Malayalam
വിജയ് ബാബുവിനെതിരെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ വനിതകള്‍; പ്രസിഡന്റ് മോഹന്‍ലാല്‍ വാക്കാല്‍ സമ്മതം നല്കി; വിജയ് നടപടി സ്വീകരിക്കാനൊരുങ്ങി ‘അമ്മ’
വിജയ് ബാബുവിനെതിരെ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ വനിതകള്‍; പ്രസിഡന്റ് മോഹന്‍ലാല്‍ വാക്കാല്‍ സമ്മതം നല്കി; വിജയ് നടപടി സ്വീകരിക്കാനൊരുങ്ങി ‘അമ്മ’
കഴിഞ്ഞ ദിവസമായിരുന്നു നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ ഗുഗുതര പീഡന ആരോപണവുമായി നടി രംഗത്തെത്തിയത്. ഇപ്പോഴിതാ ഈ കേസില്‍ നടന് വിജയ് ബാബുവിനെതിരെ നടപടി സ്വീകരിക്കാനൊരുങ്ങിയിരിക്കുകയാണ് താരസംഘടന ‘അമ്മ’. വിജയ് ബാബുവിനെ അടുത്ത ദിവസം അമ്മ ഭാരവാഹിത്വത്തില്‍ നിന്നും നീക്കിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
നടനെതിരെയുള്ള നടപടിയ്ക്ക് സംഘടനാ പ്രസിഡന്റ് മോഹന്‍ലാല്‍ വാക്കാല്‍ സമ്മതം നല്‍കിയതായും വിവരമുണ്ട്. വിജയ് ബാബുവിനെതിരെയുള്ള നടപടിയ്ക്കായി അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ വനിതകള്‍ ഒറ്റക്കെട്ടായി ആവശ്യം ഉന്നയിച്ചിട്ടുണ്ട്. വിഷയത്തില്‍ വിശദീകരണത്തിനായി വിജയ് ബാബു ഒരു ദിവസം ആവശ്യപ്പെട്ടിരുന്നു. ഈ സമയപരിധി തീരുന്ന സാഹചര്യത്തിലാണ് സംഘടന നടപടിയ്ക്ക് ഒരുങ്ങുന്നത്.
അതേസമയം വിജയ് ബാബു മുന്‍കൂര്‍ ജാമ്യത്തിനായി ജാമ്യം തേടി കോടതിയെ സമീപിച്ചിട്ടുണ്ട്. താനുമായി ബന്ധം സ്ഥാപിച്ച് ബ്ലാക്ക് മെയില്‍ ചെയ്യാനും സിനിമയില്‍ കൂടുതല്‍ അവസരം നേടാനുമാണ് പരാതിക്കാരി ലക്ഷ്യമിട്ടതെന്ന് വിജയ് ബാബു ജാമ്യാപേക്ഷയില്‍ ആരോപിക്കുന്നു. താന്‍ നിര്‍മ്മിച്ച ഒരു ചിത്രത്തില്‍ നേരിട്ട് അവസരം ചോദിച്ചപ്പോള്‍ ഓഡിഷനില്‍ പങ്കെടുക്കാനാണ് പരാതിക്കാരിയോട് നിര്‍ദ്ദേശിച്ചത്.
ഓഡിഷനിലൂടെ കഥാപാത്രം ലഭിച്ച ശേഷം നടി കൂടുതല്‍ ബന്ധം സ്ഥാപിക്കാന്‍ ശ്രമിച്ചെന്നും ജാമ്യഹര്‍ജിയില്‍ വിജയ് ബാബു പറയുന്നു. പരാതിക്കാരി രാത്രി വൈകി വിളിക്കുകയും ആയിരക്കണക്കിന് മെസ്സേജുകള്‍ അയക്കുകയും ചെയ്തിരുന്നു. എന്റെ കുടുംബ പശ്ചാത്തലത്തേക്കുറിച്ച് അവര്‍ക്ക് വ്യക്തമായ അറിവുണ്ടായിരുന്നു. ഞാനുമായി ബന്ധം തുടരാന്‍ പരാതിക്കാരി നിരന്തരം പ്രയത്നിച്ചുകൊണ്ടിരുന്നു എന്നും വിജയ് ബാബു മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ആരോപിച്ചു.
