Malayalam
‘സൂഫി’യുടെ നായികയായി തെന്നിന്ത്യന്‍ നടി സാമന്ത എത്തുന്നു; ആകാംക്ഷയോടെ ആരാധകര്‍
‘സൂഫി’യുടെ നായികയായി തെന്നിന്ത്യന്‍ നടി സാമന്ത എത്തുന്നു; ആകാംക്ഷയോടെ ആരാധകര്‍
അദിതി റാവുവും ജയസൂര്യയും കേന്ദ്രകഥാപാത്രങ്ങളായി എത്തി ഏറെ ജനശ്രദ്ധ നേടിയ ചിത്രമായിരുന്നു ‘സൂഫിയും സുജാതയും’. സാധാരണ പ്രണയ കഥകളില്‍ നിന്നും വ്യത്യസ്തമായി, പ്രണയം എന്ന വികാരത്തെ ചിത്രത്തിലുടനീളം മനോഹരമാക്കി പ്രതിഫലിപ്പിക്കുവാന്‍ നരണിപ്പുഴ ഷാനവാസ് എന്ന സംവിധായകന് കഴിഞ്ഞു എന്നതായിരുന്നു ചിത്രത്തിന്റെ വിജയം.
ഇപ്പോഴിതാ സൂഫി എന്ന ടൈറ്റില്‍ റോളില്‍ എത്തിയ ദേവ് മോഹന്റെ നായികയായി തെന്നിന്ത്യന്‍ നടി സാമന്ത എത്തുന്നു എന്നുള്ള വാര്‍ത്തകളാണ് പുറത്തു വരുന്നത്. പുരാണകഥയെ ആസ്പദമാക്കി സംവിധായകനും തിരക്കഥാകൃത്തുമായ ഗുണശേഖര്‍ ഒരുക്കുന്ന ‘ശാകുന്തളം’ എന്ന ചിത്രത്തിലാണ് ദേവ് നായകനായി എത്തുന്നത്. ശകുന്തളയായാണ് സാമന്ത വേഷമിടുന്നത്. ശകുന്തളയുടെ വീക്ഷണകോണില്‍ നിന്നുള്ളതായിരിക്കും ചിത്രം. കാളിദാസന്റെ രചനയിലെ ഇതിഹാസ പ്രണയ കഥ സിനിമയാകുമ്പോള്‍ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
വിജയ് ബാബുവിന്റെ നിര്‍മ്മണത്തില്‍ നരണിപ്പുഴ ഷാനവാസ് സംവിധാനം ചെയ്ത ചിത്രം ലോക്ഡൗണില്‍ ഒടിടിയില്‍ എത്തിയ ആദ്യ മലയാള ചിത്രമായിരുന്നു സൂഫിയും സുജാതയും. ചിത്രം റിലീസ് ചെയ്ത് കുറച്ച് മാസങ്ങള്‍ക്ക് ശേഷം സംവിധായകന് ഷാനവാസ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ടിരുന്നു. ‘ഒരു ആയുഷ്കാലത്തേക്കുള്ള ഓര്‍മ്മകളും എന്നോട് പറഞ്ഞ കുറെ കഥകളും ബാക്കിയാക്കി അവന് പോയി നമ്മുടെ സൂഫി…’ എന്നാണ് നടന് വിജയ് ബാബു ഫേസ്ബുക്കില്‍ കുറിച്ചത്.
സംവിധായകന്, തിരക്കഥാകൃത്ത് എന്നതിന് പുറമെ മികച്ച എഡിറ്റര്‍ കൂടിയായിരുന്നു ഷാനവാസ്. 2015ല്‍ കരി എന്ന ചിത്രം സംവിധാനം ചെയ്തിരുന്നു. ഈ ചിത്രം ഏറെ നിരൂപക ശ്രദ്ധ പിടിച്ചു പറ്റി. കൂടാതെ ഒട്ടനവധി ചലച്ചിത്രോത്സവങ്ങളില്‍ പ്രദര്‍ശിപ്പിക്കുകയും നിരവധി പുരസ്കാരങ്ങള്‍ക്ക് അര്‍ഹമാവുകയും ചെയ്തിരുന്നു. പുതിയ സിനിമയുമായി ബന്ധപ്പെട്ട തിരക്കുകളില്‍ അട്ടപ്പാടിയില്‍ ആയിരിക്കവെയാണ് ഷാനവാസിന് ഹൃദയാഘാതം സംഭവിച്ചത്.
