News
‘ഇനിയിപ്പോള്‍ മുകേഷിനെയും ഹരിശ്രീ അശോകനെയും കൂടി ബഹിഷ്ക്കരിക്കുമല്ലോ”; പരസ്യത്തിന് വിമര്‍ശനങ്ങളുടെ പെരുമഴ
‘ഇനിയിപ്പോള്‍ മുകേഷിനെയും ഹരിശ്രീ അശോകനെയും കൂടി ബഹിഷ്ക്കരിക്കുമല്ലോ”; പരസ്യത്തിന് വിമര്‍ശനങ്ങളുടെ പെരുമഴ
മുകേഷ് അഭിനയിച്ച കിറ്റെക്സിന്റെ പരസ്യത്തിന് വിമര്‍ശനങ്ങളുമായി സോഷ്യല്‍ മീഡിയ. സിപിഐഎം സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെയാണ് പരസ്യം പുറത്തിറങ്ങിയത്. കൊല്ലം മണ്ഡലത്തിലാണ് ഇത്തവണയും മുകേഷ് മത്സരിക്കുന്നത്. ക്രോണിക് ബാച്ചിലര്‍ എന്ന സിനിമയിലെ രംഗങ്ങളോട് സാമ്യമുള്ള പരസ്യത്തില്‍ മുകേഷും ഹരിശ്രീ അശോകനുമാണ് അഭിനയിച്ചിരിക്കുന്നത്.
‘ ഹോ 20-20 പാര്‍ട്ടി ഉണ്ടാക്കിയ കമ്പനിയുടെ എല്ലാ സാധനങ്ങളും ബഹിഷ്ക്കരിക്കണം എന്ന് ആഹ്വാനം ചെയ്ത അന്തങ്ങള്‍ ഇനിയിപ്പോള്‍ മുകേഷിനെയും ഹരിശ്രീ അശോകനെയും കൂടി ബഹിഷ്ക്കരിക്കുമല്ലോ” എന്നാണ് ഒരു കമന്റ്. 2015 മുതല്‍ പ്രദേശിക തലത്തില്‍ ട്വന്റി ട്വന്റിയുമായി കടുത്ത പ്രതിഷേധത്തിലാണ് സിപിഐഎം. ട്വന്റി ട്വന്റിയുടെയും കിറ്റക്സിന്റെയും യാതൊരു സംരഭങ്ങളുമായി സഹകരിക്കില്ലെന്ന നിലപാടിലാണ് കിഴക്കമ്പലം പാര്‍ട്ടി പ്രവര്‍ത്തകര്‍.
പഞ്ചായത്ത് ഭരണം കിറ്റെക്സിന്റെ നേതൃത്വത്തിലുള്ള സ്വകാര്യ ഗ്രൂപ്പ് ഏറ്റെടുത്തതു മുതല്‍ ജനാധിപത്യത്തിന് വിലങ്ങുതടിയാവുന്ന ഇത്തരം ഗ്രൂപ്പുകളെ പിന്തുണയ്ക്കരുതെന്നും കിറ്റെക്സ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്ക്കരിക്കണമെന്നും സിപിഐഎം നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ട്വന്റി ട്വന്റിക്കെതിരെ നിലപാട് കടുപ്പിക്കാനുള്ള തീരുമാനത്തിലാണ് സിപിഐഎം. ഇതിനിടെയാണ് പാര്‍ട്ടി എംഎല്‍എ തന്നെ കിറ്റക്സിന്റെ പരസ്യത്തില്‍ അഭിനയിച്ചിരിക്കുന്നത്.
