Malayalam
സുപ്രിയയെ പ്രണയിക്കാന്‍ കാരണങ്ങള്‍ ഒരുപാട്!, പ്രണയ ദിനത്തില്‍ ആ ലവ് സ്റ്റോറി വെളിപ്പെടുത്തി പൃഥ്വിരാജ്
സുപ്രിയയെ പ്രണയിക്കാന്‍ കാരണങ്ങള്‍ ഒരുപാട്!, പ്രണയ ദിനത്തില്‍ ആ ലവ് സ്റ്റോറി വെളിപ്പെടുത്തി പൃഥ്വിരാജ്
നന്ദനം എന്ന ചിത്രത്തിലൂടെ എത്തി മലയാളികളുടെ പ്രിയതാരമായി മാറിയ നടനാണ് പൃഥ്വിരാജ്. നിരവധി ആരാധകരുള്ള പൃഥ്വിരാജിന്റെ ചിത്രങ്ങള്‍ക്കെല്ലാം തന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ശക്തമായ അടിത്തറയുള്ള താര കുടുംബത്തില്‍ നിന്നും എത്തിയ പൃഥ്വിരാജിന് മലയാള സിനിമയില്‍ തന്റെതായ ഒരു ഇടം കണ്ടെത്തുവാന്‍ വളരെ കാലതാമസം ഒന്നും തന്നെ വേണ്ടി വന്നില്ല.
സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ വിശേഷങ്ങള്‍ എല്ലാം തന്നെ പങ്കുവെയ്ക്കാറുള്ള പൃഥ്വിരാജും ഭാര്യ സുപ്രിയയു മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികള്‍ കൂടിയാണ്. പൃഥ്വി സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു ബിബിസി റിപ്പോര്‍ട്ടറായ സുപ്രിയ മേനോനുമായി പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും. വിവാഹത്തിലേയ്ക്ക് അടുക്കുമ്പോഴായിരുന്നു ഇവരുടെ പ്രണയകഥ പുറം ലോകത്ത് എത്തുന്നത്.
ഇപ്പോഴിതാ പ്രണയ ദിനത്തില്‍ തങ്ങളുടെ പ്രണയത്തെ കുറിച്ചും തങ്ങളെ ഒരുമിപ്പിച്ച പുസ്തകങ്ങളെ കുറിച്ചും വെളിപ്പെടുത്തുകയാണ് പൃഥ്വിരാജ്. ഒരു അഭിമുഖത്തിലാണ് നടന്‍ ഇക്കാര്യം തുറന്ന് പറഞ്ഞത്. ഒരു റൊമാന്റിക് ചിത്രത്തിന് സമാനമായ ഒരു ലവ് സ്റ്റോറിയായിരുന്നുവെന്നും വായനയാണ് ഇരുവരേയും തമ്മില്‍ അടുപ്പിച്ചതെന്നും താരം പറയുന്നു.
ബിബിസിയില്‍ റിപ്പോര്‍ട്ടായിരുന്ന സുപ്രിയ ഒരിക്കല്‍ തെന്നിന്ത്യന്‍ സിനിമയെ കുറിച്ച് ഒരു ഫീച്ചര്‍ ചെയ്യുന്നതിന്റെ ഭാഗമായിട്ടായിരുന്നു എന്നെ ആദ്യം വിളിച്ചത്. ആ സമയത്ത് ഷാരൂഖ് ഖാന്റെ ഡോണ്‍ എന്ന ചിത്രം കണ്ട് കൊണ്ടിരിക്കുകയായിരുന്നു ഞാന്‍. അടുത്ത ദിവസം ഞാന്‍ വിളിച്ചപ്പോള്‍ സുപ്രിയയും അതേ സിനിമ കണ്ട് കൊണ്ടിരിക്കുകയാണ് തിരിച്ച് വിളിക്കാമെന്ന് പറഞ്ഞു. ആ സിനിമയെ കുറിച്ച് ഞങ്ങള്‍ക്ക് പറയാനുണ്ടായിരുന്നത് ഒരേ കാര്യമായിരുന്നു. പിന്നീട് സംസാരിച്ച് തുടങ്ങിയപ്പോഴാണ് പുസ്തകങ്ങളിലും ഞങ്ങളുടെ ടേസ്റ്റ് ഒരുപോലെയാണെന്ന്. അയന്‍ റാന്‍ഡിന്റെ ‘The Fountainhead’ എന്ന പുസ്തകമായിരുന്നു രണ്ട് പേര്‍ക്കും ഇഷ്ടമുള്ള പുസ്തകം.
സിനിമ, പുസ്തകം തുടങ്ങിയവയെ കുറിച്ചുള്ള ആശയം പങ്കുവെക്കല്‍ ആണ് പ്രണയത്തിലേയ്ക്ക് എത്തിയതെന്നും പ്രണയത്തിന് പിന്നിലും ഒരു പുസ്തകമാണെന്നും പൃഥ്വി പറയുന്നു. ആ സമയത്ത് താന്‍ വായിച്ച് കൊണ്ടിരുന്ന ‘ശാന്താറാം’ എന്ന ഗ്രിഗറി റോബര്‍ട്ട്സ് പുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന ബോംബെയുടെ വര്‍ണനയില്‍ മയങ്ങിയതോടെ ആ സ്ഥലങ്ങള്‍ കാണാന്‍ സുപ്രിയയോട് ആഗ്രഹം പ്രകടിപ്പിച്ചു. മുംബൈയില്‍ താമസിച്ചിരുന്ന സുപ്രിയ അവിടേക്ക് കൊണ്ട് പോകാമെന്ന് വാക്കും കൊടുത്തിരുന്നു. ഹാജി അലി, ലിയോപോള്‍ഡ് കഫെ, എന്നിവയെല്ലാം ഇരുവരും ഒരുമിച്ച് പോയി കണ്ടുവെന്നും പൃഥ്വി പറഞ്ഞു.