Malayalam
ട്രെയിനിനു മുന്നില്‍ ചാടാന്‍ നിന്ന എന്നെ മമ്മൂക്ക പിടിച്ചു മാറ്റി! പിന്നീട് നോക്കിയപ്പോള്‍ കണ്ടത് ദൂരെ മാറി നിന്ന് പൊട്ടിക്കരയുന്ന മമ്മൂക്കയെ ആണ്
ട്രെയിനിനു മുന്നില്‍ ചാടാന്‍ നിന്ന എന്നെ മമ്മൂക്ക പിടിച്ചു മാറ്റി! പിന്നീട് നോക്കിയപ്പോള്‍ കണ്ടത് ദൂരെ മാറി നിന്ന് പൊട്ടിക്കരയുന്ന മമ്മൂക്കയെ ആണ്
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ജയറാം. നിരവധി ചിത്രങ്ങളിലൂടെ കുടുംബപ്രേക്ഷകരുടെ മനം കീഴടക്കിയ അദ്ദേഹം വളരെപ്പെട്ടെന്ന് തന്നെ മലയാള സിനിമയുടെ മുന്‍ നിര നായകന്മാര്ക്കൊപ്പം എത്താന്‍ ജയറാമിന് സാധിച്ചിരുന്നു. മലയാളത്തിന് പുറമെ അന്യഭാഷാ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങളിലാണ് ജയറാം എത്തിയത്. ഇപ്പോഴിതാ നടന് മമ്മൂട്ടിയ്ക്ക് ഒപ്പമുള്ള മറക്കാനാവാത്ത അനുഭവം പങ്കുവെച്ചിരിക്കുകയാണ് ജയറാം. സത്യന് അന്തിക്കാടിന്റെ സംവിധാനത്തിലൊരുങ്ങിയ അര്‍ത്ഥം എന്ന സിനിമയുടെ ചിത്രീകരണത്തിനിടയുണ്ടായ സംഭവമാണ് അദ്ദേഹം തുറന്നു പറഞ്ഞിരിക്കുന്നത്.
എന്റെ കഥാപാത്രം റെയില്‍വേ ട്രാക്കില്‍ ആത്മഹത്യ ചെയ്യാന്‍ വരുമ്പോള്‍ അവിടെ നിന്നു എന്നെ മമ്മുക്കയുടെ കഥാപാത്രം രക്ഷപ്പെടുത്തി മാറ്റുന്നതാണ് ഷൂട്ട് ചെയ്യേണ്ടത്. കൊല്ലം കൊട്ടാരക്കര ചെങ്കോട്ട റൂട്ടില്‍ ഓടുന്ന ട്രെയിന്‍ മുന്നിലായിരുന്നു എന്നെയും കൊണ്ടുള്ള മമ്മുക്കയുടെ സാഹസികപ്രകടനം. വളരെ റിസ്ക് എടുത്തു ചിത്രീകരിച്ച രംഗമാണത്. ആ സീന്‍ ചെയ്യും മുമ്പ് മമ്മുക്ക വല്ലാതെ ടെന്‍ഷനായി. രാത്രിയായതിനാല്‍ ട്രെയിന്റെ മുന്നിലെ ലൈറ്റ് മാത്രമേ വ്യക്തമായി തെളിയൂ. ട്രെയിന്‍ മുന്നില്‍ ചാടാന്‍ നില്ക്കുന്ന എന്നെ പിടിച്ചു മാറ്റാന്‍ റെഡിയായി നില്ക്കുന്ന മമ്മുക്കയുടെ കൈകള്‍ വിറയ്ക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. എന്തായാലും മമ്മുക്ക എന്നെ കറക്ട് ടൈമിംഗില്‍ പിടിച്ചു മാറ്റി. അതിനു ശേഷം മമ്മുക്ക കൊച്ചുകുട്ടികളെ പോലെ മാറി നിന്ന് കരയുന്നതാണ് ഞാന്‍ കണ്ടത് എന്നും ജയറാം പറയുന്നു.
