Malayalam
ജയസൂര്യയുടെ സ്നേഹക്കൂടില്‍ വീണ്ടും വീടൊരുങ്ങി; നേരിട്ടെത്തി താക്കോല്‍ കൈമാറി താരം
ജയസൂര്യയുടെ സ്നേഹക്കൂടില്‍ വീണ്ടും വീടൊരുങ്ങി; നേരിട്ടെത്തി താക്കോല്‍ കൈമാറി താരം
ജയസൂര്യയുടെ ഭവനപദ്ധതിയായ സ്നേഹക്കൂടില്‍ മുളന്തുരുത്തിയിലെ കുടുംബത്തിന് വീടൊരുങ്ങി. നിര്‍ധന കുടുംബങ്ങള്‍ക്ക് വീട് വച്ചു നല്‍കാനുള്ള ‘സ്നേഹക്കൂട്’ പദ്ധതിയിലൂടെ കൈമാറുന്ന രണ്ടാമത്തെ വീടാണിത്. കൊച്ചി മുളന്തുരുത്തി കാരിക്കോട് സ്വദേശികളായ കണ്ണന് സരസ്വതി ദമ്പതികള്‍ക്കാണ് ഇത്തവണ വീടൊരുങ്ങിയത്. ജയസൂര്യ തന്നെ നേരിട്ടെത്തി താക്കോല്‍ ഏല്‍പ്പിക്കുകയായിരുന്നു.
കൊച്ചി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ന്യൂറ പാനല്‍ എന്ന കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പ്രളയകാലത്ത് വീടു നഷ്ടപ്പെട്ടവര്‍ക്ക് കുറഞ്ഞ ചെലവില്‍ വീട് നിര്‍മിച്ചു നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയതും ന്യൂറ പാനല്‍ ആയിരുന്നു. സ്വന്തമായി ഭൂമിയുള്ളവര്‍ക്കാണ് നിലവിലിപ്പോള്‍ വീട് നിര്‍മിച്ചു നല്‍കുന്നത്. സര്‍ക്കാരിന്റെ ലൈഫ് മിഷന് പദ്ധതിയുടെ ആനുകൂല്യം ലഭിക്കാത്തവരുമായിരിക്കണം.
രണ്ടു ബെഡ്റൂമും അടുക്കളയും ഹാളും ബാത്ത്റൂമും ഉള്ള 500 ചതുരശ്ര അടിയുള്ള വീടാണ് നിര്‍മിച്ചു നല്‍കുന്നത്. ഏകദേശം ആറുലക്ഷം രൂപയോളമാണ് ഇതിന്റെ നിര്‍മാണ ചെലവ്. കനം കുറഞ്ഞ കോണ്‍ക്രീറ്റ് പാനല്‍ കൊണ്ടാണ് വീടുകളുടെ നിര്‍മാണം. പദ്ധതിയുടെ ഭാഗമായി ഓരോ വര്‍ഷവും അഞ്ചു വീടുകള്‍ നിര്‍മിച്ചു നല്‍കാനാണ് ജയസൂര്യയുടെ തീരുമാനം. പദ്ധതിയിലെ ആദ്യത്തെ വീട് രാമംഗലത്തുള്ള ഒരു സ്ത്രീക്കും അവരുടെ ഭിന്നശേഷിക്കാരനായ മകനും നിര്‍മിച്ചു നല്‍കിയിരുന്നു. സെപ്റ്റംബര്‍ മാസത്തിലായിരുന്നു തുടക്കം. 18 ദിവസം കൊണ്ടാണ് ആദ്യ വീടിന്റെ പണി പൂര്‍ത്തിയാക്കിയത്.
