Malayalam
കഥകളിയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി മഞ്ജു വാര്യരുടെ അമ്മ; മഞ്ജുവാണ് തന്റെ പ്രചോദനമെന്നും ഗിരിജ മാധവന്
കഥകളിയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങി മഞ്ജു വാര്യരുടെ അമ്മ; മഞ്ജുവാണ് തന്റെ പ്രചോദനമെന്നും ഗിരിജ മാധവന്
മലയാളികളുടെ ലേഡി സൂപ്പര്‍സ്റ്റാര്‍ ആണ് മഞ്ജു വാര്യര്‍. നീണ്ട ഒരു ഇടവേളയ്ക്ക് ശേഷം വലിയൊരു തിരിച്ചുവരവായിരുന്നു മഞ്ജു നടത്തിയത്. പ്രായം, സ്വപ്നങ്ങള്‍ക്ക് പരിധി നിശ്ചയിക്കുന്നില്ലെന്ന സന്ദേശമാണ്’ഹൗ ഓള്‍ഡ് ആര് യൂ’ എന്ന മഞ്ജുവിന്റെ തിരിച്ചുവരവ് ചിത്രം നല്‍കിയത്. എന്നാല്‍ ഇപ്പോഴിതാ പ്രായം വെറും അക്കം മാത്രമാണ് എന്നും, സ്വപ്നങ്ങള്‍ക്ക് പ്രായപരിധിയില്ലെന്നും തെളിയിച്ചിരിക്കുകയാണ് മഞ്ജുവിന്റെ അമ്മ ഗിരിജ മാധവന്.
”എന്നെ എപ്പോഴും അത്ഭുതപ്പെടുത്തുന്ന, ജീവിതത്തില്‍ എന്തെങ്കിലും പുതിയതായി തുടങ്ങാന്‍ ഇനിയും വൈകിയിട്ടില്ലെന്ന് ഓര്‍മ്മപ്പെടുത്തുന്ന സ്ത്രീ,” എന്നാണ് അമ്മയുടെ പിറന്നാള്‍ ദിനത്തില്‍ മഞ്ജു പങ്കുവച്ച കുറിപ്പില്‍ വിശേഷിപ്പിച്ചത്. എഴുത്തിലേക്ക് തിരികെയെത്തിയ അമ്മയെ ഓര്‍ത്ത് അഭിമാനമുണ്ടെന്നും മഞ്ജു അന്ന് പറഞ്ഞിരുന്നു.
ഇപ്പോഴിതാ, ഈ വരുന്ന ശിവരാത്രി ദിനത്തില്‍ കഥകളിയില്‍ അരങ്ങേറ്റം കുറിക്കുകയാണ് ഗിരിജ മാധവന്. ഒന്നര വര്‍ഷത്തോളമായി കലാനിലയം ഗോപിയുടെ ശിക്ഷണത്തില്‍ കഥകളി അഭ്യസിച്ചു വരികയാണ് ഗിരിജ. കൊച്ചി ദേവസ്വം ബോര്‍ഡിന് കീഴിലുള്ള പെരുവനം മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ഉത്സവത്തിന് കല്യാണസൗഗന്ധികം കഥകളിയില്‍ പാഞ്ചാലി വേഷമണിഞ്ഞാണ് ഗിരിജ തന്റെ അരങ്ങേറ്റം കുറിക്കുന്നത്.
അരങ്ങേറ്റം കാണാന്‍ മഞ്ജുവും വേദിയിലുണ്ടാവണമെന്നാണ് ഗിരിജയുടെ ആഗ്രഹം. എന്നാല്‍ ഷൂട്ടിങ് തിരക്കുകളിലായ മഞ്ജുവിന് അന്നെത്താനാവുമോയെന്ന് സംശയമുണ്ടെന്നും ഗിരിജ പറയുന്നു. അമ്മ ഏറ്റവും സന്തോഷമായിരിക്കുന്ന കാര്യങ്ങള്‍ ചെയ്യൂവെന്ന് നിരന്തരം ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്ന മഞ്ജുവാണ് തന്റെ പ്രചോദനമെന്നും ഗിരിജ മാധവന് പറയുന്നു. വര്‍ഷങ്ങളായി മോഹിനിയാട്ടവും അഭ്യസിക്കുകയാണ് ഗിരിജ മാധവന്.
