മൂന്നരക്കോടി രൂപ വെട്ടിച്ചു; ആസിഫ് അലിയെ പൂട്ടാനൊരുങ്ങി ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം
വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളി പ്രേക്ഷകരുടെ മനസിലിടം നേടിയ നടനാണ് ആസിഫ് അലി. ഇപ്പോഴിതാ മൂന്നരക്കോടി രൂപ സേവന നികുതി വെട്ടിപ്പു നടത്തിയ കേസില്‍ എറണാകുളം ജില്ലാ ഇന്റലിജന്‍സ് വിഭാഗം പ്രോസിക്യൂഷന് നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്. കോടികളുടെ നികുതി വെട്ടിപ്പു നടത്തിയ നടന് ജോജു ഉള്‍പ്പെടെയുള്ള സിനിമാ നടന്മാര്ക്കെതിരെയും സംസ്ഥാന നികുതി വകുപ്പിന്റെ ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം അന്വേഷണം തുടങ്ങി. വെട്ടിച്ച നികുതി അടയ്ക്കാനുള്ള നോട്ടിസ് ഇവര്‍ക്കു നല്‍കിയിട്ടുണ്ട്.
സേവന നികുതി അടയ്ക്കുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അന്വേഷണ കാലപരിധിയില്‍ 25 സിനിമകളില്‍ അഭിനയിക്കുകയും 15 സിനിമകള്‍ക്കു മുന്‍കൂര്‍ പണം വാങ്ങുകയും ചെയ്ത ആസിഫ് അലി ജിഎസ്ടി കുടിശിക ചൂണ്ടിക്കാട്ടി നല്കിയ നോട്ടിസ് അവഗണിക്കുകയും അതിനു ശേഷം 6 ആഡംബര വാഹനങ്ങള്‍ വാങ്ങുകയും ചെയ്തതോടെയാണു പ്രോസിക്യൂഷന് നടപടികള്‍ ആരംഭിക്കാന്‍ നികുതി വകുപ്പ് തീരുമാനിച്ചത്.
സിനിമകളില്‍ അഭിനയിക്കാന്‍ വന്‍തുക പ്രതിഫലം വാങ്ങുന്ന നടന്മാര് കൃത്യമായി ജിഎസ്ടി അടയ്ക്കാത്തതിനാല്‍, ഈ തുക ഇളവു ചെയ്തു നികുതി റിട്ടേണ്‍ യഥാസമയം സമര്‍പ്പിക്കാന്‍ കഴിയുന്നില്ലെന്ന നിര്‍മ്മാതാക്കളുടെ പരാതിയിലാണു നികുതി വകുപ്പ് അന്വേഷണം തുടങ്ങിയത്. അന്വേഷണത്തില്‍ വന്‍ ക്രമക്കേടുകളാണ് കണ്ടെത്തിയത്. നിര്‍മ്മാതാക്കള്‍ നല്കിയ ലിസ്റ്റിലുള്ള പേരുകാരുടെ വിവരങ്ങള്‍ പരിശോധിച്ചപ്പോഴാണ് ജോജു ഉല്‍പ്പെടെയുള്ളവരുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയത്. തുടര്‍ന്നാണ് ഇവര്‍ക്കെതിരെ നടപടികള്‍ ആരംഭിച്ചത്. നികുതി തിരിച്ചടക്കാതിരുന്നതിനാലാണ് ആസിഫിനെതിരെ പ്രോസിക്യൂഷന് നടപടികള്‍ ആരംഭിച്ചത്. മറ്റുള്ളവര്‍ നികുതി അടച്ചാല്‍ നടപടികളില്‍ നിന്നും ഒഴിവാകാം.
ജിഎസ്ടി നിയമപ്രകാരം സിനിമയുമായി ബന്ധപ്പെട്ട അഭിനയം, സംഗീതം, നിര്‍മ്മാണം, പോസ്റ്റ് പ്രൊഡക്ഷന്‍, ഡബ്ബിങ്, മിക്സിങ് തുടങ്ങിയ സര്‍വീസ് മേഖലകളില്‍ നിന്നു വര്‍ഷം 20 ലക്ഷം രൂപയില്‍ അധികം വരുമാനം നേടുന്നവര്‍ ജിഎസ്ടി അടയ്ക്കാന്‍ ബാധ്യസ്ഥരാണ്. 2017-21 വര്‍ഷങ്ങളിലെ സിനിമാ നിര്‍മ്മാണത്തിന്റെ ആകെ ചെലവും ഓരോ നടന്മാര്ക്കും നല്കിയ പ്രതിഫലത്തുകയുടെ കൃത്യമായ കണക്കുകളും നിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ട നികുതി വകുപ്പ്, ഈ തുക ലഭിച്ച നടന്മാരുടെ ബാങ്ക് അക്കൗണ്ടുകളും പരിശോധിച്ച ശേഷമാണു നികുതിയടവില്‍ കോടികളുടെ വെട്ടിപ്പു കണ്ടെത്തി പ്രോസിക്യൂഷന് നടപടികളിലേക്കു കടക്കുന്നത്.