ലൈവ് ആയി ഓടുന്ന ഒരു ട്രെയിനിലെ എഞ്ചിന് ഡ്രൈവറുമായി ബന്ധപ്പെട്ട് , ടൈമിംഗ് ഒക്കെ വ്യക്തമായി മനസ്സിലാക്കിയാണ്
ഷൂട്ട് പ്ലാന്‍ ചെയ്തിരുന്നത്. സംവിധായകന് സത്യന് അന്തിക്കാടിനോട് എഞ്ചിന് ഡ്രൈവര്‍ ചില നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. ട്രെയിന്‍ എത്തുന്നതിനു മുന്‍പ് തന്നെ, ഏര്‍പ്പാടുകളൊക്കെ ചെയ്ത്, അബദ്ധം ഒന്നും സംഭവിക്കാതെ ഷൂട്ട് ചെയ്യണം എന്നായിരുന്നു അയാള്‍ പറഞ്ഞത്. കാരണം, റെയില്‍വേയുടെ ഭാഗത്ത് നിന്നുള്ള അനുവാദം വാങ്ങാതെയാണ്, അത്തരമൊരു രംഗം ചെയ്യാന്‍ ടീം തയ്യാറായത്. ട്രെയിന്‍ എത്തും എന്ന് പറഞ്ഞ സമയമായി. ഞങ്ങള്‍ രണ്ടാളും സ്പോട്ടില്‍ എത്തി. സത്യന് അന്തിക്കാട് അവര്‍ക്ക് രംഗം വിവരിച്ചു കൊടുത്തു. വിശദാംശങ്ങള്‍ മനസ്സിലാക്കിയ മമ്മൂക്ക , എനിക്ക് ചില സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ നല്കി. ഒപ്പം ”പേടിക്കാതെടാ, എല്ലാം ഭംഗിയാകും” എന്ന് പറയുകയും ചെയ്തു. രണ്ടും പേരും പൊസിഷന്‍ ചെയ്തു നിന്ന സമയം മുതല്‍ , മമ്മൂക്ക എന്റെ കയ്യില്‍ പിടിച്ചു കൊണ്ട്, പറഞ്ഞത് തന്നെ ആവര്‍ത്തിച്ചു കൊണ്ടിരുന്നു.
സമയം അടുക്കുന്തോറും, മമ്മൂക്കയുടെ കൈകള്‍ വിറയ്ക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലാക്കി. ഒപ്പം ആളിന്റെ മുഖ ഭാവവും മാറിത്തുടങ്ങി. സര്‍വ്വത്ര ടെന്‍ഷന്‍ ! അടുത്ത് നില്‍ക്കുന്നത് കൊണ്ട് , എനിക്ക് മാത്രമാണ് അത് അറിയാന്‍ സാധിച്ചത്. ട്രെയിന്‍ എത്താറായപ്പോള്‍, സംവിധായകന് സ്റ്റാര്‍ട്ട് പറഞ്ഞ് റെഡിയായി. ട്രെയിന്‍ എത്തി. പാളത്തില്‍ നില്ക്കുന്ന എന്നെ മമ്മുക്ക ശക്തിയായി പിടിച്ചു മാറ്റിയതും, സെക്കന്റുകളുടെ വ്യത്യാസത്തില്‍ ട്രെയിന്‍ കടന്നു പോയി. സെറ്റ് മുഴുവന്‍ കയ്യടിയും, ആര്‍പ്പു വിളികളും. ഷൂട്ടിങ്ങ് കാണാന്‍ നിന്ന കാണികളും അത് ആവര്‍ത്തിച്ചു. പ്രതീക്ഷിച്ചതിനേക്കാളും, നന്നായി ചെയ്യാന്‍ സാധിച്ച സന്തോഷത്തില്‍ ഞാന്‍ മമ്മൂട്ടിയെ നോക്കി. പുള്ളിക്കാരനെ അവിടെ കാണാനില്ല. ചുറ്റും കണ്ണോടിച്ച ഞാന്‍ കണ്ടത് , ദൂരെ മാറി നിന്ന് പൊട്ടിക്കരയുന്ന മമ്മൂട്ടിയെയായിരുന്നു. സംവിധായകന് ഉള്‍പ്പെടെ എല്ലാവരും അത് കണ്ടു. എല്ലാവരും കുറച്ചു നേരത്തേയ്ക്ക് സ്തബ്ധരായിപ്പോയി. അപ്പോഴാണ്, എനിക്ക് മനസ്സിലായത്, പുറമേ ദേഷ്യക്കാരനാണെങ്കിലും , ഉള്ളില്‍ എത്രത്തോളം നിഷ്ക്കളങ്കനാണ് മമ്മൂട്ടി എന്ന സത്യം എന്നും ജയറാം പറയുന്നു.
