സിനിമയുടെ അവസാനം കാണിച്ചത് എനിക്കും സര്‍പ്രൈസ് ആയിരുന്നു;സംവിധായകനെ വിളിച്ച് അതിനെ പറ്റി നിങ്ങള്‍ എന്നോടൊന്നും പറഞ്ഞില്ലല്ലോയെന്ന് ചോദിച്ചു ; കെ.ജി.എഫ് മൂന്നാം ഭാഗത്തെ പറ്റി ശ്രീനിധി ഷെട്ടി!
യഷിനെ നായകനാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത കെ.ജി.എഫ്. ചാപ്റ്റര്‍ 2 സര്‍വ്വകാല റെക്കോഡുകളും തകര്‍ത്ത് ഇന്ത്യയൊട്ടാകെ പ്രദര്‍ശനം തുടരുകയാണ്. കര്‍ണാടകയില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന കന്നട സിനിമയെ അതിര്‍ത്തികള്‍ക്കപ്പുറം കൊണ്ടുപോയി വലിയ തരംഗം സൃഷ്ടിച്ചിരിക്കുകയാണ് പ്രശാന്ത് നീല്‍. മേക്കിങിന്റെ എല്ലാമേഖയിലും മികച്ചുനിന്നതാണ് കെ.ജി.എഫിനെ വ്യത്യസ്തമാക്കുന്നത്. കഥ, തിരക്കഥ, സംവിധാനം, അഭിനേതാക്കളുടെ പ്രകടനം, ഛായാഗ്രഹണം, എഡിറ്റിങ്… അങ്ങനെ എല്ലാ ഘടകങ്ങളും ഒത്തുചേര്‍ന്നപ്പോള്‍ കെ.ജി.എഫ്. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ വലിയ ഹിറ്റുകളിലൊന്നായി.
. ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ മൂന്നാം ഭാഗത്തെ പറ്റിയുള്ള ചര്‍ച്ചകളും തുടങ്ങിയിരുന്നു. ഇത് സംബന്ധിച്ച പല തിയറികളാണ് സിനിമാ ചര്‍ച്ചകളില്‍ ഉയര്‍ന്നത്.മൂന്നാം ഭാഗത്തിന്റെ സാധ്യതകള്‍ നല്‍കിക്കൊണ്ടാണ് രണ്ടാം ഭാഗം അവസാനിച്ചതും. മൂന്നാം ഭാഗം സംഭവിക്കുമോ എന്നതിനെ പറയുകയാണ് കെ.ജി.എഫ് നായിക ശ്രീനിധി ഷെട്ടി. തനിക്കും മൂന്നാം ഭാഗം സര്‍പ്രൈസാണെന്നും സംവിധായകനും നടനും പോലെ വളരെ കുറച്ച് പേര്‍ക്ക് മാത്രമേ മൂന്നാം ഭാഗത്തെ പറ്റി അറിയൂ എന്ന് ശ്രീനിധി പറഞ്ഞു.ഒരു ഓൺലൈൻ മീഡിയക്ക്അഭിമുഖത്തിലാണ് ശ്രീനിധി കെ.ജി.എഫ് മൂന്നാം ഭാഗത്തെ പറ്റി പറഞ്ഞത്.
‘സിനിമയുടെ അവസാനം കാണിച്ച ചാപ്റ്റര്‍ മൂന്ന് എനിക്കും സര്‍പ്രൈസ് ആയിരുന്നു. പ്രശാന്ത് നീലിനെ വിളിച്ചിട്ട് അതിനെ പറ്റി നിങ്ങള്‍ എന്നോടൊന്നും പറഞ്ഞില്ലല്ലോയെന്ന് ചോദിച്ചു. അദ്ദേഹം പറഞ്ഞത് സംവിധായകനും നടനും നിര്‍മാതാവിനും മാത്രമേ അതിനെ പറ്റി അറിയാമായിരുന്നുള്ളൂ എന്നാണ്. നമുക്കെല്ലാവര്‍ക്കുമായി അവര്‍ അതൊരു സര്‍പ്രൈസായി വെച്ചിരിക്കുകയായിരുന്നു.
അതൊരു പ്രതീക്ഷയുടെ നാളമാണ്. തിയേറ്ററില്‍ നിന്നും ജനങ്ങള്‍ ഇറങ്ങി പോകുമ്പോള്‍ അവര്‍ക്ക് കെ.ജി.എഫ് തീര്‍ന്നല്ലോ, നശിച്ചുപോയല്ലോ എന്നൊരു വിഷമം ഉണ്ടാവുന്നില്ല. ചാപ്റ്റര്‍ മൂന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷ കൊടുക്കുന്നുണ്ട്. പക്ഷേ അത് എന്ന് സംഭവിക്കുമെന്ന് എനിക്കറിയില്ല. ചിലപ്പോള്‍ കുറച്ചുകൂടി വര്‍ഷങ്ങളെടുത്തേക്കാം,’ ശ്രീനിധി പറഞ്ഞു.
അതേസമയം കളക്ഷന്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത് കെ.ജി.എഫ് കുതിപ്പ് തുടരുകയാണ്. 12 ദിവസം കൊണ്ട് കെ.ജി.എഫ് ചാപ്ടര്‍ 2 നേടിയത് 900 കോടിയാണ്. ഏതാനും ദിവസങ്ങള്‍ക്കകം ആര്.ആര് ഒരു മാസം കൊണ്ട് നേടിയ 1100 കോടിയെന്ന റെക്കോഡ് കെ.ജി.എഫ് തകര്‍ക്കും എന്നാണ് വിലയിരുത്തല്‍.
about KGF
