Malayalam
അന്ന് അദ്ദേഹത്തിന്റെ ഉപദേശം കേട്ടിരുന്നേല്‍ ജീവിതം എപ്പോഴേ മാറി മറിഞ്ഞേനെ; കുരങ്ങിന്റെ ചിന്തയുള്ള എനിക്ക് അത് സ്വീകാര്യമായിരുന്നില്ല
അന്ന് അദ്ദേഹത്തിന്റെ ഉപദേശം കേട്ടിരുന്നേല്‍ ജീവിതം എപ്പോഴേ മാറി മറിഞ്ഞേനെ; കുരങ്ങിന്റെ ചിന്തയുള്ള എനിക്ക് അത് സ്വീകാര്യമായിരുന്നില്ല
2020 എന്ന വര്‍ഷം ദുരന്തങ്ങളുടെ വര്‍ഷമായിരുന്നു എന്ന് തന്നൊയണ് എല്ലാവരുടെയും അഭിപ്രായം. എല്ലാവരുടെയും ജീവിതം മാറ്റി മറിച്ച ഈ വര്‍ഷം എങ്ങനെ എങ്കിലും ഒന്ന് കഴിഞ്ഞു പോയാല്‍ മതി എന്നാണ് എല്ലാവരും ചിന്തിച്ചതും. അതുകൊണ്ടു തന്നെ പുത്തന്‍ വര്‍ഷത്തെ ഏറെ പ്രതീക്ഷയോടു കൂടിയും അതിനേക്കാള്‍ ഉപരി സന്തോഷത്തോടെയും തന്നെയാണ് എല്ലാവരും വരവേറ്റത്. 2021 നെ വരവേറ്റുകൊണ്ടുള്ള താരങ്ങളുടെ പുതുവത്സര ആശംസകളും പരിപാടികളും കൊണ്ട് നിറഞ്ഞു നില്‍ക്കുകയാണ് സോഷ്യല്‍ മീഡിയ പേജുകള്‍. നിരവധി താരങ്ങളാണ്് പുതുവര്‍ഷത്തില്‍ ആശംസകള്‍ നേര്‍ന്നും പോയവര്‍ഷത്തിലെ ഓര്‍മ്മകളും പങ്ക് വെച്ച് എത്തിയത്.
2021 ലെ ആദ്യത്തെ ഫോട്ടോകള്‍ പോസ്റ്റ് ചെയ്യുന്ന സെലിബ്രിറ്റികള്‍ക്കിടയില്‍ പ്രിയതാരം അമലാ പോളും എത്തിയിരുന്നു. 2021 ലെ താരത്തിന്റെ പോസ്റ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയമായിരിക്കുകയാണ് ഇപ്പോള്‍. ആത്മീയതയിലൂടെയാണ് താന്‍ 2021 ലേക്ക് കടന്നതെന്നാണ് അമല പറയുന്നത്. പത്ത് വര്‍ഷത്തിന് ശേഷം സദ്ഗുരുവിനെ കണ്ട സന്തോഷത്തെ കുറിച്ചും ആത്മീയതയെ കുറിച്ചും പറഞ്ഞുകൊണ്ടുള്ളതാണ് അമല പോളിന്റെ 2021 ലെ ആദ്യത്തെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. എന്റെ ആത്മീയ യാത്രയിലേക്കുള്ള ഒരു കഥയിലൂടെ 2021 തുടങ്ങുന്നു. എന്‍ജിനീയറിങിനെ കുറിച്ച് പഠിയ്ക്കുന്നതിനായി, എന്റെ പത്തൊന്‍പതാമത്തെ വയസ്സിലാണ് ഞാന്‍ ആദ്യമായി ഇഷ യോഗ സെന്ററില്‍ എത്തിയത്. അന്ന് എനിയ്ക്ക് സദ്ഗുരുവിനെ കാണാനും അദ്ദേഹത്തോട് മൂന്ന് ചോദ്യങ്ങള്‍ ചോദിക്കാനും ഉള്ള അവസരം ലഭിച്ചു. എന്റെ മൂന്ന് ചോദ്യങ്ങള്‍ക്കും ഉള്ള ഉത്തരം യോഗ ചെയ്യുക എന്നതാണെന്ന് സദ്ഗുരു പറഞ്ഞു. എന്നാല്‍ കുരങ്ങിന്റെ ചിന്തയുള്ള ഒരു കൗമാരക്കാരിയ്ക്ക് ആ ഉപദേശം അത്ര സ്വീകാര്യമായിരുന്നില്ല.
