചായിരുന്നു സിദ്ദിഖ്, ഭാമ, ഇടവേള ബാബു, ബിന്ദു പണിക്കര്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുത്തത്.
കേസില്‍ സുപ്രധാന സാക്ഷിയായി കണക്കാക്കിയിരുന്ന സാഗറിന്റെ മൊഴി മാറ്റവുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ കഴിഞ്ഞ ദിവസ ംപുറത്ത് വന്നിരുന്നു. കാവ്യ മാധവന്റെ ഡ്രൈവര്‍ സുനീറും ദിലീപിന്റെ അഭിഭാഷകനായ ഫിലിപ്പും ആലപ്പുഴയിലെ റെയ്ബാന്‍ ഹോട്ടലില്‍ വെച്ച് കേസിലെ സാക്ഷിയായ സാഗറിന് പണം കൈമാറിയത് ഹോട്ടലില്‍ മുറിയെടുത്താണ് എന്നാണ് വിവരം. സുധീറിന്റെ പേരിലെന്ന് തെളിയിക്കുന്ന ഹോട്ടല്‍ രജിസ്റ്ററിന്റെ പകര്‍പ്പും ഇതുമായി ബന്ധപ്പെട്ട് ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ ശബ്ദരേഖയും പുറത്തായിട്ടുണ്ട്.
കേസിലെ സുപ്രധാന സാക്ഷിയായിരുന്നു സാഗര്‍. നടിയെ ആക്രമിച്ച സംഭവത്തിന് പിന്നാലെ പള്‍സര്‍ സുനി ലക്ഷ്യയിലെത്തി ഒരു കവര്‍ കൊടുക്കുന്നത് താന്‍ കണ്ടിരുന്നതായാണ് സാഗര്‍ നേരത്തെ നല്‍കിയിരുന്ന മൊഴി. എന്നാല്‍ ഇയാള്‍ പിന്നീട് അത് മാറ്റുകയായിരുന്നു. മൊഴി മാറ്റാല്‍ സാഗറിനുമേല്‍ സ്വാധീനം ചെലുത്തിയിരുന്നുവെന്ന റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. അതിനായി ആലപ്പുഴയിലെ ഹോട്ടലിലെ ബില്ല് ഉള്‍പ്പെടെയായിരുന്നു അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കിയത്. ഇത് ശരിവെയ്ക്കുന്ന സംഭാഷണവും കഴിഞ്ഞ ദിവസം വെളിപ്പെട്ടിരുന്നു.
