Malayalam
അഭിനയരംഗത്തേയ്ക്കും ചുവടുവെയ്ക്കാനൊരുങ്ങി ശ്രേയാ ഘോഷാല്‍
അഭിനയരംഗത്തേയ്ക്കും ചുവടുവെയ്ക്കാനൊരുങ്ങി ശ്രേയാ ഘോഷാല്‍
നിരവധി ഹിറ്റ് ഗാനങ്ങളിലൂടെ ശബ്ദമാധൂര്യം കൊണ്ട് പ്രേക്ഷകരുടെ പ്രിയ ഗായികയായി മാറിയ ശ്രേയാ ഘോഷാല്‍ അഭിനയരംഗത്തേയ്ക്ക് ചുവടുവയ്ക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. ഇതിനു മുമ്പ് നിരവധി തവണ അഭിനയത്തിലേയ്ക്ക് കടക്കുന്നതിനെ കുറിച്ച് പലരും ചോദിച്ചിരുന്നു എങ്കിലും ശ്രേയ ഇതേകുറിച്ച് ഇതുവരെയും പ്രതികരിച്ചിരുന്നില്ല. എന്നാല്‍ അവസരങ്ങള്‍ സ്വാഭാവികമായി വന്നുചേര്‍ന്നാല്‍ അഭിനയത്തിലും ഒരു കൈ നോക്കാന്‍ തയ്യാറാണെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ ശ്രേയ പറഞ്ഞിരുന്നു. ബോളിവുഡിലേയ്ക്കാണ് ശ്രേയ അഭിനയിക്കുന്നതെന്നും പ്രഖ്യാപനം ഉടന്‍ ഉണ്ടാകും എന്നുമാണ് വിവരം. എന്നാല്‍ ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ പുറത്ത് വിട്ടിട്ടില്ല.
2002-ല്‍ പുറത്തിറങ്ങിയ സഞ്ജയ്ലീലാ ബന്‍സാലിയുടെ ദേവദാസ് എന്ന ചിത്രത്തിലൂടെയാണ് ശ്രേയാ ഘോഷാല്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. ഒരു സംഗീത റിയാലിറ്റി ഷോയില്‍ ശ്രേയയുടെ പാട്ട് കേട്ട് ഇഷ്ടമായ ബന്‍സാലിയുടെ അമ്മയാണ് മകനോട് ശ്രേയയ്ക്ക് ഒരവസരം നല്‍കാനാവശ്യപ്പെടുന്നത്. ഐശ്വര്യാ റായ് അവതരിപ്പിച്ച പാറോയ്ക്ക് ഒരു പുതുസ്വരം തേടി നടന്നിരുന്ന ബന്‍സാലിക്കും ശ്രേയയുടെ പാട്ട് ഇഷ്ടമാകുകയായിരുന്നു.
ദേവദാസില്‍ ശ്രേയ അഞ്ച് പാട്ടുകളാണ് പാടിയത്. ആദ്യ ചിത്രത്തില്‍ തന്നെ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരവും ഫിലിം ഫെയര്‍ പുരസ്കാരവും ശ്രേയ സ്വന്തമാക്കി. നാല് ദേശീയ പുരസ്കാരങ്ങളും ആറ് ഫിലിം ഫെയര്‍ പുരസ്കാരങ്ങളും കേരള, തമിഴ്നാട് സംസ്ഥാന പുരസ്കാരങ്ങളും താരം നേടിയിട്ടുണ്ട്. അമല്‍ നീരദ് സംവിധാനം ചെയ്ത ബിഗ് ബിയില്‍ അല്‍ഫോണ്‍സ് ജോസഫിന്റെ സംഗീതത്തില്‍ ‘വിടപറയുകയാണോ’ എന്ന ഗാനം പാടിക്കൊണ്ടാണ് മലയാളികളുടെ മനസ്സിലേയ്ക്കുള്ള ശ്രേയയുടെ വരവ്.
ബംഗാളിയില്‍ മുന്നൂറിലധികവും ഭോജ്പുരിയില്‍ നൂറോളവും ഹിന്ദിയില്‍ ആയിരത്തോളവും കന്നഡയില്‍ മുന്നൂറോളവും ഉറുദുവില്‍ പന്ത്രണ്ടും തെലുങ്കില്‍ ഇരുന്നൂറ്റിഅമ്പതിലധികവും തമിഴില്‍ ഇരുന്നൂറോളവും പഞ്ചാബിയില്‍ ഇരുപത്തിയഞ്ചിലധികവും മറാത്തിയില്‍ എഴുപതോളവും സിനിമാഗാനങ്ങള്‍ ഇതിനകം പാടിക്കഴിഞ്ഞ ശ്രേയാ ഘോഷാല്‍ മലയാളത്തില്‍ നൂറിലധികം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.