അദ്ദേഹം തന്റെ യോഗ പരിശീലനം വില്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് ഞാന്‍ കരുതി. ജീവിതം പിന്നെയും മുന്നോട്ട് പോയി. ഉയര്‍ച്ചകളും താഴ്ചകളും സംഭവിച്ചു. അപ്പോള്‍ ഞാന്‍ യോഗയുടെ ശക്തി മനസ്സിലാക്കി. അന്ന് അദ്ദേഹത്തിന്റെ ഉപദേശം ഗൗരവമായി എടുത്തിരുന്നെങ്കില്‍ എന്റെ ജീവിതം എപ്പോഴേ മാറി മറിഞ്ഞേനെ എന്ന് തിരിച്ചറിയുന്നു. എന്നിരുന്നാലും യാത്രയാണ് പ്രധാനം. കൃത്യം പത്ത് വര്‍ഷത്തിന് ശേഷം ഇന്ന് ഞാന്‍ അദ്ദേഹത്തെ വീണ്ടും കണ്ടു. എന്റെ ജീവിതം ഒരു പൂര്‍ണ വൃത്തത്തിലെത്തിയത് പോലെ തോന്നുന്നു. ഇത് ബോധപൂര്‍വ്വമായ ജീവിതത്തിന്റെയും ആത്മീയതയുടെയും മികച്ച തുടക്കമാണ്. എന്റെ വര്‍ഷം ആത്മീയതയോടെ ആരംഭിച്ചു, നിങ്ങളുടെയോ..? എല്ലാവര്‍ക്കും വളരെ സന്തോഷം നിറഞ്ഞ പുതുവത്സരാശംസകള്‍. നിങ്ങള്‍ ഓരോരുത്തര്‍ക്കും സമാധാനവും സമ്പന്നവുമായ ഒരു വര്‍ഷം നേരുന്നു എന്നും അമല പോള്‍ പറയുന്നു.
ഫോട്ടോ ഷൂട്ടിനായി പകര്‍ത്തിയ ചിത്രം ദുരുപയോഗം ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി അമലാ പോള്‍ രംഗത്തെത്തിയത് ഏറെ വാര്‍ത്തയായിരുന്നു. ഗായകന്‍ ഭവ്‌നിന്ദര്‍ സിംഗ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച ചിത്രമാണ് വിവാദമായത്. സമൂഹ മാധ്യമങ്ങളില്‍ അമലാ പോളിന്റെ രണ്ടാമത്തെ വിവാഹം കഴിഞ്ഞുവെന്ന രീതിയില്‍ ചിത്രങ്ങള്‍ പ്രചരിച്ചിരുന്നത്.എന്നാല്‍ തന്റെ അനുമതി ഇല്ലാതെയാണ് ഭവ്‌നിന്ദര്‍ ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചതെന്നാണ് അമലാ പോള്‍ പറയുന്നത്. ചിത്രങ്ങള്‍ വൈറലായതോടെ ഭവ്‌നിന്ദര്‍ ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു. ആടൈ സിനിമയുടെ പ്രമോഷന്‍ സമയത്ത് താന്‍ പ്രണയത്തിലാണെന്ന് അമല പോള്‍ വെളിപ്പെടുത്തിയിരുന്നു. സിനിമകള്‍ തിരഞ്ഞെടുക്കുമ്പോള്‍ അയാളുമായി ചര്‍ച്ച ചെയ്യാറുണ്ടെന്നും ‘ആടൈ’ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ ആദ്യം പറഞ്ഞത് അദ്ദേഹത്തോടായിരുന്നു എന്നും അമല പറഞ്ഞിരുന്നു. അമലയുടെ കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു ആടൈ. സംവിധായകന്‍ എഎല്‍ വിജയുമായി 2014ലാണ് അമല പോളിന്റെ വിവാഹം കഴിഞ്ഞത്. ഒത്തുപോകില്ലെന്ന് ബോധ്യമായതിനെ തുടര്‍ന്ന് 2017ല്‍ ഇരുവരും വിവാഹമോചിതരായി. പിന്നീട് സിനിമാ രംഗത്ത് കൂടുതല്‍ സജീവമാകുകയായിരുന്നു നടി.
