Malayalam
ബാക്കി വര്‍ത്തമാനം ‘വര്‍ത്തമാനം’ പറയും’; സിദ്ധാര്‍ത്ഥ് ശിവയുടെ വര്ത്തമാനത്തിന് പ്രദര്‍ശനാനുമതി നല്കി സെന്‍സര്‍ ബോര്‍ഡ്
ബാക്കി വര്‍ത്തമാനം ‘വര്‍ത്തമാനം’ പറയും’; സിദ്ധാര്‍ത്ഥ് ശിവയുടെ വര്ത്തമാനത്തിന് പ്രദര്‍ശനാനുമതി നല്കി സെന്‍സര്‍ ബോര്‍ഡ്
വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും ഒടുവില്‍ സിദ്ധാര്‍ത്ഥ് ശിവയുടെ ‘വര്‍ത്തമാനം’ എന്ന സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്കി സെന്‍സര്‍ ബോര്‍ഡ്. എന്നാല്‍ ചെറിയ മാറ്റങ്ങള്‍ ചിത്രത്തിനുണ്ട്. മുംബൈ സെന്‍സര്‍ റിവിഷന്‍ കമ്മിറ്റിയാണ് സിനിമയ്ക്ക് പ്രദര്‍ശനാനുമതി നല്‍കിയത്. ദേശവിരുദ്ധവും മതസൗഹാര്‍ദം തകര്‍ക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം എന്നു ചൂണ്ടിക്കാട്ടിയായിരുന്നു പ്രദര്‍ശനാനുമതി നിഷേധിച്ചത്. സിനിമയുടെ പ്രമേയം രാജ്യവിരുദ്ധമാണെന്ന് സെന്‍സര്‍ ബോര്‍ഡ് അംഗവും ബിജെപി നേതാവുമായ വി സന്ദീപ് കുമാര്‍ ട്വിറ്ററിലൂടെ അഭിപ്രായപ്പെടുകയും ചെയ്തിരുന്നു. ഇതോടെയാണ് വിവാദങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നു വന്നത്.
സിനിമയ്ക്ക് പ്രദര്‍ശനാനുമതി ലഭിച്ചതില്‍ ചിത്രത്തിന്റെ തിരക്കഥാകൃത്ത് ആര്യാടന് ഷൗക്കത്ത് സന്തോഷം പങ്കുവച്ച് എത്തി. മതേതര മനസുകളുടെ പോരാട്ടത്തിന്റെ വിജയം കൂടിയാണ് ഇതെന്നും ആര്യാടന് ഷൗക്കത്ത് സോഷ്യല്‍ മീഡിയയിലൂടെ പങ്ക് വെച്ചു. വര്ത്തമാനത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചതിനെക്കുറിച്ച് സെന്‍സര്‍ ബോര്‍ഡ് അംഗമായ ബിജെപി നേതാവ് വി സന്ദീപ് കുമാറിന്റെ പരാമര്‍ശത്തിനെതിരെ ആര്യാടന് ഷൗക്കത്ത് ശക്തമായി തന്നെ രംഗത്തെത്തിയിരുന്നു.
‘രചയിതാവിന്റെ കുലവും ഗോത്രവും നോക്കി സിനിമയുടെ വിധി നിര്‍ണയിച്ചവര്‍ അറിയുക, മലയാള ചലച്ചിത്ര ആവിഷ്ക്കാരെ ശൈലിയെ ബഹുമാനിക്കുന്ന ചിലരെങ്കിലും രാജ്യത്തുണ്ടെന്ന്. ബാക്കി വര്‍ത്തമാനം ‘വര്‍ത്തമാനം’ തന്നെ നിങ്ങളോട് പറയും. മതേതര മനസുകളുടെ പോരാട്ടത്തിന്റെ വിജയം കൂടിയാണിത്. പിന്തുണച്ച എല്ലാവര്ക്കും നന്ദി’ എന്നാണ് ആര്യാടന് ഷൗക്കത്ത് കുറിച്ചിരിക്കുന്നത്.