നികുതിയടവില്‍ തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ വെട്ടിപ്പു നടത്തിയതായി കണ്ടെത്തിയവര്‍ക്കെതിരെ മാത്രമാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. സേവന നികുതി വെട്ടിപ്പു ചൂണ്ടിക്കാട്ടി എല്ലാവര്ക്കും നോട്ടിസ് നല്കിയ ശേഷവും നികുതിയടയ്ക്കാന്‍ തയാറാകാത്ത 12 പേര്‍ക്കെതിരെയാണു നിയമനടപടിയാരംഭിച്ചത്. നികുതി വകുപ്പ് ഐബി(ഇന്‍വെസ്റ്റിഗേഷന്‍ ബ്രാഞ്ച്) ഡെപ്യൂട്ടി കമ്മീഷ്ണര്‍ ജോണ്സണ് ചാക്കോയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
മലയാള സിനിമാ രംഗത്തു 20 ലക്ഷം രൂപയില്‍ അധികം വാര്‍ഷിക വരുമാനമുള്ള 50% ചലച്ചിത്ര പ്രവര്‍ത്തകരും ജിഎസ്ടി രജിസ്ട്രേഷന് എടുത്തിട്ടില്ലെന്നു സംസ്ഥാന നികുതി വകുപ്പ് ഇന്റലിജന്‍സ് വിഭാഗത്തിന്റെ പരിശോധനയില്‍ കണ്ടെത്തി. ചരക്കു സേവന നികുതി (ജിഎസ്ടി) നിയമപ്രകാരം സിനിമയുമായി ബന്ധപ്പെട്ട അഭിനയം, സംഗീതം, നിര്‍മ്മാണം, പോസ്റ്റ് പ്രൊഡക്ഷന്‍, ഡബ്ബിങ് മിക്സിങ് തുടങ്ങിയ സര്‍വീസ് മേഖലകളില്‍ നിന്നു 20 ലക്ഷം രൂപയില്‍ അധികം വരുമാനം നേടുന്നവര്‍ ജിഎസ്ടി അടയ്ക്കാന്‍ ബാധ്യസ്ഥരാണ്. ജിഎസ്ടി അടയ്ക്കാതിരിക്കാന്‍ പ്രതിഫലം ബാങ്ക് അക്കൗണ്ട് വഴി വാങ്ങാതെ നേരിട്ടു കറന്‍സിയായി ആവശ്യപ്പെട്ടുന്ന ചലച്ചിത്ര പ്രവര്‍ത്തകര്‍ സിനിമാ നിര്‍മ്മാണ രംഗത്തു വന്‍തോതില്‍ കള്ളപ്പണം വിനിയോഗിക്കാന്‍ വഴിയൊരുക്കുന്നതായുള്ള റിപ്പോര്‍ട്ട് കേന്ദ്ര കള്ളപ്പണ അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നേരത്തെ കേന്ദ്ര ധനകാര്യവകുപ്പിനു കൈമാറിയിരുന്നു.
ഇഡിയുടെ റിപ്പോര്‍ട്ട് ശരിവയ്ക്കുന്ന കണ്ടെത്തലാണു തെളിവു സഹിതം സംസ്ഥാന നികുതി വകുപ്പും നടത്തിയിരിക്കുന്നത്. വാര്‍ഷിക വരുമാനത്തിന്റെ 18%മാണു ചലച്ചിത്രപ്രവര്‍ത്തകര്‍ നല്‍കേണ്ട ജിഎസ്ടി. അടുത്തകാലം വരെ സിനിമാ നിര്‍മ്മാതാക്കള്‍ക്കു 12 ശതമാനവും വിതരണക്കാര്‍ക്കു 18 ശതമാനവുമാണു നികുതി ബാധ്യതയുണ്ടായിരുന്നത്. ഇതേ തുടര്‍ന്നു പല വിതരണക്കാരും നിര്‍മ്മാതാക്കളായി രംഗത്തെത്തി നികുതി കുറച്ച് അടയ്ക്കാന്‍ തുടങ്ങിയതോടെ ഇരുകൂട്ടരുടെയും നികുതി ഏകീകരിച്ചു 18% ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടുവരികയായിരുന്നു.
